വളര്‍ത്തുനായ ആക്രമണം 11 പേര്‍ക്ക് കടിയേറ്റു

Thursday 8 February 2018 2:00 am IST

മരട്: വളര്‍ത്തുനായയുടെ കടിയേറ്റ് പ്രദേശത്തെ നഴ്‌സറി വിദ്യാര്‍ത്ഥിനിയടക്കം 11 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പേട്ട ഗാന്ധി സ്‌ക്വയറിന് സമീപം ജവഹര്‍ റോഡില്‍ താമസിക്കുന്നയാളുടെ വളര്‍ത്തുനായയാണ് റോഡില്‍ സഞ്ചരിച്ച 11 പേരെ കടിച്ചത്. ഇന്നലെ രാവിലെ 7 മുതലായിരുന്നു അക്രമം.

കളത്തിപ്പറമ്പില്‍ വിശ്വംഭരന്റെ രണ്ടു കോഴികളെ കൊന്നുകൊണ്ടാണ് നായയുടെ പരാക്രമം ആരംഭിച്ചത്. വീടുകളില്‍ നിന്നും മാലിന്യം എടുക്കാന്‍ വന്ന സാബു എന്നയാളെ ഓടിച്ചിട്ടു കടിച്ചു. പിന്നീട് വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് അയ്യങ്കാളി റോഡില്‍ കയറി പാടച്ചിറ മനോജ്-റെനി ദമ്പതികളുടെ നാലു വയസ്സുകാരിയായ മകള്‍ സിത്താരയുടെ തുടയില്‍ കടിച്ചു. ഇവരുടെ മൂത്ത മകന്‍ ഏഴു വയസ്സുകാരനായ സിദ്ധാര്‍ത്ഥന്‍ നിലവിളിച്ചു ഓടിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. വീട്ടുജോലിക്ക് പോകുകയായിരുന്ന ചിറക്കത്തറ കുമാരന്റെ ഭാര്യ കൗസല്യയുടെ ദേഹത്തേക്ക് സമീപത്തെ മതിലിനു മുകളില്‍ നിന്നും നായ ചാടിവീണ് ആക്രമിച്ചു. മാറിടവും വയറും കടിച്ചു പറിച്ചു. 

പെയിന്റിംഗ് തൊഴിലാളിയായ കീനാംപുറം വീട്ടില്‍ ശശി (49), ഭഗവതിപ്പറമ്പില്‍ മഹേഷ് (32), ബ്ലായിത്തറ അഖില്‍ (22), കളത്തിപ്പറമ്പില്‍ സംഗീത (35), ഇഞ്ചയ്ക്കല്‍ സുഭാഷ് (52), ഇവരെ കൂടാതെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കടിയേറ്റു. തൃപ്പൂണിത്തുറ ആശുപത്രിയില്‍ എത്തിച്ചവരെ പേവിഷബാധക്കെതിരെയുള്ള വാക്‌സിന്‍ ഇല്ലാത്തതിനാല്‍, എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കുത്തിവെയ്പ്പ്‌നടത്തി പറഞ്ഞയച്ചു. സംഭവം അറിഞ്ഞെത്തിയ മരട് പോലീസും, കൊച്ചി നഗരസഭയുടെ മൃഗ വകുപ്പ് ഉദ്യോഗസ്ഥരുമെത്തി കടിച്ച നായയുള്‍പ്പെടെ മറ്റ് മൂന്നു നായകളെ പിടിച്ചു കൊണ്ടുപോവുകയും ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.