മോഹനന്‍ വധക്കേസ് : പ്രതി ചേര്‍ക്കപ്പെട്ട രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ റിമാന്റ് ചെയ്ത കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിക്ക് വിമര്‍ശനം

Wednesday 7 February 2018 10:24 pm IST

 

കൂത്തുപറമ്പ്: സിപിഎം പ്രവര്‍ത്തകനായിരുന്ന പാതിരിയാട് വാളാങ്കിച്ചാലിലെ മോഹനനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് പ്രതി ചേര്‍ക്കപ്പെട്ട രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ റിമാന്റ് ചെയ്ത കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിക്ക് വിമര്‍ശനം. പോലീസ് കേസില്‍ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് കൂത്തുപറമ്പ് കോടതിയില്‍ ഹാജരായ ആര്‍എസ്എസ് പ്രവര്‍ത്തകരായ വിപിന്‍, ലെനീഷ് എന്നിവരെ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി റിമാന്റ് ചെയ്തിരുന്നു. ഇതില്‍ 15-ാം പ്രതിയായി പ്രതി ചേര്‍ക്കപ്പെട്ട ലെനീഷിനെതിരായ കേസ് ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നിട്ടു കൂടി ഇയാളെ ജാമ്യം നിഷേധിച്ച് ജയിലിലടച്ചതിനെതിരേയാണ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ആര്‍.രഘു രൂക്ഷ വിമര്‍ശനം നടത്തിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതികളെ കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചശേഷം ഇരുവരും കോടതി സമന്‍സ് പ്രകാരം ഹാജരാവുകയായിരുന്നു.

ജാമ്യം നിഷേധിച്ച കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന്റെ ഭാഗത്തു നിന്നുംവന്‍ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും കീഴ് കോടതിയുടെ വിധിയില്‍ അതൃപ്തിയുണ്ടെങ്കിലും തല്‍ക്കാലം മജിസ്‌ട്രേറ്റിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ജില്ലാ കോടതിയുടെ നിരീക്ഷണം മേലില്‍ ഇത്തരം തെറ്റായ കാര്യങ്ങള്‍ കീഴ്‌കോടതിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാകോടതി ചൂണ്ടിക്കാട്ടി. പ്രതികള്‍ക്ക് ഉടന്‍ ജാമ്യം നല്‍കാനും കോടതി ഉത്തരവിട്ടു. രണ്ടു പേര്‍ക്കും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

ഇതേ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റ് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ജാമ്യം കീഴ്‌കോടതിയിലെ മജിസ്‌ട്രേറ്റ് മുമ്പ് റദ്ദ് ചെയ്തിരുന്നു. കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയുടെ ഈ വിധിയും ജില്ലാ സെഷന്‍സ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.