വാഹനാപകടത്തിലെ നഷ്ടപരിഹാരം : ബാധ്യത രേഖകളിലെ ഉടമയ്ക്കെന്ന് സുപ്രീം കോടതി

Thursday 8 February 2018 2:45 am IST

ന്യൂദല്‍ഹി: വാഹനാപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത രേഖകളിലുള്ള ഉടമസ്ഥനെന്ന് സുപ്രീം കോടതി. വാഹനം വിറ്റിട്ടും രേഖകളില്‍ ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരാകുമെന്നും കോടതി വ്യക്തമാക്കി. പഞ്ചാബ് സ്വദേശിയായ വിജയ് കുമാറിനെതിരായ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. 

2007 ജൂലൈയില്‍ വിനയകുമാര്‍ തന്റെ കാര്‍ വില്‍പ്പന നടത്തിയിരുന്നു. പിന്നീട് മൂന്ന് തവണ കാര്‍ കൈമാറ്റം ചെയ്യപ്പെട്ടു. എന്നാല്‍ രജിസ്‌ട്രേഷന്‍ രേഖകളില്‍ ഉടമസ്ഥന്റെ പേര് വിജയ് കുമാറിന്റെ തന്നെയായിരുന്നു. ഇതിനിടെ അപകടമുണ്ടാവുകയും ഒരാള്‍ മരിക്കുകയും ചെയ്തു. നഷ്ടപരിഹാര ട്രൈബ്യൂണല്‍ 3.85 ലക്ഷം രൂപ നല്‍കാന്‍ വിജയ് കുമാറിനോട് ആവശ്യപ്പെട്ടു. 

ട്രൈബ്യൂണല്‍ വിധിക്കെതിരെ വിജയ് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. വാഹനം വിറ്റതിന് കൃത്യമായ രേഖകളുണ്ടെന്നിരിക്കെ പഴയ ഉടമസ്ഥന്‍ നഷ്ടപരിഹാരം നല്‍കേണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ വാഹനം വാങ്ങിയവരിലൊരാള്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. രജിസ്‌ട്രേഷനില്‍ ഉടമയായി രേഖപ്പെടുത്തിയിട്ടുള്ള ആള്‍ മാത്രമാണ് ഉത്തരവാദിയെന്ന് മോട്ടോര്‍ വാഹന നിയമത്തിലെ 2(30) വകുപ്പ് വ്യക്തമാക്കുന്നതായി ഹര്‍ജിക്കാരന്‍ പറഞ്ഞു. ഇത് ശരിവെച്ച സുപ്രീം കോടതി നിയമത്തിന് വിരുദ്ധമായി തീരുമാനമെടുക്കാനാകില്ലെന്ന് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.