സംസ്ഥാന സര്‍ക്കാരിന്റെ യുവജന വഞ്ചന; യുവമോര്‍ച്ച തസ്തിക പിടിച്ചെടുക്കല്‍ സമരത്തിന്

Thursday 8 February 2018 2:45 am IST

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ യുവജന വഞ്ചനയില്‍ പ്രതിഷേധിച്ച് ഈ മാസം 20 മുതല്‍ തസ്തിക പിടിച്ചെടുക്കല്‍ സമരം നടത്തുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു. വില്ലേജ് ഓഫീസുകള്‍ മുതല്‍ സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലേക്ക് വരെ സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെയും സര്‍ക്കാര്‍ - പിഎസ്‌സി ഒത്തുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും യുവമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് പിഎസ്‌സി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

അപ്രഖ്യാപിത നിയമന നിരോധനത്തിലൂടെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവജനങ്ങളെ വഞ്ചിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍. പിഎസ്‌സിയില്‍ നിന്നുള്ള അഡൈ്വസ് മെമ്മോ കൈപ്പറ്റി ജോലിക്കായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്. പല തസ്തികകളിലും സ്വന്തക്കാരെ തിരുകിക്കയറ്റാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി തലവനായ കേപ്, വിഴിഞ്ഞം പോര്‍ട്ട്ട്രസ്റ്റ്, നോര്‍ക്ക തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ നിയമിക്കുകയാണ്. യുവാക്കളുടെ സ്വപ്‌നങ്ങള്‍ ചിറകരിയുന്നതിന് മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കുന്ന കാഴ്ചയാണുള്ളത്. 

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഇ. സാലു അദ്ധ്യക്ഷനായി. ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ജില്ലാസമിതി അംഗം ജയപ്രകാശ് കായണ്ണ, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ബബീഷ് ഉണ്ണികുളം, ജില്ലാവൈസ് പ്രസിഡന്റ് സിനൂപ് രാജ് എന്നിവര്‍ സംസാരിച്ചു. എരഞ്ഞിപ്പാലത്തു നിന്നാരംഭിച്ച മാര്‍ച്ച് കളക്‌ട്രേറ്റ് കവാടത്തിനുസമീപം പോലീസ് തടഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.