അന്ത്യയാത്രയിലും ചമയങ്ങള്‍ അഴിയാതെ മടവൂര്‍

Thursday 8 February 2018 2:45 am IST

കിളിമാനൂര്‍: രാവണ വിജയത്തിലെ രാവണന് രൂപഭാവങ്ങള്‍ പകരാന്‍ ഒരുങ്ങവേ ചമയങ്ങളോടെ കലാകാരനെ കാലം കൂടെ കൂട്ടുന്നു. ആട്ടവിളക്കണയും മുമ്പേ എന്നന്നേക്കുമായി അരങ്ങുവിട്ട മടവൂരിന്റെ കരുണഭാവം കാണാന്‍ ജന്മനാട്ടില്‍ തടിച്ചുകൂടിയത് ആയിരങ്ങള്‍. ചമയങ്ങള്‍ മായ്ക്കാതെ, ഒരു തികഞ്ഞ കലാകാരന്റെ സാര്‍ത്ഥക ജീവിതം ജീവിച്ച് തീര്‍ത്തിരിക്കുന്നുവെന്ന വീരഭാവം തന്നെയായിരുന്നു, അന്ത്യയാത്രയ്ക്കുള്ള ചമയങ്ങളോടെ കിടക്കുമ്പോഴും ആ മുഖത്ത്.

അന്തരിച്ച കഥകളി ആചാര്യന്‍ പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍നായരുടെ ഭൗതികശരീരം ജന്മനാടായ മടവൂരില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് പൊതുദര്‍ശനത്തിനായി എത്തിക്കുമ്പോള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്‍ജനാവലി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പനപ്പാംകുന്ന് ഗവ.എല്‍പിഎസ്, മടവൂര്‍ തുമ്പോട്  സിഎന്‍പിഎസ് യുപിഎസ്, ഭൗതികദേഹം പൊതുദര്‍ശനത്തിനായി വച്ചു. മടവൂര്‍ തുമ്പോട് ഗവ.എല്‍പിഎസ് എന്നിവിടങ്ങളിലെ അധ്യാപകരും കുട്ടികളുമടക്കം നാട്ടുകാര്‍ ഒന്നടങ്കം നാടിന്റെ നാമം ദേശാന്തരങ്ങളിലെത്തിച്ച കലാകാരനെ അവസാനമായി കാണുവാനെത്തിയിരുന്നു. വിവിധ സംഘടനകളും ക്ഷേത്ര ഭരണസമിതികളും ഗ്രന്ഥശാലകളും പുഷ്പചക്രം സമര്‍പ്പിച്ചു. പന്ത്രണ്ടരയോടെ മടവൂരാശാന്‍ ദീര്‍ഘകാലം പ്രിന്‍സിപ്പലായിരുന്ന പകല്‍കുറി  കലാഭാരതി കഥകളി വിദ്യാലയത്തിലേക്ക് ഭൗതികദേഹം പൊതുദര്‍ശനത്തിനായി കൊണ്ടുപോയി.

മടവൂര്‍ കൃഷ്ണന്‍കുന്ന് കരോട്ട് പുത്തന്‍വീട്ടില്‍ രാമക്കുറുപ്പിന്റെയും, കിളിമാനൂര്‍ പോങ്ങനാട് ചാങ്ങയില്‍ കല്യാണിയമ്മയുടെയും മകനായി 1929 ഏപ്രില്‍ 7നാണ് വാസുദേവന്‍ നായരുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മൂത്ത സഹോദരന്‍ ദിവാകരക്കുറുപ്പിന്റെ പ്രേരണയില്‍ മടവൂര്‍ പരമേശ്വരന്‍പിള്ളയാശാനില്‍ നിന്നും കഥകളി അഭ്യസിച്ചു. ആറ് മാസത്തെ പഠനശേഷം അരങ്ങേറ്റം. തുടര്‍ന്ന് കുറിച്ചി കുഞ്ഞന്‍പണിക്കരുടെ ശിഷ്യനായി. പിന്നിട് ഒരു വ്യാഴവട്ടക്കാലത്തെ ഗുരുകുലസമ്പ്രദായത്തില്‍ ഗുരു ചെങ്ങന്നൂര്‍ രാമന്‍പിള്ള ആശാനില്‍ നിന്നുള്ള ശിക്ഷണമാണ് മടവൂരിലെ പ്രതിഭയെ പുറത്തു കൊണ്ടുവന്നത്. വിവിധ വേഷങ്ങളില്‍ തെക്കന്‍ കളരിയുടെ പരമാചാര്യനായി മടവൂര്‍ അറിയപ്പെട്ടു. കലാമണ്ഡലത്തിലെ അധ്യാപനവൃത്തിക്കുശേഷം ഗുരു ചെങ്ങന്നൂരിന്റെ മേല്‍നോട്ടത്തില്‍ എം.കെ.കെ.നായര്‍ പകല്‍ക്കുറിയില്‍ ആരംഭിച്ച ഗുരുകുലസമ്പ്രദായം പിന്‍തുടര്‍ന്ന കലാഭാരതി കഥകളി വിദ്യാലയത്തിന്റെ തലവനായതോടെ മടവൂരിലും പകല്‍ക്കുറിയിലുമായി ജന്മനാട്ടിലും അദ്ദേഹത്തിന് അനേകം ശിഷ്യരെ ലഭിച്ചു. രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചപ്പോള്‍ അനുമോദിക്കാനായി മടവൂരില്‍ നിന്നുള്ള ഒരു ക്ഷണവും മടവൂരാശാന്‍ നിഷേധിച്ചില്ല. നാടൊരുക്കിയ സ്‌നേഹത്തിന് ആവോളം നന്ദി പറഞ്ഞ് ജന്മനാടുമായുള്ള ബന്ധം അദ്ദേഹം കാത്ത് സൂക്ഷിച്ചു.

അരങ്ങൊഴിഞ്ഞത് കളിയരങ്ങിന്റെ കുലപതി : കുമ്മനം

കൊട്ടാരക്കര: കളിയരങ്ങിന്റെ കുലപതിയായിരുന്നു മടവൂര്‍ വാസുദേവന്‍ നായര്‍ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അനുസ്മരിച്ചു. തെക്കന്‍ചിട്ടയിലൂടെ അദ്ദേഹം കഥകളിയെ കലയുടെ ഉത്തുംഗസോപാനത്തിലേക്ക് നയിച്ചു. തന്റെ അഭിനയ പാടവത്തിലൂടെ കഥകളിയുടെ യശസ്സ് ലോകം മുഴുവന്‍ വ്യാപിക്കാന്‍ അദ്ദേഹം നല്‍കിയ സംഭാവന എക്കാലവും സ്മരിക്കപ്പെടും. തന്റേതായ ശൈലിയിലൂടെ അഭിനയ കലയുടെ കൊടുമുടികള്‍ കീഴടക്കിയ ചക്രവര്‍ത്തിയുടെ, കഥകളി തറവാട്ടിലെ കാരണവരുടെ വിയോഗം കഥകളിക്കും കലാലോകത്തിനും തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

കഥകളിയില്‍ ലയിച്ചുചേര്‍ന്ന ജീവിതം-തപസ്യ

കൊല്ലം: കഥകളിയില്‍ ജീവിച്ച് കഥകളിയില്‍ ലയിച്ചുചേര്‍ന്ന ജീവിതമാണ് മടവൂര്‍ വാസുദവനാശാന്റേതെന്ന് തപസ്യ കലാസാഹിത്യവേദി അനുസ്മരിച്ചു. ജീവിതം പോലെ ധന്യമായിരിക്കുന്നു ആ വിയോഗവും. പ്രായം തളര്‍ത്താത്ത കലാപ്രതിഭയുടെ ഈശ്വരലാസ്യമായിരുന്നു മടവൂരിന്റെ ജീവിതം. കലയും ജീവിതം രണ്ടായിരുന്നില്ല അദ്ദേഹത്തിന്.  തപസ്യ അടുത്തിടെ നടത്തിയ സാംസ്‌കാരിക തീര്‍ത്ഥാടനത്തിന്റെ കൊല്ലത്തെ പരിപാടികളില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. കാവനാട് പൊതുനിരത്തുവക്കില്‍ നടന്ന സ്വീകരണ പരിപാടിയില്‍ മടിയില്ലാതെ അദ്ദേഹം അദ്ധ്യക്ഷനായതും തപസ്യയുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.