വിജയ് മല്യക്ക് നല്‍കിയ വായ്പകളെക്കുറിച്ച്‌ വിവരമൊന്നുമില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം

Thursday 8 February 2018 7:51 am IST

ന്യൂദല്‍ഹി: വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് നല്‍കിയ വായ്പകളെക്കുറിച്ച്‌ വിവരമൊന്നുമില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം കേന്ദ്ര വിവരാവകാശ കമ്മിഷനെ(സി.ഐ.സി.) അറിയിച്ചു. വിവിധ ബാങ്കുകള്‍ മല്യക്ക് നല്‍കിയ വായ്പകളെക്കുറിച്ചോ, അതിന് മല്യ നല്‍കിയ ഗാരന്റിയെക്കുറിച്ചോ തങ്ങള്‍ക്ക് വിവരമില്ലെന്ന് കമ്മിഷനുമുന്‍പാകെ ഹാജരായ മന്ത്രാലയ ഉദ്യോഗസ്ഥനാണ് അറിയിച്ചത്. 

എന്നാല്‍, മറുപടി അവ്യക്തവും നിയമപ്രകാരം നിലനില്‍ക്കുന്നതല്ലെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടു. രാജീവ് കുമാര്‍ ഖാരെ എന്നയാള്‍ നല്‍കിയ വിവരാവകാശ അപേക്ഷ സംബന്ധിച്ചുള്ള വാദത്തിനിടെയാണ് സംഭവം. ഖാരെയുടെ വിവരാവകാശ അപേക്ഷ ബന്ധപ്പെട്ട അതോറിറ്റിക്ക് നല്‍കണമെന്ന് ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനോട് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍, മുന്‍പ് പാര്‍ലമെന്റില്‍ ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രാലയം മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 'കഴിഞ്ഞവര്‍ഷം മാര്‍ച്ച്‌ 17-ന് ധനസഹമന്ത്രി സന്തോഷ് ഗാംഗ്വറാണ് മറുപടി നല്‍കിയത്. 2004 സെപ്റ്റംബറിലാണ് മല്യക്ക് വായ്പ നല്‍കുന്നത്. 2008 ഫെബ്രുവരിയില്‍ അത് പുനഃപരിശോധിച്ചു. 2009-ല്‍ 8040 കോടി രൂപയുടെ വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചു. മല്യയുടെ വസ്തുവകകള്‍ ഓണ്‍ലൈന്‍ വഴി ലേലം നടത്തിയതിലൂടെ 155 കോടി തിരിച്ചുപിടിച്ചതായി മാര്‍ച്ച്‌ 21-ന് ഗാംഗ്വര്‍ രാജ്യസഭയെ അറിയിച്ചു'-അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഖാരെ നല്‍കിയ അപേക്ഷയോട്, വിവരാവകാശ നിയമത്തിലെ വ്യക്തിഗത സുരക്ഷയെയും രാജ്യത്തിന്റെ സാമ്പത്തിക താത്പര്യത്തെയും മുന്‍നിര്‍ത്തിയുള്ള വ്യവസ്ഥപ്രകാരം മല്യയുടെ വായ്പകളെക്കുറിച്ച്‌ വിവരം നല്‍കാനാവില്ലെന്നാണ് മന്ത്രാലയം ആദ്യം പ്രതികരിച്ചത്. തുടര്‍ന്നാണ് ഖാരെ കമ്മിഷനെ നേരിട്ടുസമീപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.