സ്പിൻ മാജികിൽ ഇന്ത്യക്ക് വിജയം

Thursday 8 February 2018 8:03 am IST

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 124 റണ്‍സിന്റെ കൂറ്റൻ വിജയം. 304 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 179 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0 ത്തിന് മുന്നിലെത്തി. ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ ആതിഥേയർ പതറുകയായിരുന്നു. 

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 303 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ കോഹ്‌ലിക്ക് മികച്ച പിന്തുണ നല്‍കി. 159 പന്തുകളില്‍ 160 റണ്‍സാണ് കോഹ്ലി നേടിയത്. കോഹ്‌ലിയുടെ 34-ാം ഏകദിന സെഞ്ചുറിയാണ് കേപ്ടൗണിലേത്. 63 പന്തുകള്‍ നേരിട്ട ധവാന്‍ 76 റണ്‍സും സ്വന്തമാക്കി.  ദക്ഷിണാഫ്രിക്കയ്ക്കായി ജെപി ഡുമിനി രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ സ്പിന്‍ ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു.  51(67) റണ്‍സ് നേടിയ ജെപി ഡുമിനിയാണ് ടോപ് സ്കോറര്‍. 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഐഡന്‍ മാര്‍ക്രം(32), ഡേവിഡ് മില്ലര്‍(25) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല. 

ഇന്ത്യക്കായി കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചാഹലും നാല് വിക്കറ്റ് സ്വന്തമാക്കി. ജസ്പ്രിത് ബുംറ ശേഷിക്കുന്ന രണ്ട് വിക്കറ്റ് നേടി. 9 ഓവറുകളില്‍ 23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപിന്റെ പ്രകടനമാണ് ഏറെ ശ്രദ്ധേയം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.