ജേക്കബ് തോമസിന് നിയമ പരിരക്ഷ ബാധകമല്ലെന്ന് സര്‍ക്കാര്‍

Thursday 8 February 2018 10:44 am IST

കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരെ പ്രതികരിച്ചത് അഴിമതി ചൂണ്ടിക്കാട്ടിയതിനല്ലെന്ന് സര്‍ക്കാര്‍. ജേക്കബ് തോമസ് നടത്തിയത് ഔദ്യോഗിക കൃത്യ നിര്‍വഹണം. ജേക്കബ് തോമസിന് നിയമ പരിരക്ഷ ബാധകമല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 

ഡിജിപി സ്ഥാനത്തിരുന്ന് സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതിനാണ് നടപടി. അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് നടപടി എന്ന വാദം ശരിയല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അഴിമതി പുറത്തു കൊണ്ടുവരുന്നവരെ സംരക്ഷിക്കുന്ന നിയമമായ വിസില്‍ ബ്ലോവേഴ്സ്  സംരക്ഷണം തേടി ഡിജിപി ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹര്‍ജിയില്‍ കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. 

അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ജേക്കബ് തോമസ് ഹര്‍ജിയില്‍ പറയുന്നു. മാര്‍ച്ച്‌ ആദ്യം കേസ് വീണ്ടും പരിഗണിക്കും. ഓഖി ദുരന്തം സംബന്ധിച്ചു നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. പിന്നാലെ, കുറ്റാരോപണ മെമ്മോയും നല്‍കി. എന്നാല്‍, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനിന്നു ശക്തമായ ഭാഷയിലാണ് ജേക്കബ് തോമസ് മറുപടി നല്‍കിയത്.

അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നതും പറയുന്നതും രാജ്യത്തെ പൗരന്റെ കടമയാണെന്നും വളയുന്ന നട്ടെല്ല് അല്ല പൊലീസിന്റെ അന്തസെന്നും മറുപടിയില്‍ പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.