അച്ഛനെ അവര്‍ കൊല്ലും; മകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍

Thursday 8 February 2018 11:31 am IST

കൊച്ചി: അച്ഛനെ കൊല്ലുമെന്ന സിപിഎം ഭീഷണിയില്‍ പോലീസിന്റെ സംരക്ഷണവും കിട്ടില്ലെന്നായപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യര്‍ത്ഥനയുമായി പ്ലസ് ടു വിദ്യാര്‍ത്ഥിനി. കാഞ്ഞങ്ങാട് കരിന്തളം പഞ്ചായത്തിലെ വടക്കേ പുലിയൂരിലെ അശ്വിനി എന്ന പെണ്‍കുട്ടി ഫേസ്‌ബുക്കിലെ വീഡിയോയില്‍ പറയുന്നതിങ്ങനെ: (വീഡിയോ ലിങ്ക് താഴെ).

അച്ഛന്‍ സുകുമാരന്‍ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനില്‍നിന്ന് ബിജെപി അംഗതം എടുത്തു. ഇതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ സുകുമാരനെ ജീവിക്കാനനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി.

വീട്ടില്‍നിന്ന് 20 മിനുട്ട് നടന്നു വേണം അശ്വിനിക്ക് സ്‌കൂളിലേക്ക് വണ്ടി കയറാന്‍. ഈ ദൂരം അച്ഛനാണ് കൊണ്ടു പോകുന്നതും തിരികെ കൊണ്ടു വരുന്നതും. കഴിഞ്ഞ ദിവസം അച്ഛനും അശ്വനിയും ഒന്നിച്ചു പോകുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തി, ബിജെപിയില്‍ ചേര്‍ന്ന തന്നെ ജീവിക്കാന്‍ വിടില്ല കൊന്നുകളയും, കൈയും കാലും വെട്ടും തുടങ്ങി പല ഭീഷണികളും മുഴക്കി. ഒപ്പമുണ്ടായിരുന്ന അശ്വിനി ആകെ പതറിയിരിക്കുകയാണ്. അച്ഛന് എന്തെങ്കിലും പറ്റിയാല്‍ എന്ന ആശങ്കയിലാണ്.

'' ഞങ്ങള്‍ താമസിക്കുന്നിടം സിപിഎമ്മുകാരാണ് നിറയെ. അച്ഛന് രാഷ്ട്രീയമില്ലായിരുന്നു. ബിജെപിയില്‍ ചേര്‍ന്നു. അതുകൊണ്ട് കൊല്ലുമെന്ന് പറയാമോ. കൊല്ലുമെന്ന് അവര്‍ പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുമെന്നാണ് പലരും പറയുന്നത്. ഏത് പോലീസില്‍ പറഞ്ഞാലും പേടിയില്ല, ഏതു സിസി ടിവി കാമറയില്‍ വന്നാലും പിടിക്കില്ല. ഞങ്ങള്‍ക്ക് പേടിയില്ല എന്നാണവര്‍ പറയുന്നത്. എനിക്ക് പേടിയാകുന്നു. കഴിഞ്ഞ ദിവസം അവര്‍ കരുതിയിരിക്കുന്നുവെന്നറിഞ്ഞ് അച്ഛന്‍ മറ്റൊരു വഴിയിലൂടെയാണ് വീട്ടിലേക്ക് വന്നത്,'' അശ്വനി വിവരിക്കുന്നു. 

''പോലീസിനെയാണ് സമീപിക്കേണ്ടതെന്നറിയാം. എന്നാല്‍ അവര്‍തന്നെ പറയുന്നു പോലീസിനെ പേടിയില്ലെന്ന്. ഞങ്ങളുടെ അയലത്തുതന്നെയുള്ള മഹേഷ്, സുജിത്, സജിത്, സനീഷ് തുടങ്ങിയവരാണ് ഭീഷണിപ്പെടുത്തിയത്. അവര്‍ക്ക് ഞങ്ങള്‍ എന്തുചെയ്യുന്നുവെന്നതൊക്കെ അപ്പപ്പോള്‍ അറിയാം. എന്താണ് പ്രതിവിധിയെന്നറിയില്ല. അച്ഛനെ സംരക്ഷിക്കണം.... '' ഇങ്ങനെ പോകുന്നു അശ്വിനിയുടെ വീഡിയോ സന്ദേശം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.