കായല്‍ കയ്യേറ്റം: തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Thursday 8 February 2018 11:58 am IST

കൊച്ചി: കായല്‍ കയ്യേറ്റത്തില്‍ കേസ് എടുക്കാനുള്ള കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് മുന്‍ മന്ത്രിയും എന്‍‌സിപി നേതാവുമായ തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിയിന്മേല്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. 

തണ്ണീര്‍ത്തട നിയമം ലംഘിച്ച് എംപി ഫണ്ട് ഉപയോഗിച്ച് കായല്‍ നികത്ത് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ച വകയില്‍ 65 ലക്ഷം രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടായെന്ന് കാട്ടി ജനതാദള്‍ (എസ്)ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. എം.കെ. സുഭാഷ് നല്‍കിയ പരാതിയിലാണ് കോട്ടയം വിജിലന്‍സ് കോടതി തോമസ് ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.  കേസില്‍ അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളിയിരുന്നു.

പി.ജെ. കുര്യനും കെ.ഇ. ഇസ്മയിലും രാജ്യസഭാ എംപിമാരായിരുന്നപ്പോള്‍ അവരുടെ ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ഉപയോഗിച്ച് നിയമവിരുദ്ധമായി നിലം നികത്തിയും കായല്‍ കയ്യേറിയും റോഡ് നിര്‍മ്മിച്ചെന്നും, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ 35 ലക്ഷം രൂപ പൊതുഫണ്ട് ഉപയോഗിച്ച് റോഡ് ടാര്‍ ചെയ്‌തെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.  കായല്‍ കൈയേറി റോഡ് നിര്‍മിച്ചെന്ന് പറയുന്ന പ്രദേശം ബണ്ടായിരുന്നു. ഇവിടെ പത്തോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ടിയാണ് റോഡ് നിര്‍മ്മിച്ചതെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബോധിപ്പിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.