ഇന്ത്യയിലെ മൂന്നിലൊന്ന് സ്ത്രീകളും ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നു

Thursday 8 February 2018 12:11 pm IST

ന്യൂദല്‍ഹി: ഇന്ത്യയിലെ മൂന്നിലൊന്ന് സ്ത്രീകളും വീടുകളില്‍  ശാരീരികവുമായും മാനസികവുമായ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ദേശീയ കുടുംബാരോഗ്യ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2017 ലെ കണക്കനുസരിച്ച് ഓരോ അഞ്ചു മിനിറ്റിലും ഒരു സ്ത്രീ ഈ വിധം ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നു.

രാജ്യത്ത് 15 വയസിന് ശേഷമുള്ള 27 ശതമാനം സ്ത്രീകളും ഗാര്‍ഹിക പീഡനം നേരിടുന്നതായി സര്‍വേ പറയുന്നു. നഗരപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഗ്രാമങ്ങളിലാണ് ഗാര്‍ഹിക പീഡനങ്ങള്‍ കൂടുതലെന്നും സര്‍വേ വ്യക്തമാക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ 29 ശതമാനം സ്ത്രീകളും ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുമ്പോള്‍ നഗരങ്ങളില്‍ 23 ശതമാനമാണ്.

പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നാണ് വ്യക്തമാകുന്നത് . 2005ലെ 'പ്രൊട്ടക്ഷന്‍ ഓഫ് വിമണ്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്റ്റിന്റെ' അടിസ്ഥാനത്തില്‍ സാമ്പത്തിക ചൂഷണം, ശാരീരിക, മാനസിക, ലൈംഗിക ആക്രമണങ്ങള്‍ ഒക്കെ ഗാര്‍ഹിക പീഡനങ്ങളില്‍ കണക്കാക്കും. സര്‍വേയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്ത്രീകളും തങ്ങളുടെ ഭര്‍ത്താവില്‍ നിന്നാണ് ആക്രമണങ്ങള്‍ നേരിടുന്നത്.

ക്രൈം റെക്കോര്‍ഡസ് ബ്യൂറോയുടെ 2014 ലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ കണക്കനുസരിച്ച് 1,22,877 സ്ത്രീകളായിരുന്നു ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പീഡനം എറ്റുവാങ്ങിയത്. തൊട്ട് മുന്‍പിലെ വര്‍ഷത്തെ കണക്കു പരിശോധിക്കുമ്പോള്‍ ഏതാണ്ട് 3%ത്തിനു മേലെ വരുന്ന വര്‍ധനവാണ് കാണാന്‍ സാധിക്കുന്നത്.

ഈ ഗാര്‍ഹിക പീഡനങ്ങള്‍ സ്ത്രീകളെ ശാരീരിക, മാനസിക പീഡനത്തിനപ്പുറം സാമ്പത്തികമായി കൂടി ബാധിക്കുമെന്നും സര്‍വേയില്‍ പറയുന്നുണ്ട്. അതായത് ഒരു ഗാര്‍ഹിക പീഡനം നടന്നാല്‍ അതിന് ഇരയായ സ്ത്രീയുടെ 5 ദിവസത്തെ തൊഴില്‍ ദിവസങ്ങളെ വരെ അത് ബാധിക്കാമെന്നും അവരുടെ ശമ്പളത്തില്‍ 25 % വരെ കുറവ് അത് മൂലം ഉണ്ടാകാമെന്നും പഠനത്തില്‍   വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.