രാമജന്മഭൂമി കേസ് മാര്‍ച്ച് 14 ലേക്ക് മാറ്റി

Thursday 8 February 2018 3:21 pm IST

ന്യൂദല്‍ഹി: രാമജന്മഭൂമി കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാര്‍ച്ച് 14 ലേക്ക് മാറ്റി. കേസുകളുമായി ബന്ധപ്പെട്ട രേഖകളുടെ പരിഭാഷ ഇതുവരെ പൂര്‍ത്തിയാകാത്തതിനാലാണ് കേസ് മാറ്റിയത്. ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസില്‍ പരാതിക്കാരുടെ വാദം പൂര്‍ത്തിയായ ശേഷം കക്ഷി ചേര്‍ന്ന സുബ്രഹ്മണ്യം സ്വാമി, ശ്യാം ബെനഗള്‍ എന്നിവരുടെ വാദം കേള്‍ക്കാനാവൂകയെന്നും കോടതി നിരീക്ഷിച്ചു.

രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് രാമജന്മഭൂമി ക്ഷേത്ര നിര്‍മാണത്തിനും, നിര്‍മോഹി അഖാഡക്കും, സുന്നി വഖഫ് ബോര്‍ഡിനുമാണ് തുല്യമായി വീതിച്ച് നല്‍കിയത് . കേസില്‍ ഇപ്പോള്‍ വാദം കേള്‍ക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും കേസ് 2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കണമെന്നുമുള്ള സുന്നി വഖഫ് ബോര്‍ഡിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കേസ് ഏഴംഗ ഭരണഘടനാ ബഞ്ചിന് വിടണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും നിലപാട്.

നിലവില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ് അബ്ദുല്‍നാസര്‍ എന്നിവരടങ്ങുന്ന മൂന്ന് അംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സാധാരണ സിവില്‍ കേസുകള്‍ പരിഗണിക്കുന്നത് പോലെ ഈ കേസും പരിഗണിച്ചാല്‍ മതിയെന്നാണ് രാമജന്മഭൂമി ട്രസ്റ്റിന്റെ വാദം. അതെസമയം വിഷയത്തില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ഷിയാ വഖഫ് ബോര്‍ഡിന്റെത്. രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പള്ളി തൊട്ടടുത്ത മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് നിര്‍മിച്ചാല്‍ മതിയെന്നുമാണ് കേസില്‍ കക്ഷി ചേരവെ ഷിയാ വഖഫ് ബോര്‍ഡ് കോടതിയില്‍ അറിയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.