ട്രിനിറ്റി സ്‌കൂളിലെ അധ്യാപികമാര്‍ക്ക് സ്വീകരണം; വിദ്യാഭ്യാസവകുപ്പ് വിശദീകരണം തേടി

Thursday 8 February 2018 4:54 pm IST

കൊല്ലം: പത്താംക്ലാസുകാരി ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട്  സസ്‌പെന്‍ഷനിലായിരുന്ന അദ്ധ്യാപികമാര്‍ക്ക് ട്രിനിറ്റി ലൈസിയം സ്‌കൂളില്‍  ആഘോഷ വരവേല്പ് നല്‍കിയതിന്   വിശദീകരണം തേടി  വിദ്യാഭ്യാസവകുപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പാളിന്  നോട്ടീസ് നല്‍കി. മുന്‍പു നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വീണ്ടും നോട്ടീസ് നല്‍കിയത്. 

ആരോപണവിധേയരായ അദ്ധ്യാപികമാരെ തിരികെ പ്രവേശിപ്പിക്കാന്‍  സ്‌കൂളില്‍ ആഘോഷം  സംഘടിപ്പിച്ചത് സമൂഹത്തില്‍ വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുവെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടി. മധുരവും പുഷ്പങ്ങളും നല്‍കി   കുറ്റാരോപിതരെ സ്വീകരിച്ചത് സമൂഹമനസാക്ഷിയെ ഞെട്ടിച്ചെന്നും  ഇതിന്റെ ചിത്രങ്ങളും വിവരങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത് വഴി വീണ്ടും പ്രകോപനം ഉണ്ടായിരിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു. 

അതിനിടെ  ആരോപണവിധേയരായ രണ്ട് അദ്ധ്യാപികമാരെയും രക്ഷിക്കാനുള്ള മാനേജ്‌മെന്റിന്റെ കള്ളക്കളികള്‍ക്കുള്ള കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഇവര്‍ക്ക് സസ്‌പെന്‍ഷന്‍ കാലത്ത്  ശമ്പളത്തോടെയുള്ള അവധി അനുവദിച്ചുകൊണ്ടുള്ള മാനേജരുടെ നോട്ടീസാണ് പുറത്തായത്. 

ഗൗരി കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണുമരിച്ച സംഭവം  കോളിളക്കം സൃഷ്ടിച്ചിരുന്നു. അദ്ധ്യാപികമാരായ സിന്ധു പോള്‍, ക്രെസന്റ് നെവിസ് എന്നിവരുടെ പീഡനത്തെത്തുടര്‍ന്നാണ് മരണം എന്ന ആരോപണം ശക്തമായതോടെ അവരെ പുറത്താക്കിയിരുന്നു. എന്നാല്‍ സംഭവം നടന്ന് മൂന്ന് മാസം പിന്നിടും മുമ്പേ സസ്‌പെന്‍ഷന്‍ നീക്കിയ അധികൃതര്‍ കഴിഞ്ഞ ദിവസം ഇവര്‍ക്ക് സ്‌കൂളില്‍ ആഘോഷപൂര്‍വമായ വരവേല്പ്പും നല്‍കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.