മറ്റൊരു വിധത്തിലും ഭക്തി വളര്‍ത്താം (12-10)

Friday 9 February 2018 2:40 am IST
എല്ലാം ശ്രദ്ധയോടും സ്‌നേഹത്തോടും കൂടിത്തന്നെ ചെയ്യുക ഇതുതന്നെയാണ് ഉത്കൃഷ്ടമായ കര്‍മ്മം എന്ന ബോധത്തോടെ ചെയ്യും. ധനലാഭം ഉദ്ദേശിച്ചോ, പ്രശസ്തിക്കുവേണ്ടിയോ ചെയ്യരുത്‌.

മേല്‍പ്പറഞ്ഞ അഭ്യാസയോഗം പരിശീലിക്കാന്‍ പ്രയാസമാണെങ്കില്‍ വേറെ വഴിപറയാം.

മത്കര്‍മ്മപരമഃ ഭവ- എന്റേതായ കര്‍മ്മങ്ങള്‍ ചെയ്യണം എന്റെതായ കര്‍മ്മങ്ങള്‍ എന്തൊക്കെയാണ്. എനിക്കുവേണ്ടി, എന്റെ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ വേണ്ടി ക്ഷേത്രം നിര്‍മിക്കുക, തുളസിയും മറ്റു പൂജാപുഷ്പങ്ങളും നട്ടുവളര്‍ത്തി ഉദ്യാനങ്ങള്‍ നിര്‍മിക്കുക, ക്ഷേത്രങ്ങള്‍ ശുചീകരിക്കുക, വിശേഷദിവസങ്ങളിലെങ്കിലും വിളക്കുകള്‍ കത്തിക്കുക- (ലക്ഷം ദീപ സമര്‍പ്പണം മുതലായവ) എനിക്ക് കളഭാഭിഷേകം ക്ഷീരാഭിഷേകം മുതലായവ ചെയ്യുക, അഷ്ടഗന്ധദ്രവ്യങ്ങള്‍ ഇട്ട് ധൂമം സമര്‍പ്പിക്കുക, കര്‍പ്പൂരാരതി ദീപാരാധന, വിപുലമായ നിവേദ്യം ഇവ സമര്‍പ്പിക്കുക, സമൂഹപ്രദക്ഷിണ നമസ്‌കാരം ചെയ്യുക, നാമസങ്കീര്‍ത്തനങ്ങള്‍ ചെയ്യുക, എല്ലാം ശ്രദ്ധയോടും സ്‌നേഹത്തോടും കൂടിത്തന്നെ ചെയ്യുക ഇതുതന്നെയാണ് ഉത്കൃഷ്ടമായ കര്‍മ്മം എന്ന ബോധത്തോടെ ചെയ്യും. ധനലാഭം ഉദ്ദേശിച്ചോ, പ്രശസ്തിക്കുവേണ്ടിയോ ചെയ്യരുത്.

കര്‍മ്മാണി മദര്‍ത്ഥം അപി കുര്‍വ്വന്‍

മേല്‍പ്പറഞ്ഞ ഭഗവത് സേവനങ്ങള്‍ക്ക്, സ്ഥലം, ധനം, ഭക്തന്മാരായ പ്രവര്‍ത്തകന്മാര്‍- ഇവ ആവശ്യമായി വരും.അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതും എന്റെ ലക്ഷ്യംവെച്ചാകയാല്‍ മദര്‍ത്ഥങ്ങളായ കര്‍മ്മങ്ങളാണ്.

കൂടാതെ, യജ്ഞം, ദാനം, തപസ്സ്, വ്രതങ്ങള്‍ മുതലായ വൈദിക-ലൗകിക, ധാര്‍മ്മിക കര്‍മ്മങ്ങളും എന്റെ പ്രസാദം മാത്രം ലക്ഷ്യമാക്കി അനുഷ്ഠിച്ചാല്‍ അവയും മദര്‍ഥ കര്‍മ്മങ്ങളാണ്.

മേല്‍പ്പറഞ്ഞ രീതിയില്‍ എന്റെ കര്‍മ്മങ്ങള്‍ ചെയ്താല്‍ ഹൃദയത്തില്‍ ഭക്തിലത വളര്‍ന്ന്, വളര്‍ന്ന് ആനന്ദം ലഭിക്കും. എന്റെ ഭക്തി വളര്‍ത്താന്‍ സഹായിക്കുന്ന പൗരാണിക ഗ്രന്ഥങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ എഴുതുക, പുതിയ ഗ്രന്ഥങ്ങളും കവിതകളും നിര്‍മിക്കുക, പ്രസിദ്ധീകരിക്കുക ഇവയും മദര്‍ഥകര്‍മ്മങ്ങള്‍ തന്നെയാണ്.

ഈ രീതിയില്‍ പ്രവര്‍ത്തിച്ച്, മദാരാധനയായി ചെയ്യുക, അതിനു കഴിവില്ലെങ്കില്‍, അവയില്‍നിന്ന് ലഭിക്കുന്ന ധനത്തില്‍നിന്ന്, എന്റെ ക്ഷേത്രനിര്‍മാണാദികള്‍ക്കും ഉത്സവാദികള്‍ക്കും വേണ്ടി നല്ലൊരു ഭാഗം സമര്‍പ്പിക്കുക.

ഇങ്ങനെയൊക്കെ ചെയ്താല്‍ ഭക്തിയാകുന്ന ദിവ്യലത വളരുകയും എന്റെതായ ആനന്ദം എന്ന ഫലം ലഭിക്കുകയും ചെയ്യും. ''കുര്‍വ്വന്‍ സിദ്ധി മവാപ്‌സ്യസി''

ഭൗതികതയുടെ ഊരാക്കുടുക്കില്‍ കുടുങ്ങിക്കിടക്കുന്നവനും എന്നെ ഭജിക്കാനുള്ള വഴി ഇതാ (12-11)

ഗൃഹം, ജോലി, ഭര്‍ത്താവ്, ഭാര്യ, പുത്രന്മാര്‍, സമുദായം-ഇവയുടെ അഭേദ്യമായ എതിര്‍പ്പുകള്‍ മൂലം, എന്റെ നാമം ജപിക്കാന്‍ പോലും കഴിയാത്തവരുണ്ടാകാം. ഭാഗവതം, ഗീത മുതലായ ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കാനോ കേള്‍ക്കാനോ അവര്‍ക്ക് കഴിയില്ല എന്ന കാര്യം പറയേണ്ടതുണ്ടോ? സാമൂഹ്യസേവനം, രാജ്യ സേനം, രാജ്യത്തിനുവേണ്ടിയുള്ള ത്യാഗം ഇവ ചെയ്യാന്‍ കഴിഞ്ഞെന്നു വരാം. യജ്ഞങ്ങള്‍, മാനങ്ങള്‍, വ്രതങ്ങള്‍ മുതലായ പുണ്യകര്‍മ്മങ്ങളും ചെയ്യാന്‍ സാധിച്ചേക്കാം. ഏതു കര്‍മ്മം ചെയ്യുമ്പോഴും അത് എന്റെ ആരാധനയായി തന്നെ ചെയ്യേണ്ടതാണ്. എല്ലാവരിലും ഹൃദയാന്തര്‍ഭാഗത്ത് ഞാന്‍ പരമാത്മാവായി സ്ഥിതിചെയ്യുന്നുണ്ടല്ലോ.

''അഹമാത്മാ ഗുഡാകേശ,

സര്‍വ്വഭൂതാശയസ്ഥിതഃ''

എന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുണ്ടല്ലേ. ഈ വസ്തുത ഉറപ്പിച്ചുവച്ചുകൊണ്ട് തന്നെ എല്ലാ കര്‍മ്മങ്ങളും ചെയ്യണം. ഇങ്ങനെ ഞാനുമായുള്ള സ്‌നേഹബന്ധം ആരംഭിക്കാം ''മദ്യോഗമാശ്രിതഃ''

യതാത്മവാന്‍ സര്‍വ്വകര്‍മ്മ 

ഫലത്യാഗം കുരു

ക്രമേണ ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും കാമവാസനയാകുന്ന മാലിന്യം നീങ്ങുകയും തടസ്സങ്ങള്‍ മാറുകയും ചെയ്യും. അപ്പോള്‍ സര്‍വ്വകര്‍മ്മങ്ങളുടെയും ഫലങ്ങള്‍ എന്നില്‍ സമര്‍പ്പിക്കാന്‍ കഴിയണം. വൈദികയജ്ഞങ്ങളുടെ ഫലമായി സ്വര്‍ഗ്ഗാദി ലോകസുഖങ്ങളാണ് പറയപ്പെട്ടിട്ടുള്ളത്. അവ ഉപേക്ഷിച്ചുകൊണ്ട് ആ യജ്ഞങ്ങള്‍ എന്റെ ആരാധനയായി ചെയ്യുവാന്‍ സാധിക്കും. ലൗകികകര്‍മ്മങ്ങള്‍ ചെയ്താല്‍, ധനം, കുടുംബം, സ്ഥാനമാനങ്ങള്‍, പ്രശസ്തി ഇവ കിട്ടുമല്ലോ. അവയെല്ലാം കിട്ടിയത്, പരമേശ്വരനായ എന്റെ കാരുണ്യംകൊണ്ടാണ്; എല്ലാത്തിന്റെയും-നന്മയുടെയും തിന്മയുടെയും കര്‍ത്തൃത്വം എന്നിലാണ്- ഈകൃഷ്ണനിലാണ്, ഭഗവാനായ എന്റെ പ്രസാദമാണ് എന്ന് ഉറപ്പിച്ച്, എന്നില്‍ സമര്‍പ്പിക്കണം.

ഈ രീതിയില്‍ ചെയ്താല്‍ എന്നില്‍ ഭക്തിവളരും എന്റെ തത്വജ്ഞാനമുണ്ടാകും, കൃതാര്‍ത്ഥനായിത്തീരും. അതിനാല്‍ ചെറിയ തോതിലെങ്കിലും ഉപാസന തുടങ്ങുകയാണ് എല്ലാവരും ചെയ്യേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.