കണ്ടകാരിച്ചുണ്ട

Friday 9 February 2018 2:30 am IST

ശാസ്ത്രീയ നാമം : Solanum xanthocarpum

സംസ്‌കൃതം : ഭദ്ര, ക്ഷുദ്ര,

തമിഴ്: കണ്ടന്‍കത്രി

എവിടെകാണാം : കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ഗോവ എന്നിവിടങ്ങളിലെ വരണ്ടസ്ഥലങ്ങളില്‍ കാണാം. 

പുനരുത്പാദനം : വിത്തില്‍ നിന്ന്

ഔഷധപ്രയോഗങ്ങള്‍: കണ്ടകാരി വേര് 60 ഗ്രാം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിക്കുക. തുടര്‍ച്ചയായി 15 ദിവസം സേവിച്ചാല്‍ ചുമ, ശ്വാസംമുട്ട് എന്നിവ മാറിക്കിട്ടും. 

കണ്ടകാരി സമൂലം രണ്ട് കിലോ വെട്ടിയരിഞ്ഞ് 10 ലിറ്റര്‍ വെള്ളത്തില്‍ വെന്ത് രണ്ടര ലിറ്ററാക്കി വറ്റിച്ച് പിഴിഞ്ഞ് അരിച്ചെടുക്കുക. അര ലിറ്റര്‍ എള്ളെണ്ണയില്‍ കണ്ടകാരി വേര്  60 ഗ്രാം ചേര്‍ത്ത് വെണ്ണപോലെ അരച്ച് കല്‍ക്കം ചേര്‍ത്ത് അരക്ക് മധ്യപാകത്തില്‍ കാച്ചി തേച്ചാല്‍ ആമവാതം, സന്ധിവീക്കം ഇവ ശമിക്കും. 

കണ്ടകാരി വേര് പൊടിച്ച് തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ നെഞ്ചിലെ കഫം മാറിക്കിട്ടും. കണ്ടകാരി ഇടിച്ചുപിഴിഞ്ഞ നീര് 100 മില്ലിയില്‍ 30 മില്ലി ബ്രാണ്ടി ചേര്‍ത്ത് കഴിച്ചാല്‍ ദഹനക്കേട് കൊണ്ടുണ്ടാകുന്ന ഛര്‍ദ്ദി ശമിക്കും. കണ്ടകാരി കത്തിച്ച് ആ പുക വായില്‍ കൊണ്ടാല്‍ പല്ലുവേദന, മോണവീക്കം എന്നിവ ശമിക്കും. മൂത്രതടസ്സം ഉണ്ടായാല്‍ കണ്ടകാരി ഇടിച്ചുപിഴിഞ്ഞ നീര് 50 മില്ലി, അതിലേക്ക് 10 ഗ്രാം  നറുനീണ്ടിക്കിഴങ്ങ് അരച്ചുചേര്‍ത്ത് കഴിച്ചാല്‍ തല്‍ക്ഷണം മൂത്രം പോകും. കണ്ടകാരി ഇല അരച്ച് കുഴമ്പാക്കി തേച്ചാല്‍ നീര്, കുരു, പൈല്‍സ് കൊണ്ടുണ്ടാകുന്ന നീരുവീക്കം ഇവ മാറും. 

കണ്ടകാരി വേര്, ചെറുവഴുതന വേര്, വന്‍വഴുതന വേര്, ഞെരിഞ്ഞില്‍, ആടലോടക വേര്, കടുകുരോഹിണി, വേപ്പിന്‍ തൊലി, ചിറ്റമൃത്, കുടകപ്പാലയരി, ദേവതാരം, മുത്തങ്ങക്കിഴങ്ങ്, പര്‍പ്പടകപ്പുല്ല്, കിരിയാത്ത്, ചുക്ക്, കുരുമുളക്, തിപ്പലി ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിക്കുക. 100 മില്ലി വീതം കല്‍ക്കണ്ടം, തേന്‍ ഇവ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടുനേരം നാല് ദിവസം സേവിക്കുക. ചൂടുപനിയൊഴികെയുള്ള എല്ലാവിധ പനികളും മാറിക്കിട്ടും. 

കണ്ടകാരി വേര്, കറിവേപ്പില, ഉണക്കമഞ്ഞള്‍, ആടലോടക വേര് ഇവ ഓരോന്നും 50 ഗ്രാം വീതം ഉണക്കിപ്പൊടിച്ച് 5 ഗ്രാം പൊടി തേനില്‍ ചാലിച്ച് സേവിക്കുക. ആസ്മ, പീനസം( ഇസ്‌നോഫീലിയ), ചുമ ഇവ ശമിക്കും. 

കണ്ടകാരി വേര് 60 ഗ്രാം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയാക്കി വറ്റിച്ച് കല്ലുപ്പ്, കായം ഇവ മേമ്പൊടി ചേര്‍ത്ത് 100 മില്ലി വീതം രണ്ട് നേരം ഏഴ് ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ ഞരമ്പ് വലിവ് മാറും.  

മേല്‍പറഞ്ഞ കഷായത്തില്‍ തിപ്പലിപ്പൊടി മേമ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ ക്ഷതകാസം( ചതവുകൊണ്ടുണ്ടാകുന്ന ചുമ), ക്ഷയകാസം എന്നിവ ശമിക്കും.

9446492774

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.