ജ്യോതിസ്സുകള്‍ക്കും ശക്തി പകരുന്ന ആത്മജ്യോതിസ്സ്

Friday 9 February 2018 2:44 am IST
ബ്രഹ്മം മാത്രമാണ് സത്യമായത്. നാമരൂപങ്ങളായിരിക്കുന്നതെല്ലാം അസത്യമാണ്. അറിവില്ലായ്മ കാരണമാണ് പലതായി കാണുന്നത്. അറിവില്ലായ്മ നീങ്ങുമ്പോള്‍ ശരിയായ ബ്രഹ്മജ്ഞാനം നേടും. സ്വര്‍ണ്ണാഭരണങ്ങളില്‍ സ്വര്‍ണ്ണം മാത്രമാണ് സത്യം. ആഭരണങ്ങളുടെ രൂപവും പേരും വാസ്തവമല്ല.

ജ്യോതിഷാം ജ്യോതി എന്ന് പറഞ്ഞതിനെ വിവരിക്കുന്നു

 അടുത്ത മന്ത്രത്തില്‍...

ന തത്ര സൂര്യോ ഭാതി

 ന ചന്ദ്ര താരകം

നേമാ വിദ്യുതോ ഭാന്തി  

 കുതോയമഗ്‌നി:

തമേവ ഭാന്തമനുഭാതി സര്‍വ്വം 

തസ്യ ഭാസാ സര്‍വ്വമിദം 

വിഭാതി

അവിടെ ആത്മാവില്‍ സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ പ്രകാശിക്കുന്നില്ല. ഇടിമിന്നല്‍ പ്രകാശിക്കുന്നില്ല. അഗ്‌നിയുടെ കാര്യം പറയേണ്ടതില്ല. അതിന്റെ പ്രകാശമാണ് എല്ലാറ്റിന്റെയും പ്രകാശമായി മാറുന്നത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങള്‍ക്കും അഗ്‌നിയ്ക്കുമെല്ലാം ജ്യോതിസ്സിനെ കൊടുക്കുന്നത് ഈ ഒരേ ഒരു പ്രഭവകേന്ദ്രം തന്നെ. അതിന്റെ വെളിച്ചത്തിനു മുന്നില്‍ മറ്റു വെട്ടങ്ങള്‍ ഒന്നുമല്ല. ആ വെളിച്ചമില്ലായിരുന്നുവെങ്കില്‍ ഇവയൊന്നും പ്രകാശിക്കുമായിരുന്നില്ല. ആത്മ ജ്യോതിസ്സിന്റെ സാന്നിദ്ധ്യമുള്ളതുകൊണ്ട് മാത്രമാണ് എല്ലാ വെളിച്ചത്തേയും നാം അറിയുന്നത്.  നമ്മുടെ കണ്ണിലൂടെ ആത്മജ്യോതിസ്സ് പ്രസരിക്കുമ്പോള്‍ എല്ലാ പ്രകാശത്തേയും തിരിച്ചറിയുന്നു.

  'അര്‍ക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിനു കണ്ണു മനമാകുന്ന കണ്ണതിനു കണ്ണായ് നിന്ന പൊരുള്‍..' എന്ന് എഴുത്തച്ഛന്‍ ഹരിനാമകീര്‍ത്തനത്തില്‍ പറയുന്നു.

    ഈ ഉപനിഷദ് മന്ത്രത്തെ ദീപാരാധന വേളയില്‍ ആരതി മന്ത്രമായി ജപിക്കാറുണ്ട്. ആത്മജ്യോതിസ്സിനു മുന്നില്‍ ഒരു തിരിയോ കര്‍പ്പൂരമോ കത്തിച്ച് നമുക്ക് നിര്‍വൃതിയടയാം.

സ്വയം ജ്യോതിസ്വരൂപമായ  ആത്മാവിനെ പ്രകാശിപ്പിക്കുവാന്‍ അവയ്ക്ക് ഒന്നിനും കഴിവില്ല. ലോകത്തിലെ മറ്റുള്ളതിനൊക്കെ വെളിച്ചം പകരാന്‍ ജ്യോതിസ്സുകള്‍ക്ക് കരുത്ത് കൊടുക്കുന്നത് ആത്മജ്യോതിസ്സിന്റെ പക്കല്‍ നിന്നാണ്.

ആത്മചൈതന്യ സ്പര്‍ശമുള്ളതിനാലാണ് ലോകത്തെ എല്ലാറ്റിനും തേജസ്സുണ്ടാകുന്നത്. മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം പോലെയാണ് ആത്മജ്യോതിസ്സിനു മുന്നില്‍ എല്ലാ പ്രകാശ ഗോപുരങ്ങളും. കഠോപനിഷത്തിലും ശ്വേതാശ്വതരോപനിഷത്തിലും ഈ മന്ത്രം കാണാം.

 ബ്രഹ്‌മൈവേദമമൃതം 

പുരസ്താദ്

ബ്രഹ്മ പശ്ചാദ്ബ്രമ ഭക്ഷണതശ്ചോത്തരേണ

അധ ശ്വേര്‍ദ്ധ്വം ച പ്രസൃതം

ബ്രഹ്മൈവേദം വിശ്വമിദം വരിഷ്ഠം

  മുന്നിലും പിന്നിലും വലത്തും ഇടത്തും താഴേയും മുകളിലുമെല്ലാം നാശമില്ലാത്ത ബ്രഹ്മമാണ്. ഈ വിശ്വം മുഴുവന്‍ ബ്രഹ്മമാണ്. ഏറ്റവും ശ്രേഷ്ഠമായതും ബ്രഹ്മം തന്നെയാണ്.

   ബ്രഹ്മം മാത്രമാണ് സത്യമായത്. നാമരൂപങ്ങളായിരിക്കുന്നതെല്ലാം അസത്യമാണ്. അറിവില്ലായ്മ കാരണമാണ് പലതായി കാണുന്നത്. അറിവില്ലായ്മ നീങ്ങുമ്പോള്‍ ശരിയായ ബ്രഹ്മജ്ഞാനം നേടും. സ്വര്‍ണ്ണാഭരണങ്ങളില്‍ സ്വര്‍ണ്ണം മാത്രമാണ് സത്യം. ആഭരണങ്ങളുടെ രൂപവും പേരും വാസ്തവമല്ല.

കളിമണ്‍ പാത്രങ്ങളില്‍ കളിമണ്ണ് മാത്രമാണ് സത്യം. പാത്രങ്ങള്‍ ഉടഞ്ഞാലും മണ്ണ് നിലനില്‍ക്കും. ഈ ലോകം ബ്രഹ്മം തന്നെയാണ്. അതുകൊണ്ട് ഏറ്റവും ഉത്തമമായതും അതുതന്നെ. ഇരുണ്ട വെളിച്ചത്തില്‍ കയറിനെ കണ്ട് പാമ്പാണെന്ന്  തെറ്റിദ്ധരിക്കും പോലെയാണ് ജഗത്ത് വാസ്തവത്തിലുള്ളതെന്ന് കരുതുന്നത്. അറിവില്ലായ്മ കൊണ്ടാണിത്. അവിദ്യ നീങ്ങുക തന്നെ വേണം. ബ്രഹ്മം ഒന്നു മാത്രമേ പരമാര്‍ത്ഥമായ സത്യമുള്ളൂവെന്നാണ് വേദങ്ങള്‍ അനുശാസിക്കുന്നത്.

ഇതോടെ രണ്ടാം മുണ്ഡകത്തിലെ രണ്ടാം ഖണ്ഡം തീര്‍ന്നു.

തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.