പോലീസ് അമേരിക്കയിലും ഇവിടെയും

Friday 9 February 2018 2:30 am IST

ജനോപകാര പ്രവര്‍ത്തനങ്ങളിലൂടെ പോലീസ് ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കണമെന്ന കേരള മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് ഈ കത്തിനാധാരം. പെരുമാറ്റത്തില്‍ വിനയവും നിയമനം നടപ്പാക്കുന്നതില്‍ കാര്‍ക്കശ്യവുമാണ് പോലീസുകാര്‍ പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍വച്ച് ഇതെഴുതുന്നയാള്‍ക്കുണ്ടായ ഒരു അനുഭവമാണ് ഇവിടെ ഓര്‍മ്മവരുന്നത്. ചിക്കാഗോയില്‍ മോട്ടോര്‍ അപകടവുമായി ബന്ധപ്പെട്ട് ഒരു കോടതിയില്‍ കുറെ സമയം ഇരിക്കേണ്ടതായി വന്നു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ കക്ഷികളോടുള്ള പെരുമാറ്റം കണ്ടപ്പോള്‍ അദ്ഭുതം തോന്നി. കോടതിയില്‍ ഹാജരായിട്ടുള്ള സാധാരണക്കാരെപ്പോലും എത്ര ആദരവോടെയാണെന്നോ 'സര്‍' എന്ന് അഭിസംബോധന ചെയ്യുന്നത്. സൗമ്യതയും ഭവ്യതയുമാണ് അമേരിക്കയിലെ പോലീസുകാരുടെ മുഖമുദ്രയെന്നു തോന്നുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രമേ അവിടെ പോലീസ് വകുപ്പില്‍ നിയമിക്കുകയുള്ളൂ എന്നറിയാന്‍ കഴിഞ്ഞു.

അമേരിക്കയിലെ പോലീസുകാര്‍ ക്രിമിനോളജിയിലും  ബിരുദം കരസ്ഥമാക്കിയവരാണെങ്കില്‍ കേരളത്തിലെ പോലീസുകാരുടെ പ്രധാന യോഗ്യത ഒരുകാലത്ത് 'പൊക്കവും വണ്ണവും' ആയിരുന്നു. വിദ്യാഭ്യാസത്തിന് രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് പഴയകാല പോലീസുകാരുടെ മര്‍ദ്ദനം സഹിക്കാം; തെറിയാണ് അസഹനീയമെന്ന് പറഞ്ഞുകേട്ടിരുന്നത്. അപ്പൂപ്പനാകാന്‍ പ്രായമുള്ളവരെപ്പോലും 'എടാ' എന്നുവിളിക്കാന്‍ അവര്‍ക്ക് ജാള്യത ഉണ്ടായിരുന്നില്ലത്രെ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലീസ് വണ്ടി വരുന്നതുകാണുന്ന ഗ്രാമീണര്‍ 'ഇടിവണ്ടി വരുന്നേ' എന്നുവിളിച്ചുകൂവിക്കൊണ്ട് ഓടിമറഞ്ഞിരുന്നു എന്നും പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. സഹൃദയരായ നാട്ടുകാര്‍ അന്നത്തെ പോലീസുകാരുടെ പ്രത്യേക കഴിവുകള്‍ക്ക് അനുസരണമായി ഓരോ വിശേഷണങ്ങള്‍ പേരിനൊപ്പം ചാര്‍ത്തിക്കൊടുത്തിരുന്നു. അങ്ങനെയാണ് എല്ലൂരി നാറാപിള്ള, അമുക്കന്‍ അവുസേപ്പ്, ഇടിയന്‍ മത്തായി, ഇരുട്ടടി കുട്ടന്‍പിള്ള, ഉടുമ്പ് മമ്മത് തുടങ്ങിയവര്‍ പ്രസിദ്ധരായത്.

ഏതു കൊലകൊമ്പനേയും പിടികൂടാനുള്ള വൈഭവം കേരളാ പോലീസിനുണ്ടെന്ന്  ചില സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇനിയും അതു തുടരുമെന്ന് പ്രതീക്ഷിക്കാം. പോലീസുകാരുടെ യൂണിഫോറം അമേരിക്കയിലെപ്പോലെ സംസ്‌കാരത്തിന്റെയും സൗമ്യതയുടെയും പ്രതീകമായ വെള്ളനിറത്തിലാക്കുന്നതു നന്നായിരിക്കും.

വി.എസ്. ബാലകൃഷ്ണപിള്ള,

മണക്കാട്, തൊടുപുഴ

ഇതാണോ പുരോഗമനം?

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പത്‌സ് കേരള സംസ്ഥാന ശാസ്ത്ര സമ്മേളനത്തില്‍ എംഎല്‍എ എ.എം. ആരിഫ്, തനിക്ക് വാക്‌സിനേഷനില്‍ വിശ്വാസമില്ല എന്നും തന്റെ രണ്ടുമക്കള്‍ക്കും വാക്‌സിനേഷന്‍ എടുത്തിട്ടില്ല എന്നും പറഞ്ഞത് എം.ആര്‍.(മീസില്‍സ്-റുബെല്ല)വാക്‌സിനെതിരെ സംസാരിച്ചതും തികച്ചും അപലനീയമായിപ്പോയി.

സിപിഎം പുരോഗമനാശയങ്ങള്‍ക്കുവേണ്ടിയും വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടിയുമൊക്കെ നിലപാടെടുക്കുന്ന പാര്‍ട്ടിയാന്നല്ലേ പറയാറുള്ളത്. എന്നിട്ടും ആ പാര്‍ട്ടിയിലെ ഒരു എംഎല്‍എ ഇങ്ങനെ പിന്തിരിപ്പന്‍ ആശയങ്ങളുടെ പുറകേ പോകുന്നതെന്തുകൊണ്ടാണ്?കേരള സര്‍ക്കാരും ആരോഗ്യവകുപ്പും ഐഎംഎയും  കെജിഎംസിടിഎയും കെജിഎംഒയുമെല്ലാം എം.ആര്‍. വാക്‌സിനേഷന്‍ പരിപാടി വിജയിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ്. അപ്പോഴാണ് സര്‍ക്കാരിന്റെ ഭാഗമായ, പൊതുജനത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള ഈ ജനപ്രതിനിധി(?)'പാലം വലിച്ചിരിക്കുന്നത്!' 

ജോണ്‍ ജോര്‍ജ്, തൃശൂര്‍

നിയമസഭയിലെ അവഹേളനാത്മക നിദ്ര!

ഒരു സംസ്ഥാനത്തിന്റെ വരുംവര്‍ഷത്തെ ജനസേവന പ്രക്രിയയുടെ പ്രതീക്ഷകള്‍ക്ക് വഴികാട്ടിയാകേണ്ട ഇടതുപക്ഷ സര്‍ക്കാരിന്റെ, എല്ലാം ശരിയാക്കാന്‍ കച്ചകെട്ടി പുറപ്പെട്ട പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന്റെ സുപ്രധാന ബജറ്റ് അവതരണം സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ നിര്‍വഹിക്കുമ്പോള്‍ എല്ലാം ശരിയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇടതുപക്ഷ സാമാജികരുടെ ജനസേവന താല്‍പര്യം വെളിവാക്കുന്ന 'സുഷുപ്തിയുടെ ദൃശ്യം' 'ജന്മഭൂമി' പ്രാധാന്യത്തോടെ  മുന്‍പേജില്‍ നല്‍കിയത് ശ്ലാഘനീയവും ഉത്തമവുമായി.

ഇതിലൊന്നും ഞങ്ങള്‍ക്ക് അശ്ശേഷം താല്‍പര്യമില്ലെന്ന് വെളിവാക്കി മുന്‍മുഖ്യമന്ത്രിയും ഇപ്പോഴത്തെ എംഎല്‍എയും പോരാത്തതിന് ഭരണപരിഷ്‌കരണ കമ്മറ്റി ചെയര്‍മാനുമായ സാക്ഷാല്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ഉറക്കം തിമിര്‍ക്കുകയാണ് നമ്മുടെ കവി മന്ത്രി സുധാകരനും ഹാസ്യസാമ്രാട്ട് എം.എം. മണിയും മുസ്ലിംലീഗില്‍നിന്നും കുഞ്ഞാലിശല്യമൊഴിവാക്കാന്‍ സിപിഎമ്മിന് ആശ്രിതനായെത്തിയ കെ.ടി. ജലീലും! റോമാസാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെ!

മുപ്പതും മുപ്പത്തഞ്ചും നീണ്ട വര്‍ഷങ്ങള്‍ കേരള സര്‍ക്കാരിന്റെ ഭാഗമായ കെഎസ്ആര്‍ടിസിയില്‍ പണിയെടുത്ത് നടുവൊടിഞ്ഞ ആയിരങ്ങള്‍ക്ക് തികച്ചും അര്‍ഹതപ്പെട്ട് നീക്കിവയ്ക്കപ്പെട്ട വേതനമായ പെന്‍ഷന്‍ നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് അരങ്ങേറിയ ആത്മഹത്യകള്‍ ഇതിനൊക്കെ നേരിട്ട് സാക്ഷ്യംവഹിച്ച കേരളീയരുടെ വികാരം നിയമസഭയില്‍ പ്രകടിപ്പിക്കപ്പെടുമ്പോള്‍ കാട്ടുപോത്തുകള്‍ക്കു പോലും ഉറങ്ങാന്‍ കഴിയില്ലത്രെ! ഇവരാണ് നമ്മുടെ ജനനേതാക്കള്‍! ഇവരാണ് സംസ്ഥാനത്തിന്റെ ചെലവില്‍ സ്വര്‍ഗ്ഗസമാന ആനുകൂല്യങ്ങള്‍ ഉളുപ്പില്ലാതെ അനുഭവിച്ച് ജനങ്ങളെ നോക്കി പരിഹസിച്ചു ചിരിക്കുന്നത്!

സി.പി. ഭാസ്‌കരന്‍, നിര്‍മ്മലഗിരി, കണ്ണൂര്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.