ഓടിക്കിതച്ച് കൊച്ചി മെട്രോ

Friday 9 February 2018 2:00 am IST

കൊച്ചി: കൊച്ചിയുടെ സ്വപ്‌ന പദ്ധതിയായ മെട്രോ റെയില്‍ നിലനില്‍പ്പിനായി പെടാപ്പാട് പെടുന്നു. വരുമാനവും ചെലവും തമ്മിലുള്ള അന്തരമേറിയതോടെ മെട്രോ ഓടിക്കിതയ്ക്കുകയാണ്. വരുമാനവര്‍ധനവിനായി തയ്യാറാക്കിയ പദ്ധതികള്‍ക്ക് ഇടത് സര്‍ക്കാര്‍ തന്നെ തുരങ്കം വെച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

രാജ്യത്തെ ഒട്ടുമിക്ക മെട്രോകളും ലാഭത്തിലല്ലായിരുന്നു. ടിക്കറ്റിതര വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിയാണ് മെട്രോകള്‍ പിടിച്ചുനിന്നത്. കൊച്ചി മെട്രോയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ വരുമാനമാര്‍ഗ്ഗമുണ്ടാക്കുന്നതിനുള്ള ചില പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. അതില്‍ പ്രധാനം, കാക്കനാട് മെട്രോ ടൗണ്‍ഷിപ്പ് സ്ഥാപിക്കലായിരുന്നു. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന്റെ സ്ഥലത്ത് പാര്‍പ്പിട-വാണിജ്യസമുച്ചയങ്ങള്‍ നിര്‍മ്മിച്ച് വരുമാനമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി പദ്ധതികള്‍ക്ക് രൂപരേഖയും തയ്യാറാക്കി. എന്നാല്‍, സ്ഥലം കെഎംആര്‍എല്ലിന് വിട്ടുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നതാണ് തിരിച്ചടിയായത്.

 നിലവില്‍ കൊച്ചി മെട്രോ 18 ലക്ഷത്തോളം രൂപ നഷ്ടത്തിലാണ് ദിവസേന സര്‍വീസ് നടത്തുന്നത്. 35 ലക്ഷത്തോളം രൂപയാണ് ഒരുദിവസത്തെ സര്‍വീസുകളുടെ നടത്തിപ്പിനായി വേണ്ടത്. ടിക്കറ്റിതര വരുമാനമാര്‍ഗ്ഗമാകട്ടെ ആറുലക്ഷം രൂപ തികച്ചു കിട്ടാത്ത സ്ഥിതിയാണ്. മെട്രോത്തൂണുകളില്‍ പരസ്യബോര്‍ഡുകള്‍ നല്‍കിയാണ് ഇതിലേറെയും നേടുന്നത്. സ്‌റ്റേഷനുകളിലും മെട്രോ ട്രെയിനിലും ഷൂട്ടിംഗുകള്‍ക്ക് നല്‍കി വരുമാനമുണ്ടാക്കാനും ശ്രമിച്ചു. എന്നാല്‍, ഇവ വേണ്ടത്ര വിജയം കണ്ടില്ല. 

മെട്രോ സ്‌റ്റേഷനുകളില്‍ വാണിജ്യസമുച്ചയങ്ങള്‍ പണിത് വരുമാനമുണ്ടാക്കാന്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതിന് നിക്ഷേപം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇടത് സര്‍ക്കാര്‍ ഇതിനായി പണം നീക്കിവെച്ചില്ല. സംസ്ഥാന ബജറ്റിലും മെട്രോയ്ക്ക് മാത്രമായി ഒരുരൂപപോലും നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ മെട്രോയെ രക്ഷിക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.

ആലുവ മുതല്‍ മഹാരാജാസ് കോളേജ് വരെയാണ് ഇപ്പോള്‍ ട്രെയിന്‍ സര്‍വീസുള്ളത്. ഇത് വൈറ്റില വരെയായാല്‍ യാത്രക്കാരുടെ എണ്ണമേറുമെന്നാണ് പ്രതീക്ഷ. നിലവില്‍ 35,000 മുതല്‍ 50,000 വരെ ആളുകളാണ് മെട്രോയില്‍ യാത്ര ചെയ്യുന്നത്. ഇത് മുക്കാല്‍ ലക്ഷം മുതല്‍ ഒരുലക്ഷം വരെയായി ഉയര്‍ന്നെങ്കില്‍ മാത്രമേ മെട്രോ ലാഭത്തിലാകുകയുള്ളൂ. 

തൃപ്പൂണിത്തുറ വരെ സര്‍വീസ് ആരംഭിക്കുന്നതോടെ മെട്രോ ലാഭത്തിലാകുമെന്നാണ്് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി) അധികൃതര്‍ പറയുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.