പെന്‍ഷന്‍കാര്‍ ജീവനൊടുക്കുമ്പോള്‍

Friday 9 February 2018 2:45 am IST

തൊഴിലാളിവര്‍ഗ്ഗത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടവും പറയുന്ന സിപിഎമ്മിന്റെ ഭരണത്തില്‍ പെന്‍ഷന്‍ പറ്റിയ തൊഴിലാളികള്‍ ആത്മഹത്യ ചെയ്യുന്നു. ഇന്നലെ രണ്ട് മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരാണ് ജീവിക്കാന്‍ വഴിയില്ലാത്തതിന്റെ പേരില്‍ ജീവനൊടുക്കിയത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഒന്ന് കെഎസ്ആര്‍ടിസി ആയിരുന്നു. നഷ്ടത്തിലായ കോര്‍പ്പറേഷനെ ലാഭത്തിലാക്കും. പെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കും എന്നൊക്കെയായിരുന്നു അവകാശ വാദം. വേഴാമ്പല്‍ ദാഹജലത്തിനായി കാക്കുമ്പോലെ ഇരുന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങള്‍. പക്ഷേ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടുവര്‍ഷമായിട്ടും ഒന്നും നടന്നില്ല. 

പെന്‍ഷന്‍കാര്‍ വ്യത്യസ്ത രീതിയിലുള്ള സമരമുറകള്‍ നടത്തിയതുമാത്രം മിച്ചം. അവസാനം ബജറ്റില്‍ പെന്‍ഷന്‍ സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശമുണ്ടാകുമെന്ന് കരുതി. പെന്‍ഷന്‍ കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന് പ്രതീക്ഷിച്ചു. ഒന്നും സംഭവിച്ചില്ല. പെന്‍ഷന്‍ പ്രശ്‌നത്തില്‍ നിന്ന് സര്‍ക്കാര്‍ തലയൂരുന്നതാണ് കണ്ടത്. പെന്‍ഷന്റെ ബാധ്യത സഹകരണ മേഖലയില്‍ വച്ചുകൊടുത്തു. അത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ തന്നെ കടമ്പകളേറെ. അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടതോടെയാണ് ജീവനക്കാര്‍ ആത്മഹത്യയില്‍ അഭയം കണ്ടത്. ഇന്നലെ രണ്ടുപേര്‍കൂടി മരിച്ചതോടെ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. പെന്‍ഷന്‍കാരുടെ പ്രശ്‌നം ഇതുവരെ അറിയാത്തതുപോലെയാണ് ഈ നടപടി. 

സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ല്‍ ശ്രീ ചിത്തിര തിരുനാള്‍ ഉദ്ഘാടനം ചെയ്ത തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റാണ് 1965 ഏപ്രില്‍ ഒന്നിന് സ്വയംഭരണാധികാരമുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായത്. 1970-വരെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പിന്നീട് നഷ്ടത്തിലായി. മറ്റ് സംസ്ഥാനങ്ങളിലെ പൊതുഗതാഗത മേഖലയും കേരളത്തിലെ സ്വകാര്യ ഗതാഗത മേഖലയും ലാഭത്തിന്റെ കണക്കുകള്‍ നിരത്തുമ്പോഴാണ് കെഎസ്ആര്‍ടിസിയുടെ നഷ്ടത്തിലേക്കുള്ള പോക്ക്. ഇതിനു പിന്നില്‍ ഭരിച്ചവരുടെ അഴിമതിയും കെടുകാര്യസ്ഥതയും ആയിരുന്നുവെന്നതിന് മറ്റ് തെളിവുകള്‍ ആവശ്യമില്ല. പ്രതിമാസം 130 കോടിയോളം രൂപ നഷ്ടം സഹിച്ചാണ് ഇപ്പോള്‍ സ്ഥാപനം ഓടുന്നത്. അതുകൊണ്ടുതന്നെ ഇതുവേണമോയെന്ന് ചിന്തിക്കുന്നവരുമുണ്ട്. 

പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ നല്‍കാതിരിക്കാന്‍ ചൂണ്ടിക്കാണിക്കുന്നതും ഈ നഷ്ടത്തിന്റെ കണക്കാണ്. ലാഭനഷ്ടക്കണക്കല്ല, കെഎസ്ആര്‍ടിസിയെ മുന്നോട്ടു നയിക്കേണ്ടത്. വൈദ്യുതി ബോര്‍ഡ്, ജല അതോറിറ്റി തുടങ്ങിയവപോലെ പൊതുജന സേവനത്തിനാണ് പ്രഥമ സ്ഥാനം നല്‍കേണ്ടത്. പൊതുധനം ചെലവഴിച്ച് നടത്തുന്ന പൊതുജനാരോഗ്യം, പൊതുഭരണ സംവിധാനം, പൊതുവിദ്യാഭ്യാസം എന്നിവപോലെ ജനങ്ങള്‍ക്ക് ലഭ്യമാകേണ്ട സേവനമാണ് പൊതു ഗതാഗതസൗകര്യവും. ഈ കാഴ്ചപ്പാടില്‍ അവശ്യം വേണ്ട മൂലധന നിക്ഷേപം സര്‍ക്കാര്‍ നടത്തുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അരനൂറ്റാണ്ട് പിന്നിട്ട കോര്‍പ്പറേഷനിലെ സര്‍ക്കാര്‍ മൂലധനം 500 കോടിക്കടുത്ത് മാത്രമാണെന്ന് അറിയുമ്പോഴാണ് ചിത്രം വ്യക്തമാകുന്നത്. 

സ്ഥാപനത്തിന്റെ ചാലകശക്തി തൊഴില്‍ ശക്തിയാണ്. കെഎസ്ആര്‍ടിസിയില്‍ കഠിനാദ്ധ്വാനം ചെയ്ത തൊഴിലാളികള്‍ അവകാശ നിഷേധത്തിനും അവഗണനയ്ക്കും ഇരയാകുന്നു. അരലക്ഷത്തോളം വരുന്ന താല്‍ക്കാലിക ജീവനക്കാരുടെ ജീവിതാവസ്ഥ അതിദയനീയവും. ജോലി എപ്പോള്‍ പോകുമെന്ന ഭയം മാത്രമല്ല, ചെയ്ത ജോലിക്ക് പണം കിട്ടുമോയെന്ന സംശയവും ഇവരെ നയിക്കുന്നു. ആയുഷ്‌കാലം മുഴുവന്‍ കോര്‍പ്പറേഷനെ സേവിച്ചശേഷം പിരിഞ്ഞുപോയവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന വികാരം ജനിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുണ്ട്. 

തൊഴിലാളി സ്‌നേഹം പുറത്തെങ്കിലും പറയുന്ന ഇടതു സര്‍ക്കാരിന് പാവപ്പെട്ട പെന്‍ഷന്‍കാരുടെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കരുതാനാവില്ല. അതിനുള്ള കാഴ്ചപ്പാടും തീരുമാനം യാഥാര്‍ത്ഥ്യമാക്കാനുള്ള മാര്‍ഗ്ഗവുമാണ് ഉണ്ടാകേണ്ടത്. അത് സംസ്ഥാന സര്‍ക്കാരിനില്ല എന്നതാണ് ദുര്യോഗം. രാജ്യത്ത് നടക്കുന്ന ഒറ്റപ്പെട്ട കര്‍ഷക ആത്മഹത്യയുടെ പേരില്‍ കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിനെ ആക്ഷേപിക്കുന്ന കേരളത്തിലെ ഭരണകക്ഷി നേതാക്കള്‍ പെന്‍ഷന്‍കാരുടെ ആത്മഹത്യയെ എങ്ങനെ വിലയിരുത്തും എന്നറിയേണ്ടതുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.