കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ വനിതകള്‍ക്ക് തൊഴില്‍ അവസരം

Friday 9 February 2018 2:00 am IST
സ്വയം സംരംഭകരാകാനുള്ള അവസരങ്ങള്‍ ഇനി വനിതകള്‍ക്ക് നഷ്ടപ്പെടില്ല, തൊഴില്‍ രംഗത്തേക്ക് ആത്മവിശ്വാസത്തോടെ ചുവടുവെയ്ക്കാം ഒപ്പം കുടുംബശ്രീയുടെ കൈത്താങ്ങും.

 

കോട്ടയം: സ്വയം സംരംഭകരാകാനുള്ള അവസരങ്ങള്‍ ഇനി വനിതകള്‍ക്ക് നഷ്ടപ്പെടില്ല, തൊഴില്‍ രംഗത്തേക്ക് ആത്മവിശ്വാസത്തോടെ ചുവടുവെയ്ക്കാം ഒപ്പം കുടുംബശ്രീയുടെ കൈത്താങ്ങും. 

കേന്ദ്രസര്‍ക്കാരിന്റെ എസ്‌വിഇപി (സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം)യിലൂടെയാണ് ആയിരക്കണക്കിനു വനിതകള്‍ തൊഴിലുടമകളാകുന്നത്. റൂറല്‍-അര്‍ബന്‍ വിഭാഗങ്ങളിലായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് തൊഴില്‍ പരിശീലനം നല്‍കുന്നത്. കമ്പ്യൂട്ടര്‍ പരിശീലനം, അക്കൗണ്ടന്‍സി, ടാലി, ഡെന്റല്‍ സെറാമിക്, ടെയ്‌ലറിംഗ് തുടങ്ങിയ മേഖലകളിലാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. കുടുംബശ്രീകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനശേഷം കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇവര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാനും തൊഴില്‍ കണ്ടെത്താനും കുടുംബശ്രീയുടെ സഹായമുണ്ടാകും.   

ജില്ലയില്‍ വൈക്കം ബ്ലോക്കില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ  പ്രൊജക്റ്റ്  റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചു. പദ്ധതി പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിനായി മൈക്രോഎന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതും ആരംഭിച്ചു. 

കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള ചെറുകിട സംരംഭങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ ഡിഎംസി സുരേഷ് പി.എന്‍ പറഞ്ഞു. 5.97 കോടിയാണ് പദ്ധതിയുടെ നടത്തിപ്പ് ചെലവ്. നാലു വര്‍ഷത്തേക്കാണ് പദ്ധതിയുടെ പ്രാരംഭ ഘട്ടം. ബ്ലോക്കിലേക്ക് നിലവില്‍ 7 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.