മുന്‍ ആര്‍ച്ച് ബിഷപ്പുമാരുടെ മരണം അന്വേഷിക്കണം

Friday 9 February 2018 2:30 am IST

കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള രൂപതകളിലും മതസ്ഥാപനങ്ങളിലും 15വര്‍ഷത്തിനുള്ളില്‍ നടന്നിട്ടുള്ള ഭൂമി വില്‍പ്പനകളും സാമ്പത്തിക ഇടപാടുകളും പള്ളിപ്പിരിവുകളും അന്വേഷിക്കണമെന്ന് കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ ഓപ്പണ്‍ ചര്‍ച്ച് മൂവ്മെന്റ്. 

മുന്‍ പിതാക്കന്മാരായ മാര്‍ എബ്രഹാം കാട്ടുമന, മാര്‍ ആന്റണി പടിയറ, വര്‍ക്കി വിതയത്തില്‍ എന്നിവരുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങള്‍ അന്വേഷിക്കണം. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണം. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും ഈ ഗതി തന്നെയാകും സംഭവിക്കുക. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് ചെയര്‍മാന്‍ റെജി ഞള്ളാനി മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികാരികള്‍ക്കും പരാതി നല്‍കിയത്.

എറണാകുളം ലിസ്സി ആശുപത്രിയുടേയും സന്നദ്ധസംഘടനയായ സേവ് എ ഫാമിലിയുടെയും സ്ഥലമിടപാടുകള്‍, പണമിടപാട്, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നിവ സമഗ്രമായി അന്വേഷിക്കണം. ലിസി ആശുപത്രിക്കു വേണ്ടി വാങ്ങിയ ഭൂമി ഇടപാടില്‍ സഭയ്ക്ക് നഷ്ടമായത് എത്ര കോടിയാണെന്ന് പോലും ആര്‍ക്കും അറിയില്ല. 

ഇതൊന്നും അന്വേഷിക്കാന്‍ ആവശ്യപ്പെടാന്‍ സഭയില്‍ ആരുമില്ല. ഈ മൗനം മേജര്‍ ആര്‍ച്ച് ബിഷപ്പ് ആലഞ്ചേരിക്കെതിരായ ആസൂത്രിത നീക്കമാണോയെന്ന് സംശയം ബലപ്പെടുത്തുന്നതായി ചെയര്‍മാന്‍ റെജി ഞള്ളാനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കല്‍ദായ ആരാധനാക്രമത്തിനു വേണ്ടിയും ലാറ്റിന്‍ പാരമ്പര്യത്തിനു വേണ്ടിയും വാദിക്കുന്ന രണ്ടു പ്രബല വിഭാഗങ്ങളാണ് ഇന്ന് സീറോ മലബാര്‍ സഭയിലുള്ളത്. യുദ്ധസമാനമായ സ്ഥിതിയാണ് സഭയ്ക്കുള്ളില്‍. ഇതിന്റെ പ്രതിഫലനമാണ് കര്‍ദ്ദിനാളിനെതിരെയുള്ള നീക്കം. കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കെതിരായ സാമ്പത്തികാരോപണങ്ങള്‍ അദ്ദേഹം ആദ്യ പാത്രിയാര്‍ക്കീസ് ആകുന്നത് തടയുകയെന്ന ലക്ഷ്യം വെച്ചുള്ളതാണെന്നും റെജി ആരോപിച്ചു. ഇദ്ദേഹം ഈ പദവിയിലെത്തിയാല്‍ കല്‍ദായ ആരാധനാ ക്രമം സഭയില്‍ നടപ്പാകും. ഇത് തടയുന്നതിനായി മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ചതിയില്‍ കുടുക്കുകയായിരുന്നോയെന്ന് അന്വേഷിക്കണമെന്നും റെജി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.