സൗദിയില്‍ കുടുങ്ങിപ്പോയ സ്ത്രീയെ രക്ഷപ്പെടുത്തി

Friday 9 February 2018 2:30 am IST

ഹൈദരാബാദ്: ജോലി വാഗ്ദാനം ചെയ്ത് സൗദിയിലെത്തിച്ച് ക്രൂരപീഡനം അനുഭവിക്കേണ്ടിവന്ന ഇന്ത്യക്കാരിയെ എംബസ്സി ഇടപെട്ട് രക്ഷപ്പെടുത്തി. ഹൈദരാബാദ് സ്വദേശി സമീന ബീഗമാണ് (29) രക്ഷപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയത്. 

പ്രതിമാസം 1,000 റിയാല്‍ ശമ്പളത്തിന് ബ്യൂട്ടീഷന്‍ ജോലി വാഗ്ദാനം ചെയ്താണ് ഏജന്റ് സമീനയെ സൗദിയിലെത്തിച്ചത്. എന്നാല്‍ സൗദിയിലെത്തിയശേഷമാണ് കബളിപ്പിക്കപ്പെട്ട  വിവരം അറിയുന്നത്.

  തുടര്‍ന്ന് മുന്നു വീടുകളിലെ വീട്ടു ജോലി നിര്‍ബന്ധിച്ച് ഇവരെക്കൊണ്ട് ചെയ്യിക്കാന്‍ തുടങ്ങി.

  അവിടെവെച്ച് സമീനയുടെ ആരോഗ്യ സ്ഥിതി മോശമായപ്പോള്‍ ചികിത്സ നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നു മാത്രമല്ല, വിവാഹം ഉള്‍പ്പടെയുള്ള പൊതു ചടങ്ങില്‍ പോയി ഭക്ഷണം യാചിക്കാനും ഏജന്റ് ആവശ്യപ്പെട്ടു.

തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങണമെന്ന് സമീന ഏജന്റിനെ അറിയിച്ചെങ്കിലും തിരിച്ചു പോകണമെങ്കില്‍ രണ്ടു ലക്ഷം രൂപ നല്‍കാന്‍ അയാള്‍ ആവശ്യപ്പെട്ടു. 

കൂടാതെ എംബസി ഇടപെട്ട് സമീനയെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചപ്പോള്‍ ഏജന്റിനെതിരെ പരാതി നല്‍കില്ലെന്ന് തന്നെക്കൊണ്ട് അയാള്‍ വാഗ്ദാനം ചെയ്യിപ്പിച്ചെന്നും അവര്‍ പറഞ്ഞു. 

ഇന്ത്യയില്‍ തിരിച്ചെത്താന്‍ സഹായിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, സൗദിയിലെ ഇന്ത്യന്‍ എംബസി എന്നിവര്‍ക്കും സമീന നന്ദി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.