റെക്കോഡ് മന്നന്‍

Friday 9 February 2018 2:40 am IST

കേപ്ടൗണ്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ദക്ഷിണാഫ്രിക്കയില്‍ പടയോട്ടം തുടുരുന്നു. ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചകറ്റി കുതിച്ചുപായുന്ന കോഹ് ലി മൂന്ന് ഏകദിനങ്ങളില്‍ രണ്ടെണ്ണത്തിലും സെഞ്ചുറി കടന്നു. കേപ്ടൗണില്‍ 160 റണ്‍സുമായി അജയ്യനായി നിന്നതോടെ വിരാടിന്റെ തൊപ്പിയില്‍ മറ്റൊരു തുവല്‍ കൂടി പറന്നുകയറി. ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (12) കുറിച്ചതിന്റെ റെക്കോഡ്്. സൗരവ് ഗാംഗുലിയെയാണ് ഇന്ത്യന്‍ നായകന്‍ റെക്കോഡ് ബുക്കില്‍ നിന്ന് പടിയിറക്കി വിട്ടത്.

കോഹ്‌ലിയുടെ സെഞ്ചുറിക്കരുത്തില്‍ മൂന്നാം മത്സരത്തില്‍ 124 റണ്‍സിന്റെ കൂറ്റന്‍ വിജയത്തോടെ ഇന്ത്യ ആറു മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മറികടക്കാന്‍ പാറ്റാത്ത 3-0 ന്റെ ലീഡ് സ്വന്തമാക്കി. ഒറ്റവിജയം കൊണ്ട് ഇന്ത്യക്കിനി പരമ്പര കീശയിലാക്കാം. നാലാം മത്സരം നാളെ ജൊഹന്നസ്ബര്‍ഗില്‍ നടക്കും

43-ാം ഇന്നിങ്ങ്‌സിലാണ് കോഹ്‌ലി ക്യാപ്റ്റനെന്ന നിലയില്‍ 12-ാം സെഞ്ചുറി നേടിയത്. ഗാംഗുലി 142 ഇന്നിങ്ങ്‌സിലാണ് പതിനൊന്ന് സെഞ്ചുറികള്‍ നേടിയത്. വിരാട് കോഹ്‌ലിക്ക് മുന്നില്‍ ഇനി രണ്ട് താരങ്ങള്‍ മാത്രം. ഓസീസിന്റെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങും (220 ഇന്നിങ്ങ്‌സില്‍ 22 സെഞ്ചുറി) ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്‌സും (98 ഇന്നിങ്ങ്‌സില്‍ 13 സെഞ്ചുറി).

ഗാംഗുലിയുടെ മറ്റൊരു റെക്കോഡു കൂടി കോഹ്‌ലി തകര്‍ത്തു. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഏറ്റവും ഉയര്‍ന്ന വ്യക്തഗതി സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന് റെക്കോഡാണ് കോഹ്‌ലി മറികടന്നത്. 2001 ല്‍ ജൊഹന്നസ് ബര്‍ഗില്‍ ഗാംഗുലി കുറിച്ചിട്ട 127 റണ്‍സിന്റെ റെക്കോഡാണ് തിരുത്തപ്പെട്ടത്.

കേപ്ടൗണില്‍ കോഹ്‌ലി നേടിയ 160 റണ്‍സില്‍ നൂറു റണ്‍സും ഓടിയെടുത്തതാണ്. 75 സിംഗിള്‍സും, 11 ഡബിള്‍സും , ഒരു ട്രിപ്പിളും ഇതില്‍ ഉള്‍പ്പെടുന്നു. 60 റണ്‍സ് ബൗണ്ടറികളിലൂടെയാണ് നേടിയത്്.

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ഓടിയെടുത്ത താരം ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഗ്യാരി ക്രിസ്റ്റിയനാണ്. 1996 ലെ ലോകകപ്പില്‍ യു്എഇക്കെതിരായ മത്സരത്തില്‍ ക്രിസ്റ്റന്‍ നേടിയ 188 റണ്‍സില്‍ 112 റണ്‍സും ഓടിയാണെടുത്തത്.

മൂന്ന് മത്സരങ്ങളില്‍ കോഹ്‌ലിക്ക് 318 റണ്‍സായി. ഇതും റെക്കോഡാണ്. ദക്ഷിണാഫ്രിക്കയില്‍ ഉഭയകക്ഷി പരമ്പരക്കെത്തിയ മറ്റ് ബാറ്റ്‌സ്മാന്മാരാരും ഇത്രയും റണ്‍സ് നേടിയിട്ടില്ല. 2001-02 ല്‍ ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് നേടിയ 283 റണ്‍സിന്റെ റെക്കോഡാണ് കോഹ്‌ലി മറകടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.