ആടിയും പാടിയും രാജേട്ടനൊപ്പം ബസ്സ് യാത്ര

Friday 9 February 2018 2:45 am IST

തിരുവനന്തപുരം: പാട്ടുപാടിയും പുറംകാഴ്ച ആസ്വദിച്ചും കുട്ടികള്‍ പുതുബസ്സിലെ കന്നിയാത്ര ആസ്വദിച്ചു. ഒപ്പം യാത്ര ചെയ്യാന്‍ പ്രിയപ്പെട്ട രാജേട്ടനും തയ്യാറായതോടെ കുട്ടികളുടെ സന്തോഷം ഇരട്ടിച്ചു.

കമലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളാണ് ഇന്നലെ ഒ.രാജഗോപാല്‍ എംഎല്‍എയ്‌ക്കൊപ്പം ബസ്സ് യാത്ര നടത്തിയത്. കമലേശ്വരത്തുനിന്ന് തിരുവല്ലം വരെ മൂന്നുകിലോമീറ്റര്‍ യാത്ര. വീട്ടിലെ മുത്തച്ഛനോടെന്നപോലെ കുട്ടികള്‍ രാജഗോപാലിനോട് ഇടപെട്ടു. കുട്ടികളെ കാഴ്ചകള്‍ കാട്ടി രാജഗോപാലും.

ആസ്തി വികസന ഫണ്ടില്‍ നിന്നും 17 ലക്ഷം രൂപ ചെലവാക്കി രാജഗോപാല്‍ വാങ്ങി നല്‍കിയ സ്‌കൂള്‍ ബസ്സിന്റെ താക്കോല്‍ ദാനവും ഫ്‌ളാഗ് ഓഫും ഇന്നലെ രാവിലെയായിരുന്നു. സ്‌കൂള്‍ പ്രധാനാധ്യാപിക സറീനാബായ് രാജഗോപാലില്‍ നിന്നും താക്കോല്‍ ഏറ്റുവാങ്ങി. വാര്‍ഡ് കൗണ്‍സിലര്‍ വി. ഗിരി, പിടിഐ പ്രസിഡന്റ് സുലൈമാന്‍, പ്രിന്‍സിപ്പല്‍ ബേബി റാണി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

കന്നിയാത്രയില്‍ കുട്ടികള്‍ക്കൊപ്പം കൂടാമോ എന്ന പ്രധാനാധ്യാപികയുടെ ആവശ്യം രാജഗോപാല്‍ സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. ആദ്യയാത്രക്കാരായ കുട്ടികളെ രാജഗോപാല്‍ തന്നെ കൈപിടിച്ച് ബസ്സിലേക്ക് കയറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.