സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണം പ്രതിസന്ധിയില്‍

Friday 9 February 2018 2:30 am IST

കോട്ടയം: സഹകരണബാങ്കുകള്‍ വഴിയുള്ള സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ വിതരണം സംസ്ഥാനത്ത് പ്രതിസന്ധിയിലേക്ക്. പെന്‍ഷന്‍ വിതരണത്തിന് മതിയായ സമയവും ജീവനക്കാരും ഇല്ലാത്തതാണ് കാരണം. സഹകരണബാങ്ക് ജീവനക്കാര്‍ നേരിട്ട് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ എത്തിക്കുകയാണ് ചെയ്യുന്നത്. നേരിട്ട് കൊടുക്കാന്‍ കഴിയാത്തവരുടെ പെന്‍ഷന്‍ തിരിച്ചടയ്ക്കും. ഈ തുക പലര്‍ക്കും പിന്നീട് കിട്ടുന്നില്ല. ജീവിത സായാഹ്നത്തില്‍ പെന്‍ഷന്‍ മാത്രം ആശ്രയിച്ച് കഴിയുന്ന പതിനായിരങ്ങള്‍ക്കാണ് ഇങ്ങനെ തുക നഷ്ടപ്പെടുന്നത്. 

ബാങ്കുകളില്‍ പണമെത്തി ഒരാഴ്ചയ്ക്കുള്ളില്‍ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് കൊടുക്കണമെന്നാണ് സര്‍ക്കാരിന്റെ സര്‍ക്കുലറില്‍ പറയുന്നത്. ഇത് ജീവനക്കാരെയും ബാങ്കുകളെയും സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. സഹകരണ നിക്ഷേപ സമാഹരണയജ്ഞം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടക്കുന്ന വേളയില്‍ പെന്‍ഷന്‍വിതരണം മാറ്റിവയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. 

സംസ്ഥാനത്ത് 51 ലക്ഷം പേരാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നത്. ഒരു പഞ്ചായത്തിലെ പെന്‍ഷന്‍ വിതരണം ഒരു സഹകരണബാങ്കിനാണ്. എന്നാല്‍ പകുതി ഗുണഭോക്താക്കള്‍ക്കും യഥാസമയം പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നാണ് സഹകാരികള്‍ പറയുന്നത്. 

പോസ്റ്റാഫീസുകള്‍ വഴിയായിരുന്നു സാമൂഹ്യപെന്‍ഷന്‍ വിതരണം മുമ്പ് നടത്തിയിരുന്നത്. എന്നാല്‍ തുക കെട്ടിക്കിടക്കുകയാണെന്ന് ആരോപിച്ചാണ് സഹകരണബാങ്കുകളെ ഏല്‍പ്പിച്ചത്. ആദ്യം വലിയ ആഘോഷത്തോടെയായിരുന്നു സഹകരണ ബാങ്കുകള്‍ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വീട്ടില്‍ എത്തിച്ചത്. ഇതിലൂടെ ഗുണഭോക്താക്കളെ പാര്‍ട്ടിയുമായി അടുപ്പിച്ച് നിര്‍ത്താമെന്നും സിപിഎം നേതൃത്വം കണക്ക് കൂട്ടി.  എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശികയായത് തിരിച്ചടിയായി. 

 പെന്‍ഷനുമായി പകല്‍ വീട്ടിലെത്തുമ്പോള്‍ ഗുണഭോക്താവിനെ കണ്ടുകിട്ടാറില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഗുണഭോക്താവിന്റെ പക്കല്‍ നേരിട്ട് മാത്രമെ പെന്‍ഷന്‍ കൊടുക്കാവൂ. 

കാണാന്‍ കഴിയാത്തവരെ ഒരാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തി എങ്ങനെ വിതരണം ചെയ്യുമെന്നാണ് അവര്‍ ചോദിക്കുന്നത്. പെന്‍ഷന്‍ വിതരണത്തിന് രണ്ടാഴ്ചയില്‍ കൂടുതല്‍ സമയം വേണമെന്നാണ് അവരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.