ചുമടെടുത്ത് സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ്

Friday 9 February 2018 2:20 am IST

തിരുവനന്തപുരം: സംസ്‌കൃതപണ്ഡിതനും ഭാഗവതാചാര്യനും സംഗീത കോളേജിലെ അധ്യാപകനുമായിരുന്ന ഗണേശ ശര്‍മ്മയുടെ ചിത്രത്തിനു മുന്നില്‍ അജയകുമാര്‍ ആദരപൂര്‍വം നിന്നു. ചുമടെടുത്തു തഴമ്പു വീണ കൈകള്‍ കൂപ്പി തൊഴുത് നമിച്ചു. 

സംസ്‌കൃതവും സംസ്‌കാരവും അന്യം നില്‍ക്കാതിരിക്കാന്‍ കാരണക്കാര്‍ ഇവരൊക്കെയാണ്. ആ അര്‍ത്ഥത്തില്‍ എന്റെ ഡോക്ടറേറ്റിന് അര്‍ഹരും ഈ പൂര്‍വസൂരികളാണ്. തിരുവനന്തപുരം വലിയശാല അഗ്രഹാരത്തിലെ ഡോ. ജി. രാമമൂര്‍ത്തിയുടെ വീട്ടിലിരുന്ന് സിഐടിയു നേതാവു കൂടിയായ അജയന്‍ ഇതു പറയുമ്പോള്‍ വാക്കുകളില്‍ ആത്മാര്‍ത്ഥത. 

ഭാവി പഠനത്തിന്റെ കാര്യത്തില്‍ ഡോ. രാമമൂര്‍ത്തിയുടെ അഭിപ്രായം ചോദിക്കാനെത്തിയതാണ് അജയകുമാര്‍. ഗണേശ ശര്‍മ്മയുടെ മകനും സംസ്‌കൃത സര്‍വകലാശാലാ അധ്യാപകനുമായിരുന്ന രാമമൂര്‍ത്തിയാണ് ഗവേഷണത്തില്‍ അജയന്റെ വഴികാട്ടി. പഠനത്തിനിടയില്‍ പലദിവസം ചെലവഴിച്ചിട്ടുള്ള ഈ അഗ്രഹാരവീട് പ്രത്യേക ഊര്‍ജ്ജം നല്‍കുന്നതാണെന്നും അജയന്‍ പറയുന്നു.

48-ാം വയസ്സിലാണ് പത്തനംതിട്ട മൈലപ്ര സ്വദേശിയായ അജയകുമാര്‍ സംസ്‌കൃതത്തില്‍ ഡോക്ടറേറ്റ് നേടിയത്. എന്തുകൊണ്ട് സംസ്‌കൃതം എന്നു ചോദിച്ചാല്‍ കുടുംബക്ഷേത്രത്തിലെ മതില്‍ക്കെട്ടിലേക്കു പോകും അജയന്റെ ഓര്‍മ്മകള്‍. അവിടെ ഭാഗവതം വായിക്കുമ്പോള്‍ കൂടെയിരുന്നു കേട്ട് ചെറുപ്പത്തിലേ തോന്നിയ അടുപ്പമാണ് സംസ്‌കൃതത്തോട്. സംസ്‌കൃത അക്ഷരം ആദ്യം പഠിച്ചത് ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ ബിരുദത്തിന് ചേര്‍ന്നപ്പോള്‍. കോളേജില്‍ രാഷ്ടീയത്തിന് മുന്‍തൂക്കം നല്‍കിയപ്പോള്‍ ബിരുദധാരിയാകാന്‍ വര്‍ഷങ്ങളെടുത്തു. അതിനിടയില്‍ കല്യാണം. ജീവിത വൃത്തിക്കായി തടിമില്ലില്‍ ചുമട്ടുകാരന്‍. ഈശ്വരന്‍ ഉണ്ട് എന്നു പറയുന്ന ഉദയാചാരിയുടെ കിരണാവലി ഗവേഷണ വിഷയമായെടുത്താണ് സിഐടിയു ഏരിയ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ അജയകുമാര്‍ ഡോക്ടറേറ്റ് നേടിയത്. 

മൈലപ്ര കടമണ്ണില്‍ കുഞ്ഞിരാമന്റേയും കല്യാണിയുടേയും മകനാണ് അജയകുമാര്‍. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍നിന്ന് പ്രീഡിഗ്രി. പിന്നീടുള്ള ആറുവര്‍ഷം തടിമില്ലില്‍ ചുമടെടുത്തു, സംസ്‌കൃത സര്‍വകലാശാല ആരംഭിച്ചപ്പോള്‍ പ്രവേശം എളുപ്പമായതിനാല്‍ ബിരുദത്തിനു ചേര്‍ന്നു. 1993ല്‍ വഞ്ചിയൂര്‍ കാമ്പസിലെ ആദ്യബാച്ചില്‍. പഠനത്തേക്കാള്‍ എസ്എഫ്‌ഐ പ്രവര്‍ത്തനത്തിനായിരുന്നു താല്‍പര്യം. സംസ്‌കൃത സര്‍വകലാശാലയുടെ ആദ്യ യൂണിയന്‍ ചെയര്‍മാന്‍ ആയി. രണ്ടാം ക്ലാസ്സോടെ ബിരുദവും തുടര്‍ന്ന് എംഎയും. ന്യായം വിഷയമായെടുത്ത് ഗവേഷണത്തിനു ചേര്‍ന്നെങ്കിലും പലകാര്യങ്ങളാല്‍ പഠനം മുന്നോട്ടുപോയില്ല. നാട്ടില്‍ തിരിച്ചെത്തി വീണ്ടും ചുമട്ടു ജോലിയിലേക്ക്. ഗൈഡ് ഡോ. രാമമൂര്‍ത്തിയുടേയും മറ്റും നിര്‍ബന്ധം വീണ്ടും അജയനെ പഠന വഴിയില്‍ എത്തിച്ചു. 

ദൈവദശകം സംസ്‌കൃത പരിഭാഷ ഉള്‍പ്പെടെ ഗണേശ ശര്‍മ്മയുടെ നിരവധി കൃതികള്‍ പുറത്തിറങ്ങിയിട്ടില്ല. ഗുരുദക്ഷിണ എന്ന നിലയില്‍ അതൊക്കെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കും. കൂടാതെ സ്വന്തമായി ചില രചനകളും. ഒരു ജോലി ആഗ്രഹം മാത്രമല്ല അത്യാവശ്യമാണ്. വീട്ടിലെ പ്രാരാബ്ധം അത്രയ്ക്കുണ്ട്. ഡോക്ടറേറ്റ് കിട്ടിയതോടെ അമ്പലങ്ങളില്‍ പ്രഭാഷണങ്ങള്‍ക്ക് വിളിക്കുന്നുണ്ട്. സന്തോഷത്തോടെ പോകുന്നുമുണ്ട്. അജയകുമാര്‍ പറഞ്ഞു. പാര്‍ട്ടി വിലക്കുമോ എന്നു ചോദിച്ചപ്പോള്‍ സാധ്യതയില്ലന്നായിരുന്നു മറുപടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.