പ്രിന്‍സിപ്പാളിന്റെ ആത്മഹത്യ: പ്രതിഷേധം ശക്തം

Friday 9 February 2018 2:30 am IST

കുണ്ടറ: അഷ്ടമുടി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ എസ്. ശ്രീദേവിയുടെ ആത്മഹത്യയെച്ചൊല്ലി പ്രതിഷേധം ശക്തം. ക്ലാസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും  ഒരുമിച്ചിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് ആരോപണം. 

അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചതില്‍ മനംനൊന്താണ് ടീച്ചര്‍  വെള്ളിയാഴ്ച ആത്മഹത്യ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി എബിവിപി പ്രവര്‍ത്തകര്‍ ഇന്നലെ പ്രതിഷേധസമരവുമായി രംഗത്തുവന്നതോടെയാണ് വിഷയം ചര്‍ച്ചയായത്.

പ്ലസ് വണ്‍ സയന്‍സ് ബാച്ചിലെ ആണ്‍കുട്ടികളും പെ ണ്‍കുട്ടികളും ക്ലാസില്‍ ഒന്നിച്ചിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പ്രിന്‍സിപ്പാളിനെതിരെ കുട്ടികളുടെ രക്ഷിതാക്കള്‍തന്നെയാണ് രംഗത്ത് വന്നത്. കുട്ടികളെ മാനസ്സികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ചാണ് ടീച്ചറെ പോലീസ് സ്റ്റേഷനില്‍ ഒരു ദിവസം താമസിപ്പിച്ചത്. ഇതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ.

പ്രിന്‍സിപ്പാളിന്റെ ആത്മഹത്യയ്ക്കിടയാക്കിയ സംഭവം ഫെബ്രുവരി മൂന്നിന് വിദ്യാര്‍ത്ഥികളിലൊരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിച്ചതിന് ഇങ്ങനെയൊരു ശിക്ഷ നല്‍കരുതായിരുന്നുവെന്നും വിദ്യാര്‍ത്ഥിയുടെ കുറിപ്പില്‍ പറയുന്നു. ടീച്ചര്‍ക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും സമരം ചെയ്യുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. വിഷയത്തില്‍ ആരോപണ വിധേയരായ കുട്ടികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ അധ്യാപകര്‍ക്കിടയിലും അമര്‍ഷമുണ്ട്. സംഭവം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തിരുന്നു. 

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തേടി അധ്യാപകരും നാട്ടുകാരും രംഗത്തെത്തി. സ്‌കൂളിലെ കുട്ടികള്‍ നടത്തിയ അച്ചടക്കവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശനനിലപാട് സ്വീകരിച്ച പ്രിന്‍സിപ്പാളിനെ സംഘം ചേര്‍ന്ന്സമ്മര്‍ദ്ദത്തിലാക്കുകയും കേസില്‍ കുടുക്കുകയും ചെയ്തതിന്റെ വിഷമത്താലാണ് അവര്‍ ആത്മഹത്യ ചെയ്തതെന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.