നിലപാട് കടുപ്പിച്ച് മര്‍സൂഖി; കമ്പനി ഉടമകള്‍ ഇന്ത്യയിലേക്ക്

Friday 9 February 2018 2:50 am IST

കൊല്ലം: ബിനോയ് കോടിയേരിക്കും ശ്രീജിത്ത് വിജയനുമെതിരെ നിലപാട് കടുപ്പിച്ച് ദുബായ്‌യിലെ ജാസ് ടൂറിസം കമ്പന ഉടമ ഇസ്മയില്‍ അല്‍ മര്‍സൂഖി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്ക്കും ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിനും ഇനിയും സാവകാശം നല്‍കാനാവില്ലെന്ന നിലപാടിലാണ്  മര്‍സൂഖി.

ഇതുമായി ബന്ധപ്പെട്ട അന്തിമ ചര്‍ച്ചകള്‍ക്കായി ഓഹരി ഉടമകളായ ഒന്‍പത് വിദേശപൗരന്മാരുമായി രണ്ടു ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ മര്‍സൂഖി എത്തും. 

സിപിഎം ദേശീയ, സംസ്ഥാന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്ന സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കും. പണം തിരികെ ലഭിച്ചില്ലെങ്കില്‍ മാധ്യമങ്ങളെ കാണാനാണ് നീക്കം. ദേശീയ രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിക്കാനുള്ള തെളിവുകളാണ് സംഘത്തിന്റെ കൈകളിലുള്ളതെന്നാണ് സൂചന.

സിപിഎം നേതാക്കളുടെ മക്കള്‍ക്കൊപ്പം ചില കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെട്ട തെളിവുകളും സംഘത്തിന്റെ കൈവശമുണ്ട്. കൂടുതലും നിശാക്ലബ്ബുകളിലെ ദൃശ്യങ്ങളാണിവ.  ഇത് പുറത്തു വിട്ടാല്‍ സിപിഎമ്മിനൊപ്പം കോണ്‍ഗ്രസിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാത്തതെന്നും ആക്ഷേപമുണ്ട്. 

തെളിവുകള്‍ ഒരു രീതിയിലും നഷ്ടപ്പെടാതിരിക്കാന്‍ വലിയ മുന്‍കരുതലാണ് വിദേശ കമ്പനി സ്വീകരിച്ചിരിക്കുന്നത്. നാലു രാജ്യങ്ങളില്‍ നാല് പേരുടെ കൈകകളില്‍ തെളിവുകളുടെ കോപ്പികള്‍ സൂക്ഷിച്ചിട്ടുണ്ട്. കമ്പനി ഉടമയ്‌ക്കോ സാമ്പത്തിക ഇടപാടുകള്‍ക്ക് ഇടനിലനിന്ന രാഹുല്‍ കൃഷ്ണയ്‌ക്കോ ഏതെങ്കിലും രീതിയുള്ള ഭീഷണി ഉണ്ടായാല്‍ തെളിവുകള്‍ പുറത്തു വിടുമെന്നും കമ്പനി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ചര്‍ച്ചകള്‍ക്കൊപ്പം ദുബായില്‍ നിയമനടപടികള്‍ ശക്തമാക്കും. പണം തിരികെ ലഭിക്കുന്നതുവരെ ബിനോയ്ക്ക് യാത്രാവിലക്ക് തുടരും. കൂടുതല്‍ തെളിവുകള്‍ നല്‍കി അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.