രഹസ്യ റിപ്പോര്‍ട്ട്; ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ അന്വേഷണം തുടങ്ങി

Friday 9 February 2018 2:55 am IST

ന്യൂദല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ വീട്ടില്‍ നിന്ന് സിബിഐയുടെ രഹസ്യ റിപ്പോര്‍ട്ട് കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം തുടങ്ങി. ഉള്ളില്‍ നിന്ന് ഇത് എങ്ങനെ, ആര് ചോര്‍ത്തിയെന്ന് കണ്ടെത്തുകയാണ് സിബിഐയുടെ ലക്ഷ്യം.

ജനുവരി 13ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തിയുടേയും വസതികളിലും ഓഫീസുകളിലും നടത്തിയ റെയ്ഡിലാണ് എയര്‍സെല്‍ മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് സിബിഐ സുപ്രീംകോടതിക്ക് മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ട് കണ്ടെത്തിയത്. കോടതിക്ക് നല്‍കിയതിന്റെ കരട് കോപ്പിയായിരുന്നു ഇത്. കോടതിക്ക് നല്‍കും മുന്‍പ് അതീവ രഹസ്യസ്വഭാവമുള്ള കരട് എങ്ങനെ ചിദംബരത്തിന് ലഭിച്ചുവെന്നതാണ് സിബിഐയെ അമ്പരപ്പിക്കുന്നത്.

ഒപ്പ് വെയ്ക്കാത്ത പകര്‍പ്പായതിനാല്‍ സിബിഐയില്‍ നിന്ന് തന്നെയാണ് റിപ്പോര്‍ട്ട് ചോര്‍ന്നതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടുന്നത്. എയര്‍സെല്‍ മാക്‌സിസ് കേസുമായി ബന്ധപ്പെട്ട് 2013ലാണ് റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് സമര്‍പ്പിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട കോടതിയില്‍ മുദ്രവച്ച കവറില്‍ നല്‍കിയ റിപ്പോര്‍ട്ട് ചിദംബരത്തിന് ലഭിച്ചുവെന്നത് വളരെ ഗൗരവതരമായ വിഷയമാണ്. 

കോടികളുടെ അഴിമതി കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, മുന്‍കേന്ദ്രമന്ത്രി ദയാനിധി മാരന്‍,  സണ്‍ ടിവി ഉടമയായ സഹോദരന്‍ കലാനിധി മാരന്‍, മലേഷ്യന്‍ ബിസിനസുകാരനായ ആനന്ദകൃഷ്ണന്‍, മലേഷ്യന്‍ പൗരന്‍ റാല്‍ഫ്തുടങ്ങിയവരും സണ്‍ ഡയറക്ട് ടിവി കമ്പനി, സൗത്ത് ഏഷ്യ എന്റര്‍ടെയ്ന്‍മെന്റ് ഹോള്‍ഡിങ്ങ്‌സ്, മാക്‌സിസ് കമ്മ്യൂണിക്കേഷന്‍സ് തുടങ്ങിയവരാണ് പ്രതികള്‍. 

എയര്‍സെല്ലില്‍ 3,200 കോടി നിക്ഷേപിക്കാന്‍ മലേഷ്യന്‍ വ്യവസായ ഗ്രൂപ്പായ മാക്‌സിസിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട കേസാണിത്. 

അറുനൂറു കോടി വരെയുള്ള വിദേശ നിക്ഷേപങ്ങള്‍ അനുവദിക്കാനേ ധനമന്ത്രിക്ക് അധികാരമുള്ളൂ. അതിനു മുകളിലുള്ള ഇടപാടുകള്‍ക്ക് കേന്ദ്രമന്ത്രിസഭാ സമിതിയാണ് അനുവാദം നല്‍കേണ്ടത്. തന്റെ അധികാര പരിധി മറികടന്ന് ചിദംബരം 3200 കോടി നിക്ഷേപിക്കാന്‍ അനുമതി നല്‍കിയെന്നും കാര്‍ത്തിയാണ് ഇതിനുപിന്നിലെന്നുമാണ് സിബിഐ കണ്ടെത്തിയത്. അനുമതി സംഘടിപ്പിച്ചു നല്‍കിയ കാര്‍ത്തി ഇതുവഴി കോടികള്‍ കമ്മീഷനായി തട്ടിയെന്നാണ് സിബിഐ കണ്ടെത്തിയത്.

2014 ആഗസ്റ്റിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം സിബിഐ പ്രത്യേക കോടതി മാരന്‍ സഹോദരന്മാരെയും ഇന്ത്യന്‍ കമ്പനികളെയും വെറുതേ വിട്ടിരുന്നു. ഇതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.