രാഷ്ട്രീയക്കളിക്ക് തയ്യാര്‍; കമലും രജനിയും യോജിച്ചേക്കും

Saturday 10 February 2018 2:45 am IST

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന പ്രശസ്ത തമിഴ് താരങ്ങള്‍ കമല്‍ഹാസനും രജനീകാന്തും ഒത്തൊരുമിച്ച് നീങ്ങുമെന്ന് സൂചന. ഒരു മാസികയിലെ തന്റെ പംക്തിയില്‍ ചോദ്യത്തിന് ഉത്തരമായി കമല്‍ തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. 

രജിനീകാന്തുമായി ചേരുമോയെന്ന ചോദ്യത്തിന്, അത് ഇപ്പോള്‍ എടുക്കേണ്ട തീരുമാനമല്ലെന്നും അതിന് കാലമാണ് ഉത്തരം നല്‍കേണ്ടതെന്നുമായിരുന്നു കമലിന്റെ മറുപടി. ഞങ്ങള്‍ രണ്ടു പേര്‍ക്കും ചിന്തിക്കേണ്ടതുണ്ട്. സഖ്യം വേണോ നയങ്ങള്‍ അതിന് അനുവദിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് ആലോചിക്കേണ്ടതുണ്ട്. കാലത്തിനു മാത്രമേ ഉത്തരം നല്‍കാന്‍ കഴിയൂയെന്ന് രജനിയും മറുപടി നല്‍കിയിട്ടുണ്ട്. 

തമിഴ്‌നാട്ടിലെ സംവിധാനങ്ങള്‍ ആദ്യം നേരെയാക്കേണ്ടതുണ്ട്. ലോക്‌സഭയിലേക്കും തദ്ദേശ തെരഞ്ഞെടുപ്പിലും മല്‍സരിക്കുന്ന കാര്യം ആദ്യം തീരുമാനിക്കണം. രജനി വാര്‍ത്താ ലേഖകരോട് പറഞ്ഞു. സഖ്യമുണ്ടായാല്‍ അത് ആര്യ, ദ്രാവിഡ രാഷ്ട്രീയ സഖ്യമായിരിക്കും. പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ സുധാംഗന്‍ പറഞ്ഞു. 49ല്‍ അണ്ണാ ദുരൈ വലിയൊരു വിഭജനമാണ് നടത്തിയത്. 67നു ശേഷം ഈ വിഭജനം വലുതായി-അദ്ദേഹം പറഞ്ഞു.

ഇരുവരും സഖ്യമുണ്ടാക്കുന്നതിനെ രജനി മക്കള്‍ മന്‍ട്രം എതിര്‍ക്കുന്നില്ല. ഞങ്ങളുടെ തലൈവറുടെ വിപുലവും വിശാലവുമായ ജനബന്ധം കമല്‍ഹാസനുള്ളതിനേക്കാള്‍ വലുതാണ്. ഇരുവരും തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കിയാല്‍ നന്നായിരിക്കും, മന്‍ട്രം നേതാക്കള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.