റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ട് നാലു പതിറ്റാണ്ട്

Saturday 10 February 2018 1:44 am IST


അമ്പലപ്പുഴ: പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിലെ റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ടു നാലുപതിറ്റാണ്ട് പിന്നിടുന്നു. ദേശീയപാതയില്‍ നീര്‍ക്കുന്നം ജങ്ഷന് കിഴക്കോട്ട് കൃഷിഭവന്‍ വരെയുള്ള റോഡാണു തകര്‍ന്നു കിടക്കുന്നത്.
  ഒരു കിലോമീറ്ററിലധികം ദൂരമുള്ള ഈ റോഡ് അമ്പലപ്പുഴ പഞ്ചായത്തിലെ ആദ്യ റോഡാണ്. 65 വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ റോഡ് മൂന്നുവര്‍ഷം മുമ്പ് ഗ്രാമപഞ്ചായത്ത് ഏഴരലക്ഷം രൂപ ചെലവില്‍ 200 മീറ്റര്‍ ദൂരം ടാര്‍ ചെയ്തിരുന്നു. ശേഷിക്കുന്ന കിഴക്കോട്ടുള്ള ഭാഗം കാല്‍നട യാത്രയ്ക്കുപോലും സാധിക്കാത്ത രീതിയില്‍ തകര്‍ന്നടിഞ്ഞ നിലയിലാണ്.
  വി. ദിനകരന്‍ എംഎല്‍എ ആയിരുന്ന കാലത്താണു റോഡ് പൂര്‍ണമായും ടാര്‍ ചെയ്തത്. തകര്‍ന്നടിഞ്ഞ റോഡ് ഗതാഗതയോഗ്യമാക്കാന്‍ ത്രിതല പഞ്ചായത്തുകളുടെ വികസന ഫണ്ട് തികയില്ല.
  ഇതിന് എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തി റോഡ് ടാര്‍ ചെയ്യണമെന്നാണു നാട്ടുകാരുടെ ആവശ്യം. മൂന്നുതവണ മണ്ഡലത്തിലെ എംഎല്‍എയായിട്ടും പ്രധാനപ്പെട്ട ഈ റോഡ് ഗതാഗതയോഗ്യമാക്കാന്‍ ജി. സുധാകരനു കഴിഞ്ഞില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
  ഈ റോഡിനു സമീപം പ്രധാനപ്പെട്ട നാലുപാടശേഖരങ്ങളുണ്ട്. ഇതു കൂടാതെ കൃഷി ഭവനും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷി ഭവനില്‍നിന്നു കര്‍ഷകര്‍ക്കാവശ്യമായ സാധനങ്ങള്‍ കൊണ്ടു പോകാനോ പാടശേഖരത്തുനിന്നു നെല്ല് കൊണ്ടുപോകാനോ ഇപ്പോള്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുന്നു.
12 മീറ്ററോളം ഉണ്ടായിരുന്ന തോട് കൈയേറിയതുമൂലം നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. കൈയേറ്റം ഒഴുപ്പിച്ചു റോഡ് വീതികൂട്ടിയ ശേഷം ടാര്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
പല ഫണ്ടുകളും റോഡ് വികസനത്തിനായി അനുവദിച്ചെന്നു പ്രഖ്യാപിക്കുന്നതല്ലാതെ റോഡ് വികസനം ഇതുവരെ യാഥാര്‍ഥ്യമായില്ല. അടിയന്തിരമായി റോഡ് ടാര്‍ചെയ്യാന്‍ മന്ത്രി  മുന്‍കൈയെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.