ഗൗരി നേഘയുടെ മരണം; പ്രിന്‍സിപ്പാളിനെ നീക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം

Saturday 10 February 2018 2:45 am IST

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഘയുടെ മരണവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിനെ നീക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്‌മെന്റിനോട് നിര്‍ദ്ദേശിച്ചു. പ്രതികളായ അധ്യാപകരെ അന്വേഷണം നടക്കുന്നതിനിയില്‍ തന്നെ തിരിച്ചെടുത്തതും അവര്‍ക്ക് ആഘോഷപൂര്‍വ്വമായ വരവേല്‍പ്പ് നല്‍കിയതുമാണ് ഇതിന് കാരണം. രണ്ടു ടീച്ചര്‍മാരെ കേക്കു മുറിച്ചും റോസാപുഷ്പങ്ങള്‍ നല്‍കിയും സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വാര്‍ത്തയും ജന്മഭൂമിയടക്കമുള്ള മാധ്യമങ്ങള്‍ നല്‍കിയിരുന്നു.

സ്വീകരണം വന്‍ വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാളിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ച വന്നതായി വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു. പ്രതികളായ അധ്യാപകരെ ആഘോഷപൂര്‍വ്വം തിരികെ പ്രവേശിപ്പിച്ചത് സമൂഹ മനസാക്ഷിയോടുള്ള വെല്ലുവിളിയാണെന്നും കത്തില്‍ പറയുന്നു. കേക്കു മുറിച്ച് അവരെ സ്വീകരിച്ചതിനും തിരിച്ചെടുത്തതിനും പല കുറി വിശദീകരങ്ങള്‍ ചോദിച്ചിട്ടും പ്രിന്‍സിപ്പാള്‍ നല്‍കിയില്ല. ആഘോഷം പ്രിന്‍സിപ്പാളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം സഹിതം പ്രചാരിപ്പിച്ചത്. ഈ സ്ഥാനത്തിരുന്ന് പ്രിന്‍സിപ്പാള്‍ ചെയ്തത് ഒട്ടും ശരിയായ നടപടിയല്ല.കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൂടെയുള്ള അധ്യാപകര്‍ക്കെതിരെ നടപടികള്‍ എടുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് കത്തില്‍ ആവശ്യപ്പെടുന്നു.

പ്രായപരിധി കഴിഞ്ഞ പ്രിന്‍സിപ്പാള്‍  ജോണ്‍, സ്ഥാനത്ത് തുടരുന്നത് ചട്ടവിരുദ്ധമെന്നും അധ്യാപികമാരെ തിരികെയെടുത്തതില്‍ പ്രിന്‍സിപ്പാൡന്റെ വിശദീകരണം തൃപ്തികരമല്ലെന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി. അധ്യാപികമാരെ തിരികെയെടുത്ത നടപടി ന്യായീകരിക്കാനാകില്ലെന്നും ഐസിഎസ്ഇ ചട്ടമനുസരിച്ച് പ്രിന്‍സിപ്പാൡന്റെ പ്രായപരിധി 60 വയസാണെന്നും ഇദ്ദേഹത്തിന് വയസിളവ് നല്‍കേണ്ടതില്ലെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിക്കുന്നു. 

ഇതിനിടെ ഗൗരി നേഘാ കേസിന്റെ കുറ്റപത്രം അടുത്തയാഴ്ച സമര്‍പ്പിച്ചേക്കും. രണ്ട് അദ്ധ്യാപികമാര്‍ പ്രതികളായ കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത.് 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.