ബാങ്ക് ജീവനക്കാരന്റെ കൊലപാതകം: പ്രതി പിടിയില്‍

Saturday 10 February 2018 2:45 am IST

വണ്ണപ്പുറം (ഇടുക്കി): റബര്‍ തോട്ടത്തില്‍ ബാങ്ക് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിയുന്നു. സ്ത്രീയുമായുള്ള രഹസ്യബന്ധം തകര്‍ന്നതാണ് കൊലപാതകത്തിന് പ്രേരണ. ജില്ലാ ബാങ്ക് കഞ്ഞിക്കുഴി ബ്രാഞ്ചിലെ കാഷ്യര്‍ തൊമ്മന്‍കുത്ത് പാലത്തിങ്കല്‍ ജോര്‍ജ്കുട്ടി ആന്റണി (51) ആണ് കൊല്ലപ്പെട്ടത്. സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന വണ്ണപ്പുറം ആശാരിപറമ്പില്‍ സൂരജി(28)നെ കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് കൊലപാതകം എന്നാണ് വിവരം.

കൊലപാതകം നടന്ന സ്ഥലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീയുമായി പ്രതി സൂരജിന് രഹസ്യബന്ധമുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ഇത് തകര്‍ന്നു. കാരണം അന്വേഷിച്ച സൂരജ്, സ്ത്രീക്ക് വാടകവീട് ശരിയാക്കി നല്‍കിയത് കൊല്ലപ്പെട്ട ജോര്‍ജ് കുട്ടിയാണെന്ന് കണ്ടെത്തി. ഇയാളുമായുള്ള അടുപ്പമാണ് തന്നെ അവഗണിക്കാന്‍ കാരണമെന്നും സൂരജ്  മനസിലാക്കി. 

രാത്രി കാലങ്ങളില്‍ രഹസ്യമായി ജോര്‍ജ് സ്ത്രീയുടെ വീട്ടില്‍ വരുന്നതിനെക്കുറിച്ച് സൂരജിന് അറിവുണ്ടായിരുന്നു. രാത്രി പത്തരയോടെ സ്ത്രീയുടെ വീട്ടിലേക്ക് റബര്‍ തോട്ടത്തിലൂടെ നടന്ന് പോകുകയായിരുന്ന ജോര്‍ജിനെ പതിയിരുന്ന സൂരജ് അക്രമിച്ചു. കഴുത്തില്‍ പിടിമുറുക്കിയതിനാല്‍ ജോര്‍ജിന് കുതറിമാറാനായില്ല. കുഴഞ്ഞ് വീണ ജോര്‍ജിനെ ഇവിടെതന്നെ ഉപേക്ഷിച്ച് സൂരജ് കടന്നു.

 ജോര്‍ജിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ മൃതദേഹം കണ്ടെത്തി. കമഴ്ന്നുകിടന്ന മൃതദേഹത്തില്‍ പുറമേ പരിക്കുകളില്ലായിരുന്നു. ഇതിനാല്‍ സാധാരണ മരണമെന്ന നിഗമനത്തിലായിരുന്നു കാളിയാര്‍ പോലീസും നാട്ടുകാരും. ജോര്‍ജിന് ഇടയ്ക്ക് ഹൃദ്രോഗമുണ്ടാകാറുള്ളതിനാല്‍ ബന്ധുക്കളും സ്വാഭാവിക മരണമെന്നാണ് കരുതിയത്.

എന്നാല്‍ പോസ്റ്റുമോര്‍ട്ടം കഥ മാറ്റിമറിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ കഴുത്തിന്റെ ഉള്ളില്‍ നിരവധി മുറിവുകളുള്ളതായും ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്നും സൂചന നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. വണ്ണപ്പുറം സിഐ പി.എ. യൂനസിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.