പോളിത്തിന്‍ കമ്പനിയില്‍ തീപ്പിടുത്തം: 6 കോടി നഷ്ടം

Saturday 10 February 2018 2:00 am IST

 

അരൂര്‍: അരുര്‍ പുത്തനങ്ങാടിയിലെ പോളിത്തീന്‍ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ആറു കോടിയുടെ നശനഷ്ടം. രണ്ട് ജില്ലകളില്‍ നിന്നുള്ള ഏഴ് അഗ്‌നിശമന സേന യൂണിറ്റുകള്‍ എത്തിയാണ് തീ അണച്ചത്. 

  അരൂര്‍ നടുവില മുറി ബെനറ്റിന്റെതാണ് കമ്പിനി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു തീപ്പിടിത്തം. ജില്ലാ ഫയര്‍ ഓഫീസര്‍ എന്‍യുസുവിയുടെ നേതൃത്വത്തില്‍ എറണാകുളം, മട്ടാഞ്ചേരി, ശാന്തി നഗര്‍, ക്ലബ്ബ് റോഡ് ,തൃപ്പൂണിത്തുറ, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലെ ഏഴോളം അഗ്‌നിഗമന യൂണിറ്റുകള്‍ നടത്തിയ മൂന്ന് മണിക്കൂര്‍ പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.

  രണ്ട് വര്‍ഷം മുമ്പ് വാങ്ങിയതായിരുന്നു കമ്പനി. പ്ലാസ്റ്റിക്ക് കാരിബാഗുകളും, പ്ലാസ്റ്റിക്ക് കവറുകളുമാണ് ഇവിടെ നിര്‍മ്മിച്ചിരുന്നത്. സമീപത്തുള്ള വീടുകളില്‍ ചൂട് അനുഭവപ്പെട്ടപ്പോഴാണ് കമ്പിനിക്ക് തീപ്പിടിച്ചതായി അറിഞ്ഞത്. 

  ഉടന്‍ തന്നെ വൈദ്യുതി ബോര്‍ഡില്‍ നിന്ന്  എന്‍ജിനീയര്‍ മണിക്കുട്ടനും ഓവര്‍സിയറും മറ്റു ജീവനക്കാരും എത്തി  കെഎസ്ഇബിയുടെ മൂന്ന് ഫീഡറുകള്‍ ഓഫാക്കിയത് തീയണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമായി. ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍, ഡിവൈഎസ്പി എ.ജി. ലാല്‍, കുത്തിയതോട് സിഐ കെ. സജീവ് എന്നിവരുടെ നേതൃതത്വത്തില്‍ വന്‍ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. 

  തീ ആളിപ്പടര്‍ന്നാല്‍ സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് പടരാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടു കൊണ്ട് വെള്ളത്തിനു പകരം ഫോമാണ് സേന ഉപയോഗിച്ചത്. ഇത് തീപെട്ടെന്ന് കെട്ടുത്തുന്നതിന് സഹായിച്ചു. ഇവരുടെ രണ്ട് ടാങ്കറുകളില്‍ കൂടുതല്‍ വെള്ളം എത്തച്ചാണ് തീ പൂര്‍ണ്ണമായും കെടുത്തിയത്. 

  കമ്പനിയിലുണ്ടായിരുന്ന കുമ്പ്യൂട്ടര്‍, വിദേശ നിര്‍മ്മിത പ്രിന്റിങ് മെഷീനുകള്‍ പ്രിന്റിങ് ഇങ്ക്, പോളിമര്‍ ഷീറ്റുകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയടക്കമുള്ള എല്ലാ സാമഗ്രികളും, കെട്ടിടം മുഴുവനായും അഗ്‌നിക്കിരയായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.