പ്രവഞ്ചപുരുഷൻ്റെ ശക്തിതന്നെ പ്രവഞ്ച ചൈതന്യം

Saturday 10 February 2018 2:45 am IST

മൈത്രേയമഹര്‍ഷി തുടര്‍ന്നു

ഹേ വിദുരരേ, പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് ഞാന്‍ സൂചിപ്പിക്കുന്നതെന്തിനെന്നറിയാമല്ലോ. കാരണത്തില്‍നിന്നുമാണ് കാര്യമുണ്ടാകുന്നതെന്ന് വ്യക്തമാക്കാനാണത്.

മഹത്തത്വമെന്ന കാരണത്തില്‍ നിന്നും അഹങ്കാരമെന്ന കാര്യമുണ്ടായി. അഹങ്കാരത്തിന്റെ വിസ്‌ഫോടനത്തിലൂടെ ആകാശഭൂതമുണ്ടായി. അതിന്റെ പ്രകൃതമാണ് ശബ്ദം. ആ ശബ്ദത്തില്‍നിന്നും സ്പര്‍ശ പ്രകൃതത്തോടെ വായുവും ഉണ്ടായി. ആകാശ വായുഭൂതങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായ തരംഗങ്ങളില്‍ നിന്നും അഗ്നിയുണ്ടായപ്പോള്‍ തേജസ് അതിന്റെ സ്വഭാവമായി. താമസാഹങ്കാരത്തില്‍നിന്നുമാണ് പഞ്ചഭൂതങ്ങളുമുണ്ടായത്. പ്രകര്‍ഷേണ പഞ്ചീകൃതമായതിനാല്‍ ഇതിന് പ്രപഞ്ചമെന്ന പേരുവന്നു. പ്രകര്‍ഷേണ കൃതമായതിനാല്‍ പ്രകൃതവും വന്നുചേര്‍ന്നു.

സാത്വികാഹങ്കാരത്തില്‍നിന്ന് മനസ്സും അതിന്റെ നിയന്ത്രണത്തിനായി ദേവന്മാരുമുണ്ടായി. പ്രപഞ്ചത്തെ തിരിച്ചറിയുന്നതിനായി രാജസാഹങ്കാരത്തില്‍നിന്ന് ഇന്ദ്രിയങ്ങളും ജ്ഞാനശക്തിയുമുണ്ടായി. ശബ്ദത്തെ തിരിച്ചറിയാനായി ത്വക്കും തൊട്ടറിയാനുള്ള ശക്തിയുമുണ്ടായി. തേജസിനെ തിരിച്ചറിയാനായി രൂപവും കണ്ണുകളും അതിന്റെ കാഴ്ചശക്തിയുമുണ്ടായി.

രസതത്വത്തില്‍ നിന്ന് അത് തിരിച്ചറിയാനുള്ള നാക്കും രുചിക്കാനുള്ള കഴിവുമുണ്ടായി.

ഭൂമിയുടെ ഗന്ധത്തില്‍നിന്നും മൂക്കും വാസനകള്‍ തിരിച്ചറിയാനുള്ള ഘ്രാണശക്തിയുമുണ്ടായി.

ഭൂമിഭൂതത്തില്‍ മറ്റു നാലു ഭൂതങ്ങളുടെയും സാന്നിദ്ധ്യമുണ്ട്. അതുപോലെ ജലഭൂതത്തില്‍ ആകാശം, വായു, അഗ്നി ഇവയുടെ സാന്നിദ്ധ്യവുമുണ്ട്. വായുവും ആകാശവുമുണ്ട്. വായുവില്‍ ആകാശഭാഗവുമുണ്ട്. ഈ പഞ്ചഭൂതങ്ങളുടെ ക്രമീകരണത്തിലുള്ള അളവു വ്യത്യാസങ്ങളാണ് വിവിധ ശരീരങ്ങള്‍ക്ക് വിവിധ പ്രകൃതങ്ങള്‍ നല്‍കുന്നത്.

ജ്ഞാനേന്ദ്രിയങ്ങള്‍ക്കനുസൃതമായി കാര്യങ്ങള്‍ നേടാനായി കര്‍മ്മേന്ദ്രിയങ്ങളുമുണ്ടായി. ഇതെല്ലാം പരമപുരുഷന്റെ ലീലകള്‍ക്കായി പ്രകൃതിയാല്‍ ഒരുക്കപ്പെട്ടതാണ്. അങ്ങനെ പ്രകര്‍ഷേണ പഞ്ചീകൃതമാക്കപ്പെട്ട പ്രപഞ്ചത്തില്‍ ഇരുന്ന് ഭഗവാന്‍ പ്രകൃതിയെ ആസ്വദിച്ചു. അതാണ് വിരാട് പുരുഷന്‍. പ്രകൃതിയില്‍ വിരാജിക്കുന്ന പുരുഷനാണ് വിരാട് പുരുഷന്‍. ആ വിരാട് പുരുഷന്റെ വിവിധ പ്രകൃതിവാസനകള്‍ക്കനുസൃതമായി ആ പ്രപഞ്ചത്തില്‍ വിവിധ വസ്തുക്കളും വിവിധ ജീവജാലങ്ങളുമുണ്ടായി. അവയ്‌ക്കെല്ലാം പരമാത്മ ചൈതന്യത്തിന്റെ ഭാഗമാകാനുള്ള യോഗവുമുണ്ടായി. ഒരു മനുഷ്യശരീരത്തില്‍ തന്നെ അനേകം അണുക്കളും വിരകളുമെല്ലാം ജീവനോടെ പ്രവര്‍ത്തിക്കുന്നതുപോലെ ആ വിരാട് പുരുഷനില്‍ സര്‍വജീവജാലങ്ങളും വിന്യസിക്കപ്പെട്ടു പ്രവര്‍ത്തിച്ചു. അതില്‍ ദേവന്മാരും അസുരന്മാരും ഗന്ധര്‍വന്മാരും അപ്‌സരസുമാരും എല്ലാം ക്രമേണ പ്രവര്‍ത്തിച്ചുതുടങ്ങി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ടാണ് ഈ വിന്യാസപ്രവര്‍ത്തനങ്ങള്‍ക്ക് വിവിധമാറ്റങ്ങളുണ്ടായത്.

ഈ പ്രപഞ്ചപുരുഷന്റെ ചിത്ശക്തിതന്നെയാണ് പ്രപഞ്ചത്തിന്റെ ചൈതന്യം. ആ ചൈതന്യത്തിന്റെ ക്രിയാശക്തിതന്നെയാണ് പഞ്ചപ്രാണനുകളും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപപ്രാണനുകളും. ആ ആത്മശക്തിതന്നെയാണ് ആധ്യാത്മികം, ആധിദൈവികം, ആധിഭൗതികം എന്ന് മൂന്നുതരത്തില്‍ പരിണമിച്ചത്.

പ്രാണന്‍, ഉദാനന്‍, സമാനന്‍, വ്യാനന്‍, അപാനന്‍ എന്നിവ പഞ്ചപ്രണനുകളും നാഗന്‍, കൂര്‍മ്മന്‍, കൃകരന്‍, ധനഞ്ജയന്‍ എന്നിവ ഉപപ്രാണനുകളായും വര്‍ത്തിച്ചു. ജീവവായുവിനെ നിലനിര്‍ത്തുകതന്നെയാണ് പ്രാണന്റെ പ്രധാനകര്‍ത്തവ്യം. ഉയര്‍ച്ചയിലേക്ക് നയിക്കല്‍ ഉദാനന്റെയും ക്രമപ്പെടുത്തല്‍ സമാനന്റെയും വ്യാപിപ്പിക്കല്‍ വ്യാനന്റെയും ചുമതലകളായി. ആവശ്യമില്ലാതെ വരുന്ന അവശിഷ്ടങ്ങളെ പുറംതള്ളുന്ന മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടമാണ് അപാനന്റെ കര്‍ത്തവ്യം. ഈ പഞ്ചപ്രാണനുകള്‍ സമഷ്ടി ശരീരത്തിലും വൃഷ്ടി ശരീരത്തിലും കാര്യകര്‍ത്താക്കന്മാരായി പ്രവര്‍ത്തിച്ചു.

സമഷ്ടി എന്നത് വിരാട് പുരുഷശരീരമായ പ്രപഞ്ചം തന്നെ. വ്യഷ്ടി അതിനുള്ളിലെ ജീവാത്മാവിന്റെ ശരീരം. സമഷ്ടി ശരീരത്തിലിരിക്കുന്ന വിരാട് പുരുഷനെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ വ്യഷ്ടി ശരീരത്തിലിരിക്കുന്ന ജീവാത്മാവിനെ ദുഃഖങ്ങള്‍ ബാധിക്കില്ലെന്ന് മൈത്രേയ മഹര്‍ഷി വിദുരര്‍ക്ക് വ്യക്തമാക്കിക്കൊടുത്തു.ഈ വിരാട് പുരുഷനെ എങ്ങനെ സങ്കല്‍പിച്ചെടുക്കാനാവും എന്നായി വിദുരരുടെ ചിന്ത. ഭഗവാന്റെ നിയോഗമായി മൈത്രേയ മഹര്‍ഷി സഹായിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.