പയ്യാവൂര്‍ ഊട്ട് മഹോല്‍സവം 11ന് തുടങ്ങും

Friday 9 February 2018 9:26 pm IST

 

പയ്യാവൂര്‍: മലയാളികളുടെയും കുടകരുടെയും പങ്കാളിത്തത്തോടെ ദേശക്കാഴ്ചകളുടെയും നെയ്യമൃതിന്റെയും പുണ്യം നിറഞ്ഞുനില്‍ക്കുന്ന പയ്യാവൂര്‍ ശിവക്ഷേത്രത്തിലെ ഊട്ടുത്സവം 11 ന് രാവിലെ കുടകര്‍ അരി ചെരിയുന്നതോടുകൂടി ആരംഭിക്കും. 13 ദിവസം നീണ്ടു നില്‍ക്കുന്ന ഊട്ടുല്‍സവം 24 ന് സമാപിക്കും. 

11 ന് വൈകുന്നേരം വിവിധ ക്ഷേത്രങ്ങളില്‍ നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര പൂക്കാവടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിച്ചേരും. 12 മുതല്‍ 24 വരെ എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് തിടമ്പ്‌നൃത്തവും രാത്രി 10 മണിക്ക് ശ്രീഭൂതബലിയും നടക്കും. 12 ന് പയ്യാവൂര്‍, കൈതപ്രം ദേശവാസികളുടെയും 15 ന് കാഞ്ഞിലേരി, 21 ന് ചേടിച്ചേരി ദേശവാസികളുടെയും കാഴ്ചസമര്‍പ്പണം നടക്കും. 20ന് വീണ്ടും കുടകരുടെ അരി വരും. കാളപ്പുറത്ത് അരിയുമായി 50 കിലോമീറ്ററോളം കാട്ടിലൂടെ കാല്‍നടയായാണ് കുടകര്‍ എത്തിച്ചേരുന്നത്. 20, 21 തീയ്യതികളില്‍ കുടകരുടെ തുടികൊട്ടി പ്പാട്ട് ക്ഷേത്രനടയില്‍ നടക്കും. 

16 മുതല്‍ 22 വരെ എല്ലാ ദിവസവും ക്ഷേത്രതിരുമുറ്റത്ത് രാത്രി തായമ്പക ഉണ്ടാവും. 20, 21 തീയ്യതികളില്‍ രാവിലെ 10 മണിക്ക് അക്ഷരശ്ലോക സദസ്, മഹോല്‍സവദിനമായ 22 ന് പുലര്‍ച്ചെ 4 മണിക്ക് നെയ്യമൃതുകാരുടെ നെയ്യൊപ്പിക്കല്‍, 7 മണിക്ക് ആലിംഗന പുഷ്പാഞ്ജലി, ഉച്ചയ്ക്ക് ഒരു മണിക്ക് മേളപ്രദിക്ഷണത്തോടൊപ്പം ആനപ്പുറത്ത് തിടമ്പെഴുന്നള്ളിപ്പും നെയ്യമൃത്കാരുടെ കുഴിയടുപ്പില്‍ നൃത്തവും, വൈകുന്നേരം 4 മണിക്ക് ചൂളിയാട്ടുകാരുടെ ഓമനക്കാഴ്ച, തുടര്‍ന്ന് കുടകരുടെ മടക്കയാത്ര എന്നിവ നടക്കും. 23 ന് രാവിലെ നെയ്യാട്ടം, ഇളനീരാട്ടം, കളഭാട്ടം, 24 ന് ഉച്ചയ്ക്ക് ആറാട്ടെഴുന്നള്ളത്ത് എന്നിവയുണ്ടാകും. രാത്രി കളത്തിലരിയും പാട്ടോടെ ഊട്ടുല്‍സവം സമാപിക്കും.

ദേവസ്വം ഓഡിറ്റോറിയത്തില്‍ 12 ന് രാത്രി 7 മണിക്ക് സാംസ്‌കാരിക സമ്മേളനം പ്രശസ്ത നാടക സംവിധായകന്‍ ജയന്‍ തിരുമന ഉദ്ഘാടനം ചെയ്യും, പയ്യാവൂര്‍ ശിവക്ഷേത്രത്തിന്റെ ചരിത്രം ഡോക്യുഫിക്ഷന്‍ കവയിത്രി നവീന സുഭാഷ് പ്രകാശനം ചെയ്യും. സിനിമാ ഗാന രചയിതാവ് ഉദിനൂര്‍ മോഹനന്‍ സിഡി ഏറ്റുവാങ്ങും. തുടര്‍ന്ന് മയ്യില്‍ ഗ്രാമിക അവതരിപ്പിക്കുന്ന നാട്ടുകേളി അരങ്ങേറും. 13 ന് രാത്രി 10 ന് ശിവരാത്രി ദിവസം കണ്ണൂര്‍ നടനകലാക്ഷേത്രത്തിന്റെ നൃത്ത സംഗീതനാടകം ഭക്തമാര്‍ക്കാണ്ഡേയന്‍. 14 ന് 7 മണിക്ക് ഓട്ടന്‍തുള്ളല്‍, തുടര്‍ന്ന് നൃത്ത പരിപാടികള്‍ എന്നിവ നടക്കും. 15 ന് പയ്യന്നൂര്‍ കൃഷ്ണന്‍കുട്ടി അവതരിപ്പിക്കുന്ന ശീതങ്കന്‍ തുള്ളല്‍, നൃത്തനൃത്ത്യങ്ങള്‍, കോല്‍ക്കളി, 16 ന് രാത്രി 7 മണിക്ക് ചെറുതാഴം അഴീക്കോടന്‍ സ്മാരക കലാസമിതിയുടെ പൂരക്കളി, തുടര്‍ന്ന് ഓടക്കുഴല്‍ വായന എന്നിവ നടക്കും. 17 ന് ശിവരഞ്ജനി കലാക്ഷേത്രത്തിന്റെ നൃത്തനൃത്യങ്ങള്‍, 18 ന് അഞ്ജലി കലാക്ഷേത്രയുടെ നൃത്തസന്ധ്യ, 19 ന് നൃത്തോല്‍സവം, 20 ന് ദേശീയ അവാഡ് ജേതാവ രാജേഷ് ചന്ദ്രയുടെ മാജിക്ക് ഷോ എന്നിവ നടക്കും. 21 ന് സാംസ്‌കാരിക സമ്മേളനം കെ.സി. ജോസഫ് എംഎല്‍എ ഉത്ഘാടനം ചെയ്യും. സ്വാമി സന്ദീപാനന്ദഗിരി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് കണ്ണൂര്‍ സംഘചേതനയുടെ കോലം എന്ന സാമൂഹ്യ നാടകം, 22 ന് കോഴിക്കോട് കളിയരങ്ങിന്റെ നൃത്ത സംഗീത നാടകം രാവണന്‍ എന്നിവ അരങ്ങേറും. 23ന് രാത്രി 7 മണിക്ക് ശ്രീകണ്ഠപുരം സരിഗമ ഡാന്‍സ് സ്‌കൂളിന്റെ നൃത്തോല്‍സവം, 24 ന് പയ്യന്നൂര്‍ മലബാര്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.