എന്റെ പദ്ധതി: മൊബൈല്‍ ആപ്പിന് മികച്ച പ്രതികരണം

Friday 9 February 2018 9:26 pm IST

 

കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ 2018-19 ലേക്കുള്ള വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ നിന്ന് നേരിട്ട് പദ്ധതി നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി തയ്യാറാക്കിയ 'എന്റെ പദ്ധതി' മൊബൈല്‍ ആപ്ലിക്കേഷന് ലഭിച്ചത് മികച്ച പ്രതികരണം. പ്രകാശനം ചെയ്ത് ഒരാഴ്ചയ്ക്കകം എണ്‍പതിലേറെ നിര്‍ദേശങ്ങളും ആശയങ്ങളാണ് മൊബൈല്‍ ആപ്പ് വഴി ലഭിച്ചത്. ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതി രൂപീകരണത്തിന്റെ വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്തില്‍ നേരിട്ടെത്തി പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചവരുമുണ്ട്.

ഓരോ ദിവസവും ലഭിക്കുന്ന നിര്‍ദേശങ്ങളുടെ വ്യാപ്തി കണക്കിലെടുത്ത് ജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിക്കുന്നത് 15 വരെ നീട്ടിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. തദ്ദേശ സ്ഥാപനത്തിന്റെ പദ്ധതി രൂപീകരണത്തില്‍ ജനങ്ങളെ നേരിട്ട് പങ്കാളികളാക്കുന്നതിനുള്ള ആദ്യസംരംഭമെന്ന നിലയില്‍ മൊബൈല്‍ ആപ്പിന് ലഭിച്ച പ്രതികരണങ്ങള്‍ ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ സാധ്യമായവ ഈ വര്‍ഷം തന്നെ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. കൂടുതല്‍ തയ്യാറെടുപ്പുകള്‍ ആവശ്യമുള്ളവ അടുത്തവര്‍ഷങ്ങളിലേക്ക് മാറ്റിവയ്ക്കും. നിര്‍ദേശങ്ങളില്‍ കൂടുതല്‍ വ്യക്തത ആവശ്യമുള്ള കേസുകളില്‍ അവ സമര്‍പ്പിച്ചവരുമായി നേരിട്ട് ബന്ധപ്പെടുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. മൊബൈല്‍ പ്ലേസ്‌റ്റോറില്‍നിന്ന് 'എന്റെ പദ്ധതി' എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താണ് പദ്ധതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.