കാര്‍ഷിക സഹകരണ സംഘം കോമണ്‍ സോഫ്റ്റ് വെയര്‍ അഴിമതിക്ക് പിന്നില്‍ മുഖ്യമന്ത്രി: കെ.സുരേന്ദ്രന്‍

Friday 9 February 2018 9:28 pm IST

 

കണ്ണൂര്‍: കാര്‍ഷിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സുഗമമവും സുതാര്യവുമാക്കുന്നതിന് വേണ്ടി കോമണ്‍ സോഫ്റ്റ് വെയര്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുമ്പോള്‍ ഇതിന്റെ പേരില്‍ കേരളത്തില്‍ വന്‍ അഴിമതിക്ക് കളമൊരുങ്ങുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്രനിര്‍ദ്ദേശം മറികടന്ന് വലിയ തോതിലുള്ള അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കാനുമുള്ള നീക്കമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്നത്. കാര്‍ഷിക സഹകരണ സംഘങ്ങളില്‍ കോമണ്‍ സോഫ്റ്റ് വെയര്‍ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ഓരോ സംഘങ്ങള്‍ക്കും 10 ലക്ഷം രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. 

കേരളത്തില്‍ നിന്നുള്ള കെല്‍ട്രോണ്‍, ദിനേശ്, ഊരാളുങ്കല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സോഫ്റ്റ് വെയര്‍ പദ്ധതി നടപ്പാക്കാമെന്നിരിക്കെ ഹൈദരാബാദില്‍ നിന്നുള്ള ഇഫ്താസ് എന്ന കടലാസ് കമ്പനിക്ക് കരാര്‍ നല്‍കിയത് ദുരൂഹമാണ്. വ്യാപകമായ അഴിമതി നടത്തുന്നതിന് വേണ്ടി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ഇഫ്താസിന് വര്‍ക്ക് ഏല്‍പിച്ച് കൊടുത്തത്. സോഫ്റ്റ്‌വെയര്‍ ഡവലപ് ചെയ്യുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടുന്ന കടലാസ് കമ്പനിക്ക് പ്രവൃത്തി നല്‍കുകയായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇഫ്താസ് ആരുടെ സ്ഥാപനമാണ്, എന്താണ് സ്ഥാപനത്തിന്റെ വിശ്വാസ്യത, ആരൊക്കെയാണ് ഇതിന്റെ പ്രൊമോട്ടര്‍മാര്‍ എന്ന് പിണറായി വ്യക്തമാക്കണം. 

കമ്പനിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് വിവരാവകാശം ചോദിച്ചപ്പോള്‍ യാതൊരുവിധ വിശദീകരണവും ലഭിച്ചില്ല. ഇഫ്താസിന്റെ വിശ്വാസ്യത സംബന്ധിച്ചോ സോഫ്റ്റ് വെയര്‍ വര്‍ക്കുകള്‍ സംബന്ധിച്ചോ മുന്‍കാല പരിചയം സംബന്ധിച്ചോ വിവരങ്ങള്‍ ലഭ്യമല്ല. കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് ഇതര പ്രവര്‍ത്തനങ്ങളുമുണ്ട്. എന്നാല്‍ ഇത്തരം സംഘങ്ങളുടെ സോഫ്റ്റ് വെയര്‍ പ്രവൃത്തി ഏറ്റെടുത്ത ഇഫ്താസിന് നോണ്‍ ബാങ്കിങ് സംബന്ധിച്ച് വ്യക്തമായ സോഫ്റ്റുവെയറുകള്‍ ഇല്ല. ടാറ്റയുടെ സഹോദര സ്ഥാപനമായ മിലിറ്റോ എന്ന സ്ഥാപനത്തെയാണ് ഇഫ്താസ് പ്രവൃത്തികള്‍ ഏല്‍പിച്ചിരിക്കുന്നത്. ഇതിനകത്തും ദുരൂഹതയുണ്ട്. 

ബാങ്ക് അക്കൗണ്ടുകളിലെ ബാക്ക് ഹിസ്റ്ററി പൂര്‍ണ്ണമായും നഷ്ടപ്പെട്ട് പോകുന്നുവെന്നതാണ് ഇഫ്താസിന്റെ സോഫ്റ്റ് വെയറിന്റെ പ്രത്യേകത. 2016 നവംബര്‍ 8 ന് മുന്‍പ് നിക്ഷേപിച്ച എല്ലാ പണവും ഇ-ട്രാന്‍സാക്ഷന്‍ വഴി വെളുപ്പിച്ചെടുക്കാന്‍ ഇതിലൂടെ സാധിക്കും. കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ മുഖ്യമന്ത്രി കൂട്ട് നില്‍ക്കുകയാണ്. 22 കോടി രൂപ ചെലവഴിച്ച് പൈലറ്റ് പ്രൊജകറ്റ് എന്ന നിലയില്‍ ഇടുക്കി ജില്ലയില്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും ഇത് സമ്പൂര്‍ണ്ണ പരാജയമായിരുന്നു. ഐടി വിദഗ്ദരായ ആദിശേഷം, രാമനാഥന്‍ എന്നിവര്‍ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇഫ്താസ് ഇത്തരം സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച് നല്‍കാന്‍ യോഗ്യതയില്ലാത്ത സ്ഥാപനമാണെന്ന് വ്യക്തമായക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരം കോമണ്‍ സോഫ്റ്റ് വെയറിന്റെ പേരില്‍ നടക്കുന്ന അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റിനും വിജലന്‍സിനും കേന്ദ്ര കൃഷിവകുപ്പ് മന്ത്രിക്കും പരാതി നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.