പാഠപുസ്തക വിതരണം: സര്‍വര്‍ പണിമുടക്കുന്നത് പതിവാകുന്നു: കണക്ക് കൊടുക്കാന്‍ ബുദ്ധിമുട്ടി സ്‌ക്കൂള്‍ സഹകരണ സംഘം സെക്രട്ടറിമാര്‍

Friday 9 February 2018 9:32 pm IST

 

തളിപ്പറമ്പ്: 2018-19 വിദ്യാഭ്യാസ വര്‍ഷത്തേക്കാവശ്യമായ പാഠപുസ്തക വിതരണം സര്‍ക്കാര്‍ ആരംഭിച്ചു. എന്നാല്‍ കൈപ്പറ്റുന്ന പുസ്തകങ്ങളുടെ കണക്ക് പുസ്തകം കിട്ടുന്ന അന്നു തന്നെ മോണിറ്ററിങ് സിസ്റ്റത്തില്‍ അപ്‌ലോഡ് ചെയ്യണമെന്ന നിര്‍ദ്ദേശം പാലിക്കാനാകാതെ സ്‌ക്കൂള്‍ അധികൃതര്‍. സ്‌ക്കൂള്‍ സഹകരണ സംഘം സെക്രട്ടറിമാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സര്‍വ്വറില്‍ പ്രവേശിക്കാനാവാതെ വിഷമിക്കുകയാണ് സെക്രട്ടറിമാര്‍. ആഴ്ച്ചകളായി കണക്ക് നല്‍കുന്നതിന് ശ്രമിക്കുന്ന സ്‌ക്കൂള്‍ സഹകരണ സംഘം സെക്രട്ടറിമാര്‍ക്ക് നിരാശ മാത്രമാണ് ഫലം. പാഠപുസ്തക വിതരണം നടത്തേണ്ട സ്‌ക്കൂള്‍ സഹകരണ സംഘങ്ങള്‍ക്ക് ഒരു ചില്ലിക്കാശുപോലും നല്‍കാതെ അധ്യാപകനായ സെക്രട്ടറിയെ പീഡിപ്പിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു. പാഠപുസ്തക വിതരണത്തില്‍ അലംഭാവം കാണിച്ചാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഇടക്കിടെ സ്‌ക്കൂള്‍ സഹകരണ സംഘം സെക്രട്ടറിമാരെ സര്‍ക്കുലറിലൂടെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുക പതിവാണ്. 

സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍ അവരുടെ സ്‌ക്കൂള്‍ അംഗമല്ലാത്ത സഹകരണ സംഘത്തിലൂടെ പുസ്തകം നല്‍കണമെന്ന് ആവശ്യപ്പെട്ടാലും സര്‍ക്കാര്‍ അത് നല്‍കും. എന്നാല്‍ സഹകരണ സംഘം സെക്രട്ടറിമാര്‍ ഇത്തരം സ്‌ക്കൂളുകള്‍ പാഠപുസ്തകത്തിന് ആവശ്യപ്പെട്ടത് അറിയുന്നത് സ്വന്തം സംഘം പ്രവര്‍ത്തന പിരിധിയില്‍ വരുന്ന വിദ്യാലയങ്ങളിലേക്ക് ആവശ്യമായവയിലും കൂടുതല്‍ പാഠപുസ്തകങ്ങള്‍ സൊസൈറ്റിയില്‍ എത്തുമ്പോഴാണ്.

അടുത്ത വിദ്യാഭ്യാസ വര്‍ഷത്തേക്കാവശ്യമായ പാഠപുസ്തകങ്ങളില്‍ ചിലവ ജനുവരി- ഫിബ്രവരി മാസങ്ങളിലായി സ്‌ക്കൂള്‍ സഹകരണ സംഘങ്ങളില്‍ കെബിപിഎസ് എത്തിച്ചിട്ടുണ്ട്. അവ സംഭരിച്ചുവെക്കാന്‍ മിക്ക സ്‌ക്കൂള്‍ സഹകരണ സംഘങ്ങളിലും സ്ഥലമില്ല. പുസ്തകത്തിന് ആവശ്യപ്പെട്ട വിദ്യാലയങ്ങള്‍ക്ക് നല്‍കി സ്ഥലമുണ്ടാക്കാം എന്നു കരുതിയാല്‍ അടുത്ത വര്‍ഷത്തേക്കാവശ്യമായ പുസ്തകമായതിനാല്‍ സ്‌ക്കൂളില്‍ കൊണ്ടുപോയി വെക്കാന്‍ മിക്ക സ്‌ക്കൂള്‍ അധികൃതരും തയ്യാറാകുന്നുമില്ല. അതിനിടെ 1 മുതല്‍ 8 വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ സ്‌ക്കൂള്‍ സഹകരണ സംഘങ്ങളില്‍ നിന്നും എടുത്ത് വേനലവധിക്ക് സ്‌ക്കൂള്‍ അടയ്ക്കുന്നതിനു മുമ്പ് കുട്ടികള്‍ക്ക് നല്‍കണമെന്ന ഒരു നിര്‍ദ്ദേശം സംസ്ഥാന പാഠപുസ്തക ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും ഉണ്ടായിട്ടുണ്ട്. എത്ര സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍ ഇതിനനുസരിച്ച് പ്രവര്‍ത്തിക്കും എന്ന് കണ്ടറിയേണ്ട സ്ഥിതിയാണ്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.