നാലു ചക്രവാഹനമുളളവരെയും ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുളള വീടുളളവരെയും ഒഴിവാക്കാനുളള പരിശോധനകള്‍ ആരംഭിച്ചു

Friday 9 February 2018 9:32 pm IST

 

തളിപ്പറമ്പ്: മുന്‍ഗണനാപട്ടികയില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുഴുവന്‍ പുറത്താക്കിയതിനു പിന്നാലെ നാലുചക്രവാഹനമുളളവരെയും ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുളള വീടുളളവരെയും ഒഴിവാക്കാനുളള പരിശോധനകള്‍ തളിപ്പറമ്പ് താലൂക്കില്‍ ആരംഭിച്ചു. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും, തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും ലഭ്യമായ ലിസ്റ്റ് പ്രകാരമാണ് പരിശോധന ആരംഭിച്ചത്. 

ആദ്യദിവസത്തെ പരിശോധനയില്‍ തന്നൈ ഹുണ്ടായ് ക്രീറ്റ അടക്കം ആഡംബര കാറുകളുളള മുന്‍ഗണനാ വിഭാഗക്കാരെയാണ് കണ്ടെത്തി. ഇവരില്‍ നിന്നും ഭക്ഷ്യഭദ്രതാ നിയമം നടപ്പിലായ അന്നുമുതല്‍ കൈപ്പറ്റിയ റേഷന്‍ വിഹിതത്തിന്റെ പൊതുവിപണി നിരക്കിലുളള തുകയും പിഴയും ഈടാക്കാന്‍ നോട്ടീസ് നല്‍കും. മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴിവാകാന്‍ വാഹനമുളളവര്‍ക്ക് മൊബൈല്‍ ഫോണ്‍ സന്ദേശം വഴി നേരത്തെ അവസരം നല്‍കിയിട്ടും ആയതിന് തയ്യാറാവാത്ത സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും കേരളത്തിലെ വാഹനമുളള മുഴുവന്‍ മുന്‍ഗണനാ വിഭാഗക്കാരുടെയും ഫോണ്‍ നമ്പരടക്കം വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പ് ശേഖരിച്ചത്. 

ഇതുകൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും താലൂക്കില്‍ ആയിരം ചതുരശ്ര അടിക്കുന്മേല്‍ വിസ്തീര്‍ണ്ണമുളള വീടുളളവരുടെ മുഴുവന്‍ ലിസ്റ്റും സപ്ലൈ ഓഫീസില്‍ ലഭിച്ചു കഴിഞ്ഞു. ആധാറും വസ്തുവിന്റെ ആധാരവും ബന്ധിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയാവുന്നതോടെ ഒരേക്കറിനുമേല്‍ ഭൂമിയുളള മുന്‍ഗണനയില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങളെയും ഒഴിവാക്കാനാവും. ഇതോടെ മുഴുവന്‍ അനര്‍ഹരെയും ലിസ്റ്റില്‍ നിന്നും പുറത്താക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നാലുചക്രവാഹനമുളളവരുള്‍പ്പെട്ട കാര്‍ഡുകളും ആയിരം ചതുരശ്ര അടിക്കുമേല്‍ വിസ്തീര്‍ണ്ണമുളള ഭവനമുളളവരും അംഗങ്ങള്‍ക്കെല്ലാം കൂടി ഒരേക്കറിനുന്മേല്‍ ഭൂമി കൈവശമുളളവരും ആദായ നികുതി ഒടുക്കുന്നവരും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അടിയന്തിരമായി താലൂക്ക് സപ്ലൈ ഓഫീസില്‍ കാര്‍ഡ് ഹാജരാക്കണമെന്നും റേഷന്‍ കടകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം അന്തിമഘട്ടത്തിലായതിനാല്‍ റേഷന്‍ കടകളില്‍ ലഭ്യമായ ലിസ്റ്റ് പരിശോധിച്ച് ആധാര്‍ നമ്പര്‍ നല്‍കിയിട്ടില്ലാത്തവര്‍ ആധാറിന്റെ പകര്‍പ്പ് അതത് റേഷന്‍ കടകളില്‍ എത്തിക്കേണ്ടതാണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്.സാബു ജോസ് അറിയിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.