ചെറുപുഴ ടൗണില്‍ മാലിന്യമിടുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി പഞ്ചായത്ത്

Friday 9 February 2018 9:33 pm IST

 

ചെറുപുഴ: ചെറുപുഴ ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യമിടുന്നത് വര്‍ദ്ധിച്ചു വരുന്നതിനാല്‍ കര്‍ശന നടപടികളുമായി പഞ്ചായത്ത്. 

കഴിഞ്ഞ ദിവസം ചെറുപുഴ പഞ്ചായത്ത് ഓഫീസിനായി കെട്ടിടം നിര്‍മ്മിക്കുന്നതിന് സമീപം നിരവധി പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യങ്ങള്‍ തള്ളിയിരുന്നു. കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍. ചില തുണിക്കടകളില്‍ നിന്നുള്ളവയാണ് ഇതെന്നാണ് കരുതുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക പദ്ധതി തന്നെ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് നടപ്പിലാക്കുമ്പോള്‍ ഇത്തരം പ്രവൃത്തികള്‍ക്കെതിരേ നടപടികളെടുക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

മാലിന്യമിടുന്നവരെ കണ്ടെത്തുന്നതിന് ചില നടപടികള്‍ സ്വീകരിച്ചതായും സൂചനയുണ്ട്. പുഴ തീരങ്ങളിലും കാര്യങ്കോട് പുഴയിലും റോഡരികിലും അടുത്തനാളുകളിലായി മാലിന്യമിടുന്നത് വര്‍ദ്ധിച്ചു വരികയാണ്. കൂടാതെ പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍ ടൗണുകളിലെ ഹോട്ടല്‍ മാലിന്യങ്ങള്‍ പന്നിഫാമുകളിലേയ്ക്ക് കൊണ്ടുവരുന്നു. ഇവയുടെ കൂടെയുള്ള പ്ലാസ്റ്റിക്, ഇ മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയും മലയോരത്തെത്തുന്നു. ഇവ അലക്ഷ്യമായി ഇടുകയാണെന്ന് പറയപ്പെടുന്നു. ഇങ്ങനെ മാലിന്യങ്ങള്‍ കൊണ്ടുവരുന്നവരെ നിരീക്ഷിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നിരിക്കുകയാണ്. പൊതു സ്ഥലത്ത് മാലിന്യങ്ങള്‍ ഇട്ടുവെന്ന് കാണിച്ച് ചെറുപുഴ പഞ്ചായത്ത് സെക്രട്ടറി ചെറുപുഴ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.