നൽകുമോ അറബിക്ക് ഖജനാവിൽനിന്ന്

കെ. കുഞ്ഞിക്കണ്ണന്‍
മറുപുറം
Saturday 10 February 2018 2:45 am IST
അറബികള്‍ക്ക് അതൃപ്തി വരുത്തുന്ന സംഭവങ്ങള്‍ ഉണ്ടായിക്കൂടാ? ഉണ്ടായാല്‍ ചോറില്‍ മണ്ണിടുന്നതിന് സമാനമാകും. അറബിക്കിവിടെ എന്താണ് കാര്യം എന്ന് ചോദിച്ചത് പോലെ മലയാളികള്‍ ഇവിടെ വേണ്ടെന്ന് വാദമുയര്‍ന്നാല്‍ പ്രശ്‌നം ഗുരുതരമാകും. അതുകൊണ്ട് കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും രാഷ്ട്രീയത്തിനപ്പുറം ഒരു തീരുമാനത്തിലെത്തണം.

''എന്റെ മകന്റെ പേരില്‍ ദുബായില്‍ ഒരു കേസുമില്ല. നാട്ടിലുമില്ല. അവനൊരുതട്ടിപ്പും നടത്തിയിട്ടില്ല.'' മകന്‍ ബിനോയിയുമായി ബന്ധപ്പെട്ട് ദുബായില്‍നിന്നുള്ള വാര്‍ത്ത വന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ മറുപടിയാണിത്. സിപിഎം സെക്രട്ടറിയേറ്റിലും ഈ വിശദീകരണം നല്‍കി. തുടര്‍ന്ന് പാര്‍ട്ടി ഒരു പത്രക്കുറിപ്പും ഇറക്കി. പ്രശ്‌നം നിയമസഭയില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ''ഇതിന്റെ പിന്നില്‍ ഒരു ഗൂഢാലോചന ഉണ്ട്'' എന്നാണ്. ഒരു പ്രശ്‌നവുമില്ലെങ്കില്‍ എന്ത് ഗൂഡാലോചന? ആരൊക്കെയാണ് ഗൂഢാലോചന നടത്തിയത്? ഇതിനിടയില്‍ തന്നെയാണ് സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിശദീകരണം വന്നത്.

'കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി കോടിയേരിയുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. പാര്‍ട്ടിരീതി അനുസരിച്ച് അത് സംസ്ഥാന കമ്മറ്റിക്കയച്ചിരുന്നു. പരാതി കിട്ടിയാല്‍ പാര്‍ട്ടി സ്വീകരിക്കുന്ന 'രീതി' എന്താണ്. ഒരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞാല്‍ സംഗതി തീര്‍ന്നോ?

''മകന്‍ ദുബായിലുണ്ടല്ലൊ പ്രശ്‌നമെന്തെങ്കിലുമുണ്ടെങ്കില്‍ അവിടെ തീര്‍ത്താപ്പോരേ? അറബി എന്തിനാണിവിടെ ചുറ്റിക്കറങ്ങുന്നത് എന്നും കോടിയേരി ചോദിച്ചിട്ടുണ്ട്. ഇവിടം കൊണ്ട് തീരുന്നില്ലെങ്കില്‍ അവിടം കൊണ്ടുതന്നെ തീര്‍ക്കാമെന്ന് അറബിയും നിശ്ചയിച്ചതുപോലെയുണ്ട്. ബിനോയി ദുബായിവിടുന്നത് തടയപ്പെട്ടിരിക്കുകയുമാണല്ലൊ.

ധൈര്യമുണ്ടോ അറബിക്ക് പത്രസമ്മേളനം നടത്താനെന്ന് ബിനോയിയുടെ അനുജന്‍ ബിനീഷ് വെല്ലുവിളിച്ചിരിക്കുകയാണ്. ഇവന്മാരുടെ കോടികളുടെ ഇടപാടും ദുബായിലെ കേസുകളും അറബിയെ വെല്ലുവിളിക്കുകയുമെല്ലാം ചെയ്യുമ്പോള്‍ പേടിയാകുന്നു. കടലില്‍ നീന്തുന്ന ഞങ്ങളെ കുളത്തിന്റെ ആഴം പറഞ്ഞ് പേടിപ്പിക്കേണ്ടതില്ലെന്നു ബിനീഷ് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. 

മലയാളികളുടെ പത്തായമാണ് ഗള്‍ഫ് എന്ന് അവകാശപ്പെടാറുണ്ട്. ഗള്‍ഫു പണമാണ് കേരളത്തെ അന്നം മുടക്കാതെ കാത്തുരക്ഷിക്കുന്നത്. ദശലക്ഷക്കണക്കിന് മലയാളികളാണ് ഗള്‍ഫിലുള്ളത്. പ്രധാനം ദുബായിതന്നെ. ഗള്‍ഫില്‍ പോയവരെല്ലാം കോടീശ്വരരായിട്ടില്ല. ഗള്‍ഫില്‍ മുഴുപ്പട്ടിണിയും അരപ്പട്ടിണിയുമൊക്കെ കിടന്ന് മെല്ലെമെല്ലെ പച്ചപിടിച്ച് വന്നവരുണ്ട്. പാപ്പരായവരുടെ കണക്കും ചെറുതല്ല. നാട്ടില്‍ രാഷ്ട്രീയ പിടിപാടും മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആകാന്‍ സാധ്യതയുണ്ടെന്ന് കണ്ടാല്‍ അത്തരക്കാരുടെ മക്കളെ കൊത്തിക്കൊണ്ടുപോകാന്‍ കാത്തുനില്‍ക്കുന്നവരുണ്ട്. അത്തരത്തിലെത്തപ്പെട്ടവരല്ലേ കോടിയേരിയുടെ മക്കളെന്ന് ആരും സംശയിച്ചുപോകും.

പതിനഞ്ച് വര്‍ഷം മുമ്പാണ് ബിനോയി ദുബായിലേക്ക് വണ്ടി കയറിയത്. പിന്നാലെ അനുജന്‍ ബിനീഷും. അച്ഛന്‍ ആഭ്യന്തര-ടൂറിസം മന്ത്രിയായപ്പോഴാണ് മക്കളുടെ ദശ തെളിഞ്ഞത്. ദുബായില്‍ മക്കള്‍ക്കെന്താണ് ജോലി എന്ന ചോദ്യത്തിന് കോടിയേരി ബാലകൃഷ്ണനോ ബാലകൃഷ്ണനെ ന്യായീകരിക്കുന്ന സഖാക്കളോ ഉത്തരം നല്‍കിയിട്ടില്ല. 

ബംഗാള്‍ സിപിഎം, കേരളത്തിലെ പാര്‍ട്ടി സിപിഎമ്മിന് നാണക്കേടുണ്ടാക്കി എന്നഭിപ്രായപ്പെട്ടു കഴിഞ്ഞു. ദുബായില്‍ ഒരു തട്ടിപ്പും നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിക്കുന്ന സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ഫെബ്രുവരി 7ന് മുഖപ്രസംഗത്തില്‍ ഒരു കാര്യം സമ്മതിക്കുന്നുണ്ട്. ''സിപിഎമ്മും അതിന്റെ സംസ്ഥാന സെക്രട്ടറിയും ഈ വിഷയത്തില്‍ എങ്ങിനെ കുറ്റക്കാരനാകും? പ്രവാസി മലയാളികള്‍ ഉപജീവനത്തിനിടെ ഇത്തരം അനേകം കുരുക്കുകളില്‍ പെടാറുണ്ട്. അതിനപ്പുറം ഈ വിഷയത്തില്‍ മാനങ്ങള്‍ നല്‍കി സിപിഎമ്മിനേയും നേതൃത്വത്തേയും ഫിനിഷ് ചെയ്യാമെന്ന് നോക്കുന്നവരുണ്ടാകും''

ഏതായാലും കുരുക്കില്‍പെട്ടു എന്ന് സമ്മതിച്ചിരിക്കുകയാണ് പത്രം. കുരുക്ക് ചെറുതല്ല. 13 കോടിയുടേതാണ്. ബിനോയിയുടെ ചങ്ങാതിയും ഇടത് എംഎല്‍എയുടെ മകനുമായ ശ്രീജിത്ത് 10 കോടിയുടെ തട്ടിപ്പ് നടത്തി എന്നും പറയുന്നു.

അറബിക്ക് നഷ്ടപ്പെട്ട കാശ് കിട്ടിയാല്‍ മതി. പണം തരപ്പെടുത്തി ഗള്‍ഫില്‍ ഒത്തുതീര്‍പ്പാക്കാനുള്ള പ്രയത്‌നം തുടരുകയാണ്. മുഖ്യമന്ത്രി ഒകെ പറഞ്ഞാല്‍ പണം നല്‍കാന്‍ കോടീശ്വരന്മാര്‍ കാത്തുനില്‍ക്കുന്നു. അതിന് കേരളം എന്ത് വില നല്‍കേണ്ടിവരുമെന്നാണ് ആശങ്ക.

അറബികള്‍ക്ക് അതൃപ്തി വരുത്തുന്ന സംഭവങ്ങള്‍ ഉണ്ടായിക്കൂടാ? ഉണ്ടായാല്‍ ചോറില്‍ മണ്ണിടുന്നതിന് സമാനമാകും. അറബിക്കിവിടെ എന്താണ് കാര്യം എന്ന് ചോദിച്ചത് പോലെ മലയാളികള്‍ ഇവിടെ വേണ്ടെന്ന് വാദമുയര്‍ന്നാല്‍ പ്രശ്‌നം ഗുരുതരമാകും. അതുകൊണ്ട് കേരളത്തിലെ പ്രതിപക്ഷവും ഭരണപക്ഷവും രാഷ്ട്രീയത്തിനപ്പുറം  ഒരു തീരുമാനത്തിലെത്തണം. കോടിയേരിയുടെ മക്കളുടെയും എംഎല്‍എയുടെ മകന്റെയും പേരിലുള്ള കേസ് ഒതുക്കാന്‍ കേരളം പണം നല്‍കാന്‍ സമ്മതിക്കണം. മുഖ്യമന്ത്രി പാര്‍ട്ടി സമ്മേളനത്തിന് പോയ ഹെലികോപ്റ്റര്‍ വാടകയായ എട്ടുലക്ഷംരൂപ ഖജനാവില്‍നിന്ന് നല്‍കിയതുപോലെ ഈ കടവും വീട്ടണം. അതിന് ബക്കറ്റ് കിലുക്കാനൊന്നും പോകേണ്ട. 

ഇത്തവണത്തെ ബജറ്റില്‍ സിപിഎമ്മിന്(?) വേണ്ടി 21കോടിരൂപ നീക്കിവച്ചിട്ടുണ്ട്. 10 കോടി എകെജി സ്മാരകത്തിന്, 10കോടി പുന്നപ്ര-വയലാര്‍ സ്മാരകത്തിന്, ദാസ് കാപ്പിറ്റലിന്റെ വാര്‍ഷികാഘോഷത്തിന് ഒരുകോടി. കൂടാതെ അടുത്ത ലോകമലയാളസഭയ്ക്ക് 19 കോടി. ഇത് കടം വീട്ടാനായി ചെലവാക്കാന്‍ അനുമതിക്ക് നിയമസഭയില്‍ സംയുക്ത പ്രമേയം കൊണ്ടുവന്ന് പ്രശ്‌നം ഒതുക്കാം. പുതിയൊരു കീഴ് വഴക്കം സൃഷ്ടിച്ച് ഗള്‍ഫിലെ മലയാളികളുടെ മാനം കാക്കാം.

എകെജിക്ക് ദല്‍ഹിയിലും തിരുവനന്തപുരത്തും മാത്രമല്ല നാടാകെ സ്മാരകങ്ങളുണ്ട്. അതിനെക്കാള്‍ എകെജി സ്മരണ ജനങ്ങളുടെ ഹൃദയത്തിലുണ്ട്. പുന്നപ്രയിലും സ്മാരകമുണ്ട്. വേണമെങ്കില്‍ അടുത്തവര്‍ഷം ഇപ്പോള്‍ ബജറ്റില്‍ പറഞ്ഞത് ആവര്‍ത്തിക്കുകയും ചെയ്യാമല്ലോ. പണമില്ലാതെ മുണ്ടു മുറുക്കാന്‍ പറയുന്ന ധനമന്ത്രിയാണ് സ്മാരകത്തിന് ഒരു പഞ്ഞവും കാണിക്കാഞ്ഞത്. കെഎസ്ആര്‍ടിസിയെ ദീര്‍ഘകാലം സേവിച്ചവര്‍ക്ക് പെന്‍ഷനില്ല. പെന്‍ഷന്‍മാത്രം ആശ്രയിച്ചു കഴിയുന്നവര്‍ ആത്മഹത്യ ചെയ്യുന്നു. 15 ജീവനുകളാണ് ഇതുവരെ പോയത്. പ്രതീക്ഷ നല്‍കി സമരത്തില്‍ നിന്ന് തത്കാലം പിന്‍തിരിപ്പിച്ചു. എന്നിരുന്നാലും ഭാവി ഇരുണ്ടതാണ്. കറവ വറ്റിയ മാടുകളോടെന്നപോലെയാണ് പെന്‍ഷന്‍കാരോടുള്ള സര്‍ക്കാര്‍ സമീപനം. അതുപോട്ടെ, അറബിയെ പിണക്കാതിരിക്കാന്‍ പണം കണ്ടെത്താം. നടേ പറഞ്ഞതുപോലെ!!