കോട്ടയം മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററിന്റെ കുറവ് രോഗികളെ വലയ്ക്കുന്നു

Saturday 10 February 2018 2:00 am IST
ആര്‍പ്പൂക്കര: ആവശ്യത്തിനു വെന്റിലേറ്ററുകള്‍ ഇല്ലാത്തത് മെഡിക്കല്‍ കോളേജിലെത്തുന്ന അത്യാസന്ന നിലയിലുള്ള രോഗികളെ വലയ്ക്കുന്നു. സ്വകാര്യ ആശുപത്രികളില്‍നിന്നും ഗുരുതരാവസ്ഥയിലെത്തുന്ന പാവപ്പെട്ട രോഗികളെയാണ് ഇത് ഏറെ ബാധിക്കുന്നത്. ഇങ്ങനെയെത്തുന്ന രോഗികള്‍ക്ക് ആശുപത്രി വരാന്തയിലും മറ്റുമായി ഏറെനേരം കാത്തുകിടക്കേണ്ടിവരുന്നത് പലപ്പോഴും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നു.

 

ആര്‍പ്പൂക്കര: ആവശ്യത്തിനു വെന്റിലേറ്ററുകള്‍ ഇല്ലാത്തത് മെഡിക്കല്‍ കോളേജിലെത്തുന്ന അത്യാസന്ന നിലയിലുള്ള രോഗികളെ വലയ്ക്കുന്നു. സ്വകാര്യ ആശുപത്രികളില്‍നിന്നും ഗുരുതരാവസ്ഥയിലെത്തുന്ന പാവപ്പെട്ട രോഗികളെയാണ് ഇത് ഏറെ ബാധിക്കുന്നത്.  ഇങ്ങനെയെത്തുന്ന രോഗികള്‍ക്ക് ആശുപത്രി വരാന്തയിലും മറ്റുമായി ഏറെനേരം കാത്തുകിടക്കേണ്ടിവരുന്നത് പലപ്പോഴും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നു.

കഴിഞ്ഞ ദിവസം പുനലൂര്‍ സ്വദേശിയായ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍നിന്നും അതീവ ഗുരുതാരവസ്ഥയില്‍ കൊണ്ടുവന്നിരുന്നു. വെന്റിലേറ്റര്‍ സൗകര്യം മെഡിക്കല്‍ കോളേജില്‍ ലഭ്യമല്ലാതിരുന്നതിനാല്‍ മണിക്കൂറുകളോളം ആംബുലന്‍സില്‍തന്നെ കഴിയേണ്ടി വന്നു. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സിലാണ് രോഗിയെ കൊണ്ടുവന്നതിനാല്‍ അതില്‍ തന്നെ കിടത്തിയാണ് ചികിത്സ നല്‍കിയത്.

കാര്‍ഡിയോളജി വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടിയിരുന്ന യുവാവിന് വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാലാണ് വാര്‍ഡിനു പുറത്തു കിടക്കേണ്ടിവന്നത്. ഇത് ഏറെ വിവാദമായി. സ്വകാര്യ ആശുപത്രികളില്‍നിന്ന് അത്യാസന്ന രോഗികളെ കൊണ്ടുവരുന്നതിനു മുമ്പായി മെഡിക്കല്‍ കോളേജിലെ ബന്ധപ്പെട്ട വിഭാഗത്തില്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടോ എന്ന് അന്വേഷിച്ച ശേഷമാണ് ഇവിടേക്ക് കൊണ്ടുവരേണ്ടത്. എന്നാല്‍ പലപ്പോഴും സ്വകാര്യആശുപത്രി അധികൃതര്‍ ഇക്കാര്യം അന്വേഷിക്കാറില്ല. മെഡിക്കല്‍ കോളേജില്‍ എത്തികഴിയുമ്പോഴാണ് വെന്റിലേറ്റര്‍ ഒഴിവില്ലെന്ന കാര്യം അറിയുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി കാര്‍ഡിയോ തെറാസിക്, യൂറോളജി, ന്യൂറോളജി, ട്രോമാകെയര്‍, സര്‍ജറി ഐസിയു, ജനറല്‍ മെഡിക്കല്‍ വിഭാഗങ്ങളിലായി 59 വെന്റിലേറ്ററുകളാണുളളത്. ഇതെല്ലാം അത്യാസന്ന നിലയിലുള്ള രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയായിരിക്കും. ഈ അവസരത്തില്‍  പുറത്ത് നിന്ന് വരുന്ന വെന്റിലേറ്റര്‍ ആവശ്യമായി വരുന്ന രോഗികളെ പ്രവേശിപ്പിക്കുവാന്‍ അധികൃതര്‍ ഏറെ ബുദ്ധിമുട്ടുകയാണ്.

കഴിഞ്ഞ ശബരിമല തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍നിന്നും കൊണ്ടുവന്ന ഒരു അയ്യപ്പ ഭക്തനും വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്ത സാഹചര്യവുമുണ്ടായി. അന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ മാറ്റുവാനും പുതിയത് ഘടിപ്പിക്കുവാനുമുള്ള സാങ്കേതിക വിദഗ്ധരുടെ കുറവുകൊണ്ടാണ് മരണം സംഭവിച്ചത്. രാത്രിയില്‍ എത്തിയ രോഗിയെ കാര്‍ഡിയോളജി വാര്‍ഡില്‍ എത്തിക്കുവാന്‍ ഇതുമൂലം കഴിഞ്ഞില്ല. ഏറെനേരം കഴിഞ്ഞാണ് ഈ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റാനായത്.

വൈക്കത്തുനിന്നും കൊണ്ടുവന്ന രോഗിക്ക് വെന്റിലേറ്റര്‍ സൗകര്യമില്ലാതിരുന്നതിനാല്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകേണ്ടിവന്നതും അടുത്തനാളിലാണ്. മെഡിക്കല്‍ കോളേജിലെ ഓരോ വിഭാഗത്തിലും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വെന്റിലേറ്ററുകള്‍ ആവശ്യമായിവന്നിരിക്കുകയാണ്. ഇതിന് ആരോഗ്യവകുപ്പും മെഡിക്കല്‍ കോളേജ് അധികൃതരും സത്വര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.