ചരിത്ര വിജയത്തിന് ഇന്ത്യ

Saturday 10 February 2018 2:45 am IST

: തുടര്‍ച്ചയായ മൂന്ന് വിജയങ്ങളില്‍ ആത്മവിശ്വാസം വാനോളം ഉയര്‍ന്ന കോഹ്‌ലിയും കൂട്ടരും ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പുത്തന്‍ ചരിത്രം രചിക്കാനിറങ്ങുന്നു. ആറു മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയുമായി കൊമ്പുകോര്‍ക്കും. ന്യൂ വണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30 ന് കളി തുടങ്ങും.

വാണ്ടറേഴ്‌സില്‍ ഇന്ന് വിജയം പിടിച്ചാല്‍ കോഹ്‌ലിയുടെ ഇന്ത്യന്‍ ടീം ചരിത്രത്തിലേക്ക് നടന്നുകയറും. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യ പരമ്പര വിജയമാകും അത്.ആദ്യ മൂന്ന് മത്സരങ്ങളിലും വിജയക്കൊടി പാറിച്ച ഇന്ത്യ 3-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. 2010- 11 സീസണില്‍ ധോണി നയിച്ച ഇന്ത്യന്‍ ടീം 2-1 ന്റെ ലീഡ് നേടിയശേഷം 2-3 ന് പരമ്പര അടിയറവെച്ചു.

തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങുന്നത്. ഓപ്പണര്‍ രോഹിത് ശര്‍മ തുടര്‍ച്ചയായി പരാജയപ്പെടുന്നത് മാത്രമാണ് ഇന്ത്യക്ക് ആശങ്ക ഉയര്‍ത്തുന്നത്. ടീം വിജയം തുടരുന്ന സാഹചര്യത്തില്‍ ശര്‍മയെ തഴയാന്‍ സാധ്യതയില്ല. ഓപ്പണറായി രോഹിത് ഇറങ്ങുമെന്നാണ് പ്രതീക്ഷ.

മുന്‍ നിരക്കാരായ ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയുമൊക്ക അപാരഫോമിലാണ്. കേപ്ടൗണിലെ മൂന്നാം മത്സരത്തില്‍ ധവാനും കോഹ്‌ലിയും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. കോഹ്‌ലി സെഞ്ചുറിയുമായി പുറത്താകാതെ നിന്നു.

കൈക്കുഴ സ്പിന്നര്‍മാരായ യുവേന്ദ്ര ചഹലും കുല്‍ദീപ് യാദവുമാണ് ഇന്ത്യയുടെ ബൗളിങ്ങ് കരുത്ത്. മൂന്ന് മത്സരങ്ങളിലെ 30 വിക്കറ്റുകളില്‍ 21 ഉം ചഹലും കുല്‍ദീപുമാണ് വീഴ്ത്തിയത്. ന്യൂലന്‍ഡ്‌സില്‍ പ്രാദേശിക  സ്പിന്നര്‍മാരുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ പരിശീലനം നടത്തിയിട്ടും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനാകുന്നില്ല.

പരിക്കില്‍ നിന്ന് മോചിതനായി മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്‌സ് തിരിച്ചെത്തിയത് ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ പ്രതീക്ഷ നല്‍കുന്നു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമില്‍ കഴിഞ്ഞ ദിവസമാണ് ഡിവില്ലിയേഴ്‌സിനെ ഉള്‍പ്പെടുത്തിയത്. പരിചയ സമ്പന്നനായ ഡിവില്ലിയേഴ്‌സ് മിക്കവാറും മൂന്നാം നമ്പറില്‍ ബാറ്റു ചെയ്യും. ജീന്‍ പോള്‍ ഡുമിനി നാലാമനായി ഇറങ്ങും.

ഓപ്പണര്‍മാരായ ഹഷീം അംലയും മാര്‍ക്രമും മികച്ച തുടക്കം സമ്മാനിച്ചാല്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കാമെന്ന പ്രതീക്ഷയിലാണ് ദക്ഷിണാഫ്രിക്ക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.