വീടിന്‌ മുന്നില്‍ പാടം നികത്തിയിട്ടും വിഎസ്‌ കണ്ണടക്കുന്നു

Wednesday 20 July 2011 10:50 pm IST

ആലപ്പുഴ: പാടം നികത്തുന്നതിനെതിരെ വെട്ടിനിരത്തല്‍ സമരം നടത്തിയ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ ജന്മനാട്ടില്‍ ഏക്കറുകണക്കിന്‌ പാടം റിസോര്‍ട്ടുകാര്‍ നികത്തുന്നു. വിഎസിന്റെ വീട്‌ സ്ഥിതിചെയ്യുന്ന പുന്നപ്ര വടക്ക്‌ പഞ്ചായത്ത്‌ എട്ടാം വാര്‍ഡിലാണ്‌ സംഭവം. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി മിച്ചഭൂമി സമരത്തിനടക്കം തുടക്കം കുറിച്ച പൂന്തുരം പാടശേഖരമാണ്‌ റിസോര്‍ട്ടുകാര്‍ വ്യാപകമായി നികത്തുന്നത്‌.
നിലവില്‍ കൃഷി നടക്കുന്ന പാടശേഖരത്തില്‍ ഏക്കറുകണക്കിന്‌ നിലം ജെസിബി ഉപയോഗിച്ച്‌ നികത്തിക്കഴിഞ്ഞു. പാടശേഖര കമ്മറ്റിയും പ്രാദേശിക സിപിഎം നേതാക്കളും നിലം നികത്തുന്നതിനെതിരെ തുടക്കത്തില്‍ രംഗത്ത്‌ വന്നെങ്കിലും സിപിഎമ്മിലെ ചില ഉന്നത നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന്‌ പിന്മാറുകയായിരുന്നു. ഇതേ പഞ്ചായത്തില്‍ താമസിക്കുന്ന സ്ഥലം എംഎല്‍എ ജി.സുധാകരനും നിലം നികത്തല്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണ്‌. പ്രദേശവാസികള്‍ കൃഷി ഓഫീസര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കോണ്‍ഗ്രസ്‌ നേതാവായ വാര്‍ഡ്‌ മെമ്പറും പാടം നികത്തലിനെതിരെ പ്രതികരിക്കുന്നില്ല. പാടശേഖരത്തിന്‌ സമീപമുള്ള റിസോര്‍ട്ടുകാരാണ്‌ നികത്തുന്നതിനായി ചെളികൊണ്ട്‌ വരുമ്പുകള്‍ നിര്‍മിച്ചുതുടങ്ങിയത്‌.
2008ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരം അനധികൃതമായി നിലം നികത്തുന്നത്‌ തടവ്‌ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്‌. എന്നാല്‍ ദിവസങ്ങളായി പാടം നികത്തല്‍ തുടര്‍ന്നിട്ടും സിപിഎം ഭരിക്കുന്ന പഞ്ചായത്ത്‌ സമിതിയും നടപടിയെടുക്കാന്‍ തയാറാകുന്നില്ല.

പി.ശിവപ്രസാദ്‌