പാറ്റൂര്‍ കേസില്‍ സര്‍ക്കാര്‍ ഒത്തുകളിച്ചു: വി. മുരളീധരന്‍

Saturday 10 February 2018 2:45 am IST

തിരുവനന്തപുരം: പാറ്റൂരില്‍ ഭൂമി കൈയേറി ഫ്‌ളാറ്റ് നിര്‍മിച്ച കേസില്‍ ഇടത് സര്‍ക്കാര്‍ പ്രതികള്‍ക്കു വേണ്ടി ഒത്തുകളിച്ചെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരന്‍. ഇതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ കേസ് ഹൈക്കോടതി റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വാട്ടര്‍ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ, ഫ്‌ളാറ്റ് നിര്‍മിക്കാന്‍ പൈപ്പ് ലൈനുകള്‍ മാറ്റിക്കൊടുത്ത കേസാണ് ഇപ്പോള്‍ തള്ളിയത്.

ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ആവശ്യമായിരിക്കേ, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ അനുമതി മാത്രം ഉപയോഗിച്ചാണ് പാറ്റൂരില്‍ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചത്. ഇതിന് അന്നത്തെ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ പ്രത്യേക കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.

ആ കമ്മറ്റിയില്‍ വാട്ടര്‍ അതോറിറ്റിയില്‍ നിന്നുള്ള പ്രതിനിധിയായി ഉള്‍പ്പെടുത്തിയ എക്‌സിക്യുട്ടീവ് എഞ്ചിനീയറെ കൊണ്ട് ഒപ്പിടീച്ചാണ് പാറ്റൂരിലെ വിവാദ ഭൂമിയില്‍ നിന്ന് പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചത്. ഇതിലൂടെ അനധികൃതമായി പൈപ്പ് ലൈന്‍ മാറ്റാനായി എന്നു മാത്രമല്ല കൂടുതല്‍ സ്ഥലത്ത് ഫ്‌ളാറ്റ് പണിയാനും കൂടുതല്‍ വിലയ്ക്ക് വില്‍ക്കാനും സാധിച്ചു. ഈ ക്രമക്കേട് സിഎജി കണ്ടെത്തിയതിന്റെയും വിജിലന്‍സ് ജഡ്ജി നടത്തിയ രൂക്ഷമായ വിമര്‍ശനത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്.

 ഇക്കാര്യങ്ങള്‍ കൃത്യമായ രീതിയില്‍ ഹൈക്കോടതിയെ ബോധിപ്പിക്കാന്‍ ഇടത് സര്‍ക്കാര്‍ മനപ്പൂര്‍വം തയാറായില്ലെന്നു വേണം ഇപ്പേഴത്തെ വിധിയില്‍ നിന്നും മനസിലാക്കാന്‍. ഇതിലൂടെ കൈയേറ്റക്കാരെയും കേസിലെ പ്രതികളേയും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നു, അദ്ദേഹം പറഞ്ഞു. 

കൂടാതെ പെരുപ്പിച്ചു കാണിക്കുന്ന കണക്കുകളല്ലാതെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ യഥാര്‍ഥ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് പിന്നാലെ കെഎസ്ഇബിയിലും പെന്‍ഷന്‍ മുടങ്ങുമെന്ന മുന്നറിയിപ്പ് ആശങ്കയുളവാക്കുന്നതാണ്. 

ഒരു വര്‍ഷത്തിനുള്ളില്‍ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ലാഭത്തിലാക്കാനുള്ള തീരുമാനം കൈക്കൊണ്ട പിണറായി സര്‍ക്കാരിന് രണ്ടു വര്‍ഷക്കാലത്തിനിടെ കുറേ കണക്കുകള്‍ മാത്രമാണ് പുറത്തു വിടാനായത്. ഈ സ്ഥാപനങ്ങള്‍ക്കായി ക്രിയാത്മകമായി എന്തു ചെയ്തു എന്നവര്‍ പറയുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിനായുള്ള റിയാബിന്റെ നിര്‍ദേശങ്ങള്‍ പോലും സര്‍ക്കാര്‍ അട്ടിമറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.