സോഫ്റ്റ്‌വെയര്‍ കരാറില്‍ ദുരൂഹത: കെ. സുരേന്ദ്രന്‍

Saturday 10 February 2018 2:45 am IST

കണ്ണൂര്‍: കാര്‍ഷിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സുഗമവും സുതാര്യവുമാക്കാന്‍ പൊതുസോഫ്റ്റ്‌വെയര്‍ കൊണ്ടുവരാന്‍ കേന്ദ്രം ശ്രമിക്കുമ്പോള്‍ അതിന്റെ മറവില്‍  കേരളത്തില്‍ വന്‍ അഴിമതിക്ക് കളമൊരുങ്ങുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്രനിര്‍ദ്ദേശം മറികടന്ന് അഴിമതിക്കും കള്ളപ്പണം വെളുപ്പിക്കാനുമുള്ള നീക്കമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്നത്. കാര്‍ഷിക സഹകരണ സംഘങ്ങളില്‍ പൊതുസോഫ്റ്റ്‌വെയര്‍ നടപ്പാക്കാന്‍ ഓരോ സംഘത്തിനും 10 ലക്ഷം രൂപയാണ് കേന്ദ്രം അനുവദിച്ചത്. 

 കെല്‍ട്രോണ്‍, ദിനേശ്, ഊരാളുങ്കല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നടപ്പാക്കാമെന്നിരിക്കെ ഹൈദരാബാദിലെ ഇഫ്താസ് എന്ന കടലാസ് കമ്പനിക്ക് കരാര്‍ നല്‍കിയത് ദുരൂഹമാണ്. മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പര്യ പ്രകാരമാണ് ഇഫ്താസിന് കരാര്‍ നല്‍കിയത്. സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടുന്ന കടലാസ് കമ്പനിക്ക് പ്രവൃത്തി നല്‍കുകയായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇഫ്താസ് ആരുടെ സ്ഥാപനമാണ്, എന്താണ് സ്ഥാപനത്തിന്റെ വിശ്വാസ്യത, ആരൊക്കെയാണ് ഇതിന്റെ പ്രൊമോട്ടര്‍മാര്‍ എന്ന് പിണറായി വ്യക്തമാക്കണം. 

ടാറ്റയുടെ സഹോദര സ്ഥാപനമായ മിലിറ്റോ എന്ന സ്ഥാപനത്തെയാണ് ഇഫ്താസ് കരാര്‍ ഏല്‍പിച്ചിരിക്കുന്നത്. ഇതിലും ദുരൂഹതയുണ്ട്. ബാങ്ക് അക്കൗണ്ടുകളുടെ പഴയ വിവരങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട് പോകുന്നുവെന്നതാണ് ഇഫ്താസ് സോഫ്റ്റ് വെയറിന്റെ പ്രത്യേകത. 2016 നവംബര്‍ 8 ന് മുന്‍പ് നിക്ഷേപിച്ച എല്ലാ പണവും ഇ-ട്രാന്‍സാക്ഷന്‍ വഴി വെളുപ്പിച്ചെടുക്കാന്‍ ഇതിലൂടെ സാധിക്കും.  അന്വേഷണം തേടി എന്‍ഫോഴ്‌സ്‌മെന്റിനും വിജലന്‍സിനും കേന്ദ്ര കൃഷിമന്ത്രിക്കും പരാതി നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.