മൂന്ന് ഭീകരരെ കൊന്നു; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

Saturday 10 February 2018 7:50 am IST

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സുന്‍ജുവാന്‍ കരസേനാ താവളത്തില്‍ ഭീകരാക്രമണം, രണ്ടു സൈനികര്‍ക്ക് വീരമൃത്യു വരിച്ചു. സൈനികരും സ്ത്രീകളും കുട്ടികളും  അടക്കം  ആറു പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ കൊന്നു.

ജൂനിയര്‍ കമ്മീഷന്‍ഡ് ഒാഫീസര്‍ എം. അഷ്‌റഫ് മീറും മറ്റൊരു സൈനികനുമാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ വീരചരമം പ്രാപിച്ചത്. പരിക്കേറ്റ മൂന്നു സ്ത്രീകളെയും ഒരു കുട്ടിയേയും  സൈനികരെയും സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ അഞ്ചു മണിയോടെ ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടെ അഫ്‌സല്‍ ഗുരു സ്‌ക്വാഡിലെ മൂന്നു ഭീകരര്‍ 36-ാമത് ബ്രിഗേഡിന്റെ കുടുംബ ക്വാര്‍ട്ടേഴ്‌സിന്റെ പിന്‍ഭാഗം വഴി കടന്നുകയറി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. സൈനിക വേഷത്തിലായിരുന്നു ഭീകരര്‍. ആദ്യം കാവല്‍ക്കാരുടെ ബങ്കറാണ് ആക്രമിച്ചത്. അവര്‍ തിരിച്ചടിച്ചു. ഇതോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചു. 

ഇതിനിടയിലാണ് സൈനികര്‍ വീരമൃത്യു വരിച്ചതും പലര്‍ക്കും പരിക്കേറ്റതും. സൈന്യത്തിന്റെ വെടിയേറ്റാണ് മൂന്നു ഭീകരരും മരിച്ചത്. രാത്രി ഒമ്പത് മണിയോടെയാണ് മൂന്ന് ഭീകരരെയും കൊന്നൊടുക്കി ആക്രമണത്തിന് അന്ത്യം കുറിക്കാനായത്. ഭീകരര്‍ തങ്ങിയ സമുച്ചയത്തിന്റെ പലയിടങ്ങളിലും സ്ത്രീകളും കുട്ടികളുമുണ്ട് എന്നതിനാലാണ് സൈന്യത്തിന് വെടിയുതിര്‍ക്കാനോ മറ്റായുധങ്ങള്‍ പ്രയോഗിക്കാനോ കഴിയാതിരുന്നത്. വ്യോമസേനാ കമാന്‍ഡോകളും നിയന്ത്രണം തിരിച്ചടിക്കെത്തിയിരുന്നു. അതിനാല്‍ ഭീകരരെ വധിക്കാനുള്ള നീക്കം അതീവ ശ്രദ്ധയോടെയാണ് നടന്നത്. കോപ്ടറുകളും ഡ്രോണുകളും ഉപയോഗിച്ച് സൈന്യം നിരീക്ഷണം നടത്തുന്നുമുണ്ട്.

അതിനിടെ സൈന്യം പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ തോക്കുകളും മറ്റും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ജമ്മുകശ്മീരില്‍ ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. കരസേനാ താവളത്തിനടുത്തുള്ള സ്‌കൂളുകള്‍ തുറന്നില്ല.

പാര്‍ലമെന്റാക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നത് ഫെബ്രുവരി ഒന്‍പതിനാണെന്നും അതിനാല്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്നും ഇന്റലിജന്‍സ് മുന്നറിയപ്പ് നല്‍കയിരുന്നതാണ്. 2006ല്‍ ഇതേ ക്യാമ്പ് ഭീകരര്‍ ആക്രമിച്ചിരുന്നു. അന്ന് 12 സൈനികരുണ് വീരമൃത്യു വരിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തെ സുരക്ഷ ശക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കശ്മീര്‍ ഡിജിപിയെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.