ജനത്തെ തോല്‍പ്പിക്കുന്ന പോലീസ്

Saturday 10 February 2018 10:42 am IST

പ്രമുഖരുടെ മക്കളെ തട്ടിക്കൊണ്ടുപോയാല്‍ മാത്രമേ പോലീസ് അനേഷിക്കൂ എന്നുണ്ടോ. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുവെന്ന വാര്‍ത്തയില്‍ സംസ്ഥാനം മുഴുവന്‍ നടുങ്ങിയിരിക്കെ അതു തട്ടിപ്പാണെന്നു പറഞ്ഞ് പോലീസ് അന്വേഷണം മരവിവിപ്പിക്കുന്നതായി പരാതി. മന്ത്രിമാര്‍, രാഷ്ട്രീയക്കാര്‍, മറ്റ് ഉന്നതര്‍ എന്നിവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ മാത്രം ഉണര്‍ന്നെണീക്കുന്നതാണ് നമ്മുടെ പോലീസ് എന്നുവരികില്‍ അത് ജനദ്രോഹം തന്നെയാണ്. ജനങ്ങളുടെ പരാതി അന്വേഷിച്ച് അവരുടെ ആശങ്ക അകറ്റുന്നതിനുപകരം ജനം തട്ടിപ്പു പറയുകയാണെന്നു പ്രഖ്യാപിക്കാന്‍ പോലീസിന് ആരാണ് അധികാരം കൊടുത്തത്. മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് സംസ്ഥാനത്ത് കുട്ടിക്കളെ തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടക്കുന്നില്ലെന്നാണ്. ഉത്തരവാദിത്തമില്ലാത്ത ചില പോലീസുകാര്‍ പറയുന്നതുകേട്ട് മുഖ്യമന്ത്രി തള്ളിക്കളയേണ്ടതാണോ ജനത്തിന്റെ ആശങ്ക. നേരത്തേയും മുഖ്യമന്ത്രി ഇങ്ങനെ  ഇല്ല എന്നു പറഞ്ഞ പലകാര്യങ്ങളും പിന്നീട് ഉണ്ടെന്നു പറയേണ്ടി വന്നിട്ടുണ്ട്.

      കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്നു പരാതി നല്‍കുന്നവരെപ്പോലും ചില പോലീസുദ്യോഗസ്ഥര്‍ അപമാനിച്ചുവിടുന്നുവെന്നാണ് വാര്‍ത്ത. തട്ടിക്കൊണ്ടുപോകല്‍ ശ്രമവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് നിത്യവും മാധ്യമങ്ങളില്‍ വരുന്നത്. ഇതൊക്കെ തട്ടിപ്പാണെന്നു പറയുന്ന പോലീസിനെ വിശ്വസിക്കുന്ന സര്‍ക്കാര്‍ എന്തുതരം സര്‍ക്കാരാണ്. പോലീസില്‍ സര്‍ക്കാരിനു പിടിയില്ലാത്തതും സര്‍ക്കാരിനെ ഭരിക്കുന്ന പോലീസ് നിലനില്‍ക്കുന്നതുമാണ് ഇത്തരം ദുര്‍ഗതിക്കുകാരണം.നിലവില്‍ ഭരണമില്ലാത്ത അവസ്ഥയാണ് കേരളത്തില്‍. കോടിയേരിയുടെ മക്കള്‍ തട്ടിപ്പുകാരാണെന്നു വന്നതോടുകൂടി സര്‍ക്കാര്‍ തന്നെ ഇല്ലാത്ത പോലെയാണ് കാര്യങ്ങള്‍.പിന്നെന്തു ജനം...എന്തു പരാതി!

       അതി മിടുക്കന്മാരായ പോലീസും കൊള്ളരുതായ്മക്കാരായ പോലീസും നമുക്കുണ്ട്. പോലീസ് എന്തു മിടുക്കുകാട്ടിയാലും അതിനെ ഇത്തരം പോലീസ് ക്രിമിനലുകള്‍ കരിതേക്കും ഇത്തരക്കാരാണ് ജനത്തിനെതിരെ പ്രവര്‍ത്തിച്ച് സര്‍ക്കാരിനെ വെട്ടിലാക്കുന്നത്. ഡിജിപിയോടുപോലും കുതിരകേറാന്‍ കെല്‍പ്പുള്ള  പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉണ്ടെന്നു പറയുമ്പോള്‍ എന്തു പോലീസ്!

      ഇടതു ഭരണം ഉണ്ടാകുമ്പോഴെല്ലാം പോലീസ് ജനത്തിനു കൂടുതല്‍ എതിരാവുകയും സര്‍ക്കാരിന്റെ ഭാഗമാകുകയുമാണ് പതിവ്. എന്നാല്‍ ഇത്തവണ പോലീസ് കൂടുതല്‍ ജനശത്രുവാകുകയും സര്‍ക്കാരിനു പോലീസില്‍ ഒരുപിടിയും ഇല്ലാതാവുകയുമാണ് ചെയ്തിരിക്കുന്നത്. പോലീസ് പറയുന്ന മണ്ടത്തരങ്ങളും നുണകളും വിശ്വസിച്ച് ജനത്തിന്റെ തലയില്‍ക്കേറാനൊരു മുഖ്യമന്ത്രിയും.ഇനിയും മൂന്നര വര്‍ഷം ഈ സര്‍ക്കാരിനെ ചുമക്കണം. അതിനിടയില്‍ എന്നാണാവോ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനത്തിനായി ഒരു ദിവസമെങ്കിലും ഭരിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.