ശിവസന്ദേശം

Saturday 10 February 2018 11:25 am IST

ദേശീയവും പ്രാദേശികവുമായ അനവധി ഉത്സവങ്ങളുടെ നാടാണല്ലോ ഭാരതം. പക്ഷേ ആഘോഷങ്ങളില്‍ മാഹാശിവരാത്രി വേറിട്ടതു തന്നെയാണ്. ആര്‍ഭാടവും ആഘോഷവുമല്ല, ജാഗരണത്തിനും ഉപവാസത്തിനും ഊന്നല്‍ നല്‍കിയിരിക്കുന്നു. ആദ്ധ്യാത്മിക രഹസ്യങ്ങളുടെ ചിന്തനങ്ങളാണ് ശിവരാത്രിയില്‍ നടക്കുന്നത്. ജ്ഞാനധാരണത്തിനുള്ള ഒരവസരം കൂടിയാണത്. മറ്റ് ഉത്സവങ്ങളില്‍ നിന്ന്ശിവരാത്രിയുടെ പ്രത്യേകത, ജാഗരണത്തിനും ഉപവാസത്തിനും ഊന്നല്‍ നല്‍കുന്നു എന്നതു തന്നെയാണ്. 

സാധാരണ ദേവീദേവന്‍മാരുടെ ക്ഷേത്രങ്ങളില്‍ നിന്ന്‌വ്യത്യസ്തമായി ശിവക്ഷേത്രങ്ങളില്‍ ശിവനെ, ലിംഗരൂപത്തിലാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ആദ്യത്തെ ശിവക്ഷേത്രം ഗുജറാത്തിലെ സോമനാഥ ക്ഷേത്രമാണ്. ഈ പ്രതിഷ്ഠയെകുറിച്ചും ഒരു ഐതിഹ്യമുണ്ട്‌. വിക്രമാദിത്യ രാജാവിന് ഒരു ദിവസം പൗര്‍ണ്ണമി നിലാവിന്റെ നിറത്തിലുള്ള ദിവ്യമായ പരമാത്മാവിന്റെ ദര്‍ശനം കിട്ടിയതായും,  ആ ദര്‍ശനം എപ്പോഴും അനുഭവിക്കുവാനായി വജ്രം കൊണ്ട് അണ്ഡാകൃതിയില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതായും പറയപ്പെടുന്നു. അതിനാലാണ് പരമേശ്വരന്റെ ഓര്‍മ്മ ചിഹ്നമായി അതുമാറിയത്.

ശിവജ്യോതിര്‍ലിംഗം എന്ന പേരില്‍തന്നെ ജ്യോതിസ്വരൂപം അടങ്ങിയിരിക്കുന്നുണ്ടല്ലോ. ശിവന്‍ അര്‍ത്ഥം മംഗളകാരി. ജ്യോതി അര്‍ത്ഥം പ്രകാശം. ലിംഗം അര്‍ത്ഥം അടയാളം. ജ്യോതിസ്വരൂപനെ പൂജാസൗകാര്യാര്‍ത്ഥം ശിവലിംഗമാക്കി. ആദ്യം ശിവലിംഗം നിര്‍മ്മിച്ചത് വജ്രം കൊണ്ടും, സ്ഫടികം കൊണ്ടുമായിരുന്നു. അതെല്ലാം കൊള്ളയടിക്കപ്പെട്ടു. പിന്നീട്ശിലയിലായി. ജ്യോതിസ്വരൂപനായ പരമാത്മാവ് നമ്മുടെയെല്ലാം മാതാവും പിതാവുമാണ്. ജ്യോതിര്‍ലിംഗം എന്ന് പറയുമ്പോള്‍ പരംപിതാ പരമാത്മാവിനെ തന്നെയാണ് ഓര്‍ക്കേണ്ടത്.

ശിവ പൂജയ്ക്കും ഏറെ പ്രത്യേകതകളുണ്ട്പ്രാചീന കാലം മുതല്‍ മനുഷ്യര്‍ ശിവപൂജചെയ്തു വരുന്നു. പുണ്യ ജലം തുള്ളികളായി ലിംഗത്തില്‍ ധാര ചെയ്യുന്നു. സദാ പരമാത്മാവിന്റെ ഓര്‍മ്മ മനസ്സില്‍ കിനിയണം. അഭിഷേകത്തിന് പാല്, തൈര്, തീര്‍ത്ഥംമുതലായവയുണ്ട്. കള്ളവും കളങ്കവുമില്ലാത്ത മനസ്സിന്റെ പ്രതീകമാണവയെല്ലാം.അര്‍ച്ചനയ്ക്ക് അരളിയുംകൂവളത്തിലയുമാണ് ഉപയോഗിക്കുന്നത്.ദുര്‍ഗുണങ്ങളും, മോശമായസ്വഭാവങ്ങളും ഭഗവാന് സമര്‍പ്പിക്കുന്നതിന്റെ പ്രതീകമാണിത്. ലിംഗത്തില്‍ മൂന്ന് ഭസ്മക്കുറികളും മദ്ധ്യഭാഗത്തായി കുങ്കുമതിലകവുമുണ്ട്. പരമാത്മാവിന്റെ സൃഷ്ടി, സ്ഥിതി, സംഹാര പ്രക്രിയകളുടെ മദ്ധ്യവര്‍ത്തികളായ ബ്രഹ്മാ, വിഷ്ണു, ശങ്കരന്‍മാരുടെ പ്രതീകമാണിത്.

ഭാരതത്തില്‍ പുരാതനമായതും, വിശിഷ്ടമായതുമായ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളുണ്ട്. ഭാരതത്തിന്റെ നാനാ കോണുകളിലുമായി അവ വിന്യസിക്കപ്പെട്ടിരിക്കുന്നു. ശിവ പരമാത്മാവിന്റെ കര്‍ത്തവ്യങ്ങളെ കുറിച്ചും മഹിമകളെക്കുറിച്ചുമെല്ലാം ഈ ക്ഷേത്രങ്ങള്‍ വിളംബരം ചെയ്തുകൊണ്ടിരിക്കുന്നു. സോമനാഥ ക്ഷേത്രം, കാശിയിലെ വിശ്വനാഥ ക്ഷേത്രം, രാമേശ്വരത്തെ ശിവപ്രതിഷ്ഠ മുതലായവ ഏറെ പ്രസിദ്ധമായവയാണ്. വിശ്വനാഥന്റെ അര്‍ത്ഥം ആ വാക്കില്‍ തന്നെയുണ്ട്.

സര്‍വ്വ ആത്മാക്കളുടെയും പിതാവാണവിടുന്ന്. ആത്മാക്കള്‍ക്ക്‌ സ്ത്രീ പുരുഷഭേദമില്ല, വര്‍ഗ്ഗവ്യത്യാസമില്ല, ധര്‍മ്മ വ്യത്യാസമില്ല. ആത്മാക്കളുടെ നാഥന്‍ പരമാത്മാ, കോടിക്കണക്കിന് ആത്മാക്കളുടെയും നാഥന്‍. അതിനാല്‍ എല്ലാവരും സഹോദരനും, സഹോദരിയുമാണ്. സോമനാഥന്റെ അര്‍ത്ഥം തന്നെ സോമരസം പ്രദാനം ചെയ്ത നാഥന്‍. ജ്ഞാനമാകുന്ന അമൃത്. ജ്ഞാനാമൃത് തന്ന  നാഥന്‍ തന്നെ വൈദ്യനാഥനായതും. ശരീരത്തെ ചികിത്സിക്കുന്ന സാധാരണ ഡോക്ടറും പറയാറുണ്ടല്ലോ, ഇനിയെല്ലാം ഈശ്വരന്റെ കൈയ്യിലാണ്എന്ന്. രോഗങ്ങളെയും, സംഘര്‍ഷങ്ങളെയും, അശാന്തികളെയും എല്ലാംഹരിച്ച്‌ സുഖം പ്രദാനം ചെയ്യാന്‍ വൈദ്യനാഥന് കഴിയും.

ശിവ ക്ഷേത്രങ്ങളില്‍ ശ്രദ്ധേയമായ ചില കാര്യങ്ങളുണ്ട്. ശ്രീകോവിലിനകത്ത്ശിവലിംഗ പ്രതിഷ്ഠ. അടുത്തുതന്നെയോ കുറച്ചുമാറിയോ ധ്യാനരൂപത്തിലിരിക്കുന്ന ശ്രീശങ്കരനെയും കാണാം. രാധാകൃഷ്ണനെയും, ലക്ഷ്മീനാരായണനെയും പോലെ ശിവശങ്കരന്‍ എന്നാണ്‌സങ്കല്‍പ്പം. എന്നാല്‍ ശിവനും ശങ്കരനും തമ്മില്‍ അന്തരംഉണ്ട്. പ്രകാശരൂപിയായ ഭഗവാന്‍ മംഗളകാരി ശിവലിംഗ രൂപത്തിലായിരിക്കും. ശ്രീശങ്കരന്‍ പരമപിതാവിനെ, മംഗളകാരിയെ ധ്യാനിക്കുന്ന യോഗേശ്വരന്‍. ഭക്തരും ജീവാത്മാക്കളുമായ നമ്മെ തന്നെയാണ് ശ്രീശങ്കരന്‍ പ്രതിനിധീകരിക്കുന്നത്. നമ്മളെല്ലാം കര്‍മ്മയോഗികളാണ്. തലയിലെ ജഢയില്‍ നിന്ന്ജ്ഞാനഗംഗ പ്രവഹിക്കുന്നു. അത്ആത്മജ്ഞാനത്തെ കാണിക്കുന്നു. മൂന്നാംകണ്ണ് തുറന്നിരിക്കുന്നു. ഭ്രൂമദ്ധ്യത്തിലെ തുറന്ന മൂന്നാംകണ്ണ് ഞാന്‍ ആത്മാവ് എന്ന ലഹരിയില്‍പാതി അടഞ്ഞ നിലയില്‍മറ്റു രണ്ട് കണ്ണുകള്‍. കഴുത്തിലെ നാഗങ്ങള്‍ ഇന്ദിയവിഷയാസക്തികളാണ്. അത്‌വിഷകാരികളാണ്. അതിനെ നിയന്ത്രിച്ച്‌ വരുതിയിലാക്കിയിരിക്കുന്നു.

പഞ്ചവികാരങ്ങളുടെയും മേല്‍ നിയന്ത്രണം. കുടുംബ ജീവിതം നയിക്കുമ്പോള്‍ വികാരവിക്ഷോഭങ്ങള്‍ക്ക്കീഴ്‌വഴങ്ങാതെ പവിത്രമായ കര്‍മ്മയോഗീ ജീവിതം നയിക്കാനുള്ള പരോക്ഷമായ ഒരാഹ്വാനം. ഭക്തന് പവിത്രമായി ജീവിച്ചുകൊണ്ട് പരമാത്മാവുമായി ഏത്‌ രീതിയില്‍ ബന്ധം പുലര്‍ത്താം എന്നതിന് ഉദാഹരണമാണ് ശ്രീശങ്കരന്‍. ശ്രീശങ്കരന്റെ കുടുംബം ശ്രീ പാര്‍വ്വതിയും ഗണപതിയും മുരുകനുമാണ്.

ഇവരും ധ്യാനിക്കുന്നത് ശിവലിംഗത്തെ തന്നെയാണ്. കണ്ടിട്ടില്ലേ, ശിവലിംഗത്തെ കെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്ന ഗണപതിയുടെ ചിത്രം. എല്ലാ ദേവീദേവതകളും ആരാധിക്കുന്നത് പരമപിതാവിനെ തന്നെയാണ്. അതുകൊണ്ടാണ് ഭഗവാന്‍ ദേവാധിദേവനായത്. രാമേശ്വരത്തില്‍ ശിവ പ്രതിഷ്ഠ നടത്തിയത് ശ്രീരാമനാണ്. രാവണനുമായുള്ള യുദ്ധത്തിനു മുമ്പ് പ്രതിഷ്ഠ നടത്തി ധ്യാനിച്ചിരുന്നു. വിഷ്ണുവും അനന്തശയനത്തില്‍ കിടന്നുകൊണ്ട്ശിവലിംഗത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന ചിത്രമുണ്ട്. 

ശിവരാത്രി ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. രാത്രി എന്ന ശബ്ദം അതാണ്. ഭൂമിയില്‍ മുഴുവനായിട്ടും രാത്രി എന്നൊരവസ്ഥ ഇല്ലല്ലോ. രാത്രി എന്ന് പറയുന്നത് വര്‍ത്തമാന കാലഘട്ടത്തെയാണ്. മനുഷ്യ മനസ്സുകളില്‍ ഇരുട്ടടഞ്ഞിരിക്കുന്നു. വര്‍ത്തമാന കാലംകലികാലമാണ്. അകത്തും പുറത്തും ഇരുട്ടാണ്. അജ്ഞാനത്തിന്റെ, ദുര്‍വാസനകളുടെ, ക്രൂരഭാവങ്ങളുടെ എല്ലാംകൂടി കട്ട പിടിച്ച ഇരുട്ട്. ആത്മജ്ഞാനത്തിന്റെ അഭാവം, തിരിച്ചറിവുകള്‍ ഉള്‍ക്കൊള്ളുന്നില്ല. ശരീരവും, മനസ്സും, പഞ്ചഭൂതങ്ങളും ചുട്ടുപ്പൊള്ളുകയാണിവിടെ. അപ്പോഴാണ് ഭഗവാന്‍ അവതരിക്കുക, കല്പാന്തകാലത്ത്. ആ ഈശ്വരീയ സാന്നിദ്ധ്യം ഇവിടെ ഗുപ്തരൂപത്തില്‍ നടന്നുകൊണ്ടിരിക്കുന്നു.

യുഗങ്ങളില്‍ നല്ലുകലിയുഗം എന്നു പറയുന്നത് ഭഗവാന്റെ അവതാരണം കൊണ്ടാണ്. ഇപ്പാഴാണ് നമ്മള്‍ ജാഗരണം ചെയ്യേണ്ടത്. ആത്മാജാഗ്രതാവസ്ഥ. ധര്‍മ്മത്തിന് ഗ്ലാനി സംഭവിച്ച ഈ സമയത്ത്തന്നെയാണ്ജാഗ്രതാവസ്ഥയില്‍ കഴിയേണ്ടത്. സ്വയത്തെ അറിഞ്ഞ് നിമിഷങ്ങളും ദിനങ്ങളും കടന്നുപോകണം. ശിവരാത്രിയിലെ ഉപവാസത്തിന്റെയും അര്‍ത്ഥം അതുതന്നെ. കൂടെവസിക്കുക. ഭഗവാന് അരികില്‍ തന്നെ ഇരിക്കുക. അപ്പോള്‍ ആത്മബോധം ഉണരും. ജീവിതത്തിന്റെയും ജഗത്തിന്റെയും പൊരുളും പഴമയും ചുരുളഴിയും. അപ്പോള്‍ സച്ചിദാനന്ദ മൂര്‍ത്തിയെ ഉള്‍ക്കൊള്ളാനുമാകും. ഇതില്‍കൂടുതലെന്തുവേണം !

 

(ചീഫ്‌കോര്‍ഡിനേറ്റര്‍,രാജയോഗ മെഡിറ്റഷന്‍ കേന്ദ്രങ്ങള്‍ , പാലക്കാട്മലപ്പുറം ജില്ല 9446820448)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.